ലഡാക്ക്: ലഡാക്കിലെ ലേയ്ക്ക് സമീപം താങ്സ്റ്റെ മലനിരകളിൽ ഇന്ത്യൻ കരസേനയുടെ ചീറ്റ ഹെലികോപ്റ്റർ തകർന്നു വീണു. ബുധനാഴ്ച നടന്ന അപകടത്തിന്റെ വിവരങ്ങൾ വെള്ളിയാഴ്ചയാണ് സൈന്യം ഔദ്യോഗികമായി പുറത്തുവിട്ടത്. 3 ഇൻഫൻട്രി ഡിവിഷൻ ജനറൽ ഓഫീസർ കമാൻഡിങ് ആയ മേജർ ജനറൽ സച്ചിൻ മേത്തയും രണ്ട് പൈലറ്റുമാരുമായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അത്ഭുതകരമെന്നു പറയട്ടെ, മൂന്നുപേരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടത്തിന് പിന്നാലെ മേജർ ജനറൽ സച്ചിൻ മേത്ത പകർത്തിയ ഒരു സെൽഫി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഈ ചിത്രം സൈനികരുടെ ധൈര്യത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അപകടകാരണം കണ്ടെത്താൻ സൈന്യം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

1970-കൾ മുതൽ ഇന്ത്യൻ സൈന്യത്തിന്റെ അഭിഭാജ്യഘടകമാണ് ചീറ്റ ഹെലികോപ്റ്ററുകൾ. 1984-ലെ ഓപ്പറേഷൻ മേഘദൂത് ഉൾപ്പെടെയുള്ള സിയാച്ചിൻ ഗ്ലേസിയറിലെ നിർണ്ണായക നീക്കങ്ങളിൽ ഈ ഹെലികോപ്റ്ററുകൾ വഹിച്ച പങ്ക് വളരെ വലുതാണ്. എന്നാൽ, കാലപ്പഴക്കം ചെന്ന ഇവ അടുത്തിടെയായി തുടർച്ചയായ അപകടങ്ങളിൽപ്പെടുന്നത് സേനയ്ക്ക് വലിയ ആശങ്കയാകുന്നുണ്ട്.
പഴക്കം ചെന്ന ചീറ്റ, ചേതക് ഹെലികോപ്റ്ററുകളെ അടുത്ത ദശകത്തിനുള്ളിൽ പൂർണ്ണമായും സേനയിൽ നിന്ന് ഒഴിവാക്കാൻ ഇന്ത്യൻ സൈന്യം പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ നിന്നും 250 പുതിയ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ വാങ്ങാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

