Sat. Nov 21st, 2026

പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിക്ക് യോഗി സര്‍ക്കാര്‍ നല്‍കിയ ഒരു ലക്ഷം രൂപയുടെ ചെക്ക് മടങ്ങി. പണമില്ലാത്ത ചെക്ക് സമര്‍പ്പിച്ചതിന് വിദ്യാര്‍ത്ഥിയില്‍ നിന്ന് ബാങ്ക് പിഴയീടാക്കുകയും ചെയ്തു. യങ് സ്ട്രീം ഇന്റര്‍ കോളജില്‍ നിന്ന് പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ അലോക് മിശ്ര എന്ന വിദ്യാര്‍ത്ഥിക്കാണ് യോഗി സര്‍ക്കാര്‍ വണ്ടിച്ചെക്ക് സമ്മാനമായി നല്‍കിയത്. പരീക്ഷയില്‍ അലോക് 93.5 ശതമാനം മാര്‍ക്ക് നേടിയിരുന്നു.

സംസ്ഥാന തലത്തില്‍ ഏഴാം റാങ്കുകാരനായ അലോകിന് ലഖ്‌നൗവില്‍ വച്ച് മുഖ്യമന്ത്രി യോഗി തന്നെയാണ് മെയ് 29ന് നടന്ന ചടങ്ങില്‍ വച്ചാണ് ഒരു ലക്ഷം രൂപയുടെ ചെക്ക് സമ്മാനം നല്‍കിയത്. ബരാബംഗിയിലെ ജില്ലാ ഇന്‍സ്‌പെക്ടര്‍ ഓഫ് സ്‌കൂള്‍സ് രാജ് കുമാര്‍ യാദവ് ഒപ്പിട്ട ചെക്കാണ് കൈമാറിയത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെക്ക് അലോകിന്റെ രക്ഷിതാക്കള്‍ ലഖ്‌നൗവിലെ ഹസ്‌റാത്ഗഞ്ച് ഏരിയയിലെ ബാങ്കില്‍ ജൂണ്‍ അഞ്ചിന് സമര്‍പ്പിച്ചു. എന്നാല്‍ അക്കൗണ്ടിലേക്ക് പണം വന്നില്ല. തുടര്‍ന്ന് ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് ചെക്ക് മടങ്ങിയെന്ന് അറിയുന്നത്.

അതേസമയം പണമില്ലാത്തത് കൊണ്ടല്ല ഒപ്പിലെ വ്യത്യാസം കാരണമാണ് ചെക്ക് മടങ്ങിയതെന്നാണ് യു.പി സര്‍ക്കാരിന്റെ വാദം. പുതിയ ചെക്ക് അലോകിന് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.