✍️ പ്രൊഫ ടി ബി വിജയകുമാർ (അഖില കേരള എഴുത്തച്ഛൻ സമാജം)
1915 ൽ സ്ഥാപിതമായ ഹിന്ദുമഹാസഭയും 1925 സ്ഥാപിക്കപ്പെട്ട ആർ എസ് എസ്സും യഥാർത്ഥത്തിൽ ലക്ഷ്യം വെക്കുന്നത്, ബ്രാഹ്മണ നേതൃത്വത്തിലുള്ള, സവർണ്ണ ന്യൂനപക്ഷ ഒളിഗാർക്കി ഏകാധിപത്യ ഭരണമാണ്; അല്ലാതെവളരെ ന്യൂനപക്ഷമായ സവർണ്ണ ജാതിക്കാരും ബഹുഭൂരിപക്ഷമായ അവർണ സമുദായങ്ങളും ചേർന്നു നടത്തുന്ന പ്രാതി നിധ്യ ജനാധിപത്യ ഭരണമല്ല (not a representative democracy)!!.
1947 ൽ തന്നെ അവർ അത് നേടി കഴിഞ്ഞു. പിന്നീട് നടന്ന എല്ലാ സവർണ്ണ ഒളിഗാർക്കി ഭരണങ്ങളും അതിനെ അരക്കിട്ട് ഉറപ്പിക്കുന്നതിനുള്ള രീതിയിലുള്ള ഭരണമാണ് നടത്തിയത്. ഇതിൽ കോൺഗ്രസിന് മാത്രമല്ല എല്ലാ ഇടതു വലത് പാർട്ടികൾക്കും ഉത്തരവാദിത്തമുണ്ട്. മുഖ്യ ഉത്തരവാദിത്വം കോൺഗ്രസിനാണ്, കാരണം അവരാണ് ഈ കാലഘട്ടത്തിൽ മുഖ്യമായും ഭരിച്ചത്.
2 0 2 6 മെയ് മാസത്തിലോ ഏപ്രിൽ മാസത്തിലോ നടക്കാനിടയുള്ള കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇതുതന്നെയാണ് നടക്കാൻ പോകുന്നത്!! അതിൻറെ തെളിവുകൾ ആണ് ഇപ്പോഴേ കണ്ടു തുടങ്ങിയിരിക്കുന്നത്!!
1 9 3 1ൽ ലണ്ടനിൽ വെച്ച് ചേർന്ന ഇന്ത്യയിൽ നടക്കാനിടയുള്ള ഭരണമാറ്റത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് കൂടിയ വട്ടമേശ സമ്മേളനത്തിൽ വച്ചുതന്നെ ഡോക്ടർ ബാബ സാഹിബ് ബി ആർ അംബേദ്കർ ഒരു താക്കീതിന്റെ രൂപത്തിൽ പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ഇന്ത്യയിൽ ഭരണമാറ്റം നടക്കുമ്പോൾ ആ ഭരണം വളരെ ന്യൂനപക്ഷമായ സവർണ്ണ ജാതിക്കാർക്ക് മാത്രം നൽകരുതെന്നും പകരം ഇന്ത്യയിലെ എല്ലാ അവർണ സമുദായങ്ങൾക്കും ഇതര മത ജനവിഭാഗങ്ങൾക്കും ജനസംഖ്യ അനുപാതികമായി സമസ്ത മേഖലകളിലുള്ള അവകാശങ്ങളും അധികാരവും വീതിച്ചു നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏതാനും സവർണ്ണ ജാതിക്കായി മാത്രം നൽകരുതെന്നും അദ്ദേഹം ശക്തിയായി ആവശ്യപ്പെട്ടു. അന്ന് അദ്ദേഹം പ്രയോഗിച്ച പദമാണ് ഒളിഗാർക്കി.
ഇസ്ലാമോഫോബിയ അഥവാ മുസ്ലിങ്ങളോടുള്ള അനാവശ്യ വെറുപ്പ് അഥവാ വിദ്വേഷം എന്ന ആശയമാണ്. ആർ എസ് എസ് ബിജെപി അതിൻറെ ജന്മം മുതലേ അവരുടെ ലക്ഷ്യങ്ങൾ നേടുന്നതിനായി ഉപയോഗിച്ചു വന്നിരുന്നത് ഇതിനെയാണ്. അത് അവർ സമർത്ഥമായി ഉപയോഗിക്കുകയും ചെയ്തു.
കേരളത്തിലെ രണ്ടു മുന്നണികളും എൽഡിഎഫും യുഡിഎഫും ഇസ്ലാമോഫോബിയ തിരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ രൂപീകരണ സമയത്തും ലീഗിൻറെ അഞ്ചാം മന്ത്രിസ്ഥാനത്തെക്കുറിച്ചും ഉള്ള ചർച്ചകളിൽ കേരളത്തിലെ കോൺഗ്രസുകാർ തലങ്ങും വിലങ്ങും പ്രയോഗിച്ചിട്ടുണ്ട്. കേരളത്തിൽ കോൺഗ്രസിന് നിലനിൽപ്പ് ഉണ്ടാകണമെങ്കിൽ അഥവാ ഭരണം ലഭിക്കണമെങ്കിൽ മുസ്ലിംലീഗിന്റെ പിന്തുണ അനിവാര്യമാണ്. എന്നിട്ട് കൂടി അതിൻറെ പല നേതാക്കളും ഒന്നാന്തരം ഇസ്ലാമോഫോബുകൾ ആണ്. 2026എൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എന്ന നിലയിൽ വരുന്ന പല ശൂദ്ര നേതാക്കളും ഒന്നാന്തരം ഇസ്ലാമോഫോബുകളാണ്. പേരൊന്നും പറയുന്നില്ല ആർക്കും ഊഹിക്കാവുന്നതാണ്.
കേരളത്തിൽ ഇസ്ലാമോഫോബിയ എന്നാ ആശയത്തിന്റെ മുഖ്യപ്രചാരകനായിരുന്നു സിപിഎം നേതാവായിരുന്ന ഇ എം ശങ്കരൻ നമ്പൂതിരിപ്പാട്. 1987ൽ ഇതേ ആശയം ഉപയോഗിച്ച് കേരളത്തിൽ ഭരണം കരസ്ഥമാക്കുകയുണ്ടായി. കേരളത്തിൽ ഇടതുപക്ഷം വിശിഷ്യാ സിപിഎം ഈ വരുന്ന തെരഞ്ഞെടുപ്പിലും 1987ൽ വിജയിച്ച അതേ തന്ത്രം തന്നെ പുറത്തിറക്കാൻ നോക്കുന്നുണ്ട്. 1987 അല്ല 2026!! 1987 ൽ ബിജെപി കേരളത്തിൽ ഒരു നാമമാത്രശക്തി പോലും ആയിരുന്നില്ല!

ഇന്ന് ബിജെപി 20% വോട്ടുള്ള ഒരു മുൻനിര പാർട്ടിയായി മാറിക്കഴിഞ്ഞു. സിപിഎം ഇപ്പോൾ സ്വീകരിച്ചു എന്ന് പറയപ്പെടുന്ന ഈ തന്ത്രത്തിന് വലിയ തിരിച്ചടി ഉണ്ടാകും. പ്രസ്തുത നിലപാട് തികച്ചും ആത്മഹത്യാ പരമാണ്. 47 മുതൽ കേരളത്തിൽ ഭരിച്ചുകൊണ്ടിരിക്കുന്നത് രണ്ട് ഒളിഗാർക്കി ജാതിക്കാരാണ്. ഒന്ന് സവർണ്ണ ഹിന്ദു ജാതിക്കാരും രണ്ട് അവരുടെ മക്കളെന്ന അവകാശപ്പെടുന്ന വിശിഷ്യാ നമ്പൂതിരിമാരുടെ മക്കൾ എന്ന അവകാശപ്പെടുന്ന സുറിയാനി ക്രൈസ്തവരും!! ഇന്ത്യയിൽ ഭരണം നടത്തിവരുന്നത് നാല് ഒളിഗാർക്കി സവർണ്ണജാതിക്കാരാണ്. ഒന്ന് ബ്രാഹ്മണർ രണ്ട് ക്ഷത്രിയ ജാതിക്കാർ 3 ബെനിയ ജാതിക്കാർ നാല് കായ്സ്ഥന്മാർ അഥവാ ശൂദ്ര ജാതികൾ സർവ്വാധികാരവും സർവ സ്വത്തും ഇവരിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ഇതിനായിഅവർ ഉപയോഗിച്ച ഏക ആയുധം ഇസ്ലാമോഫോബിയ ആണ്.
ഇസ്ലാമഫോബിയ ഇന്ത്യയിൽ യഥാർത്ഥത്തിൽ അവർണ്ണ ഫോബിയ ആണ്. ഇന്ന് ഇന്ത്യയിൽ കേരളത്തിൽ ഒഴിച്ച് മറ്റുള്ള എല്ലാ സ്ഥലങ്ങളിലും അവർണ്ണ ജനസാമാന്യത്തിനും വിശിഷ്യാ ദളിത് സമുദായങ്ങൾക്കും ഭൂരിപക്ഷം അവർണ്ണ ഒബിസി സമുദായങ്ങൾക്കും മുസ്ലിം ജനമാന്യത്തിനും ജീവനും സ്വത്തിനും രക്ഷയില്ലാത്ത അവസ്ഥയാണ്! ഇതിന് ഉപോൽപകമായി നിരവധി സംഭവങ്ങൾ വിവരിക്കാവുന്നതാണ്. കേരളത്തിലെ ഒളിഗാർക്കി ജാതിക്കാരുടെ ജനസംഖ്യ പതിനഞ്ചു ശതമാനത്തിൽ താഴെ മാത്രമാണ്.കേരളത്തിലും ഇന്ത്യയിലെ ഒളി ഗാർക്കി ജാതിക്കാർക്ക് ഭരണ തുടർച്ച ഉണ്ടാകുന്നത് ഇസ്ലാമോഫോബിയ ഉപയോഗിച്ചാണ്. ഒളിഗാർക്കി ജാതിക്കാരുടെ സുവർണ്ണ ആയുധമാണ് ഇസ്ലാമോഫോബിയ!
യുഡിഎഫിലും എൽഡിഎഫിലും ഒളി ഗാർക്കി സ്വാധീനം ശക്തമാണ്. യഥാർത്ഥത്തിൽ കേരളത്തിലെ ഒ ളി ഗാർ കി ജാതിക്കാരോട് യുദ്ധം ചെയ്താണ് കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനം ശക്തിപ്പെട്ടത്! കേരളത്തിൽ ശക്തിയായ ഒളിഗാർക്കി സ്വാധീനം രൂപപ്പെട്ടത് വിമോചന സമരത്തിലൂടെയാണ്. വിധി വൈപരിത്യം എന്ന് പറയട്ടെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ ഒരു അവർണ ഈഴവ സമുദായക്കാനാണെങ്കിലും മന്ത്രിസഭയിലും പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലും ഒളിഗാർക്കി ജാതിക്കാർക്ക് ആണ് ഭൂരി പക്ഷം. ബ്യൂറോക്രസിയും ജുഡീഷ്യറിയും ഒളിഗാർക്കി പൂരിതമാണ് ഇ ഡബ്ല്യു എസ്.എന്ന പേരിൽ വിളിക്കപ്പെടുന്ന സവർണ്ണ ധനികജാതി സംവരണം യഥാർത്ഥത്തിൽ ഭരണഘടനയുടെ മേലെയുള്ള ഒരു കടന്നുകയറ്റമാണ്. അമിത പ്രാതിനിധ്യമുള്ള സവർണ്ണ ജാതിക്കാർക്ക് പിന്നെയും പിന്നെയും തള്ളി കൊടുക്കുകയാണ്!! ഇത് ഇടതുപക്ഷത്തിന്റെ ഒരു ഭരണ നേട്ടമായി മുൻ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സഖാവ് പറയാറുണ്ടായിരുന്നു!! ഭാഗ്യത്തിന് ഇപ്പോൾ ഇത് ആരും പറയുന്നില്ല!!
കോൺഗ്രസ് ഒരു ഒളിഗാർക്കിപൂരിത ലായനിയാണ്.അതിനെ ഒരു അതിപൂരിത ലായനിയും ആക്കി മാറ്റാനാണ് അതിൻറെ നേതാക്കൾ ശ്രമിക്കുന്നത്!. ന്യൂനപക്ഷമായ സുറിയാനി ക്രൈസ്തവരുടെ ഏതാനും നിയോജക മണ്ഡലങ്ങളിൽ ഒന്നോ രണ്ടോ ആയിരം വോട്ടുള്ള ജനവിരുദ്ധൻ എന്ന് നൂറുശതമാനം തെളിയിക്കപ്പെട്ടിട്ടുള്ള മാണി കേരള കോൺഗ്രസിനെ (ജോസ് മാണിയെ) ചാക്കിട്ട് പിടിക്കാൻ കോൺഗ്രസുകാർ കാണിക്കുന്ന വെപ്രാളം അവരുടെ പരാജയത്തിലേക്ക് നയിക്കും!
കോൺഗ്രസിന്റെ ചാക്കിൽ കയറിയ മറ്റൊരു നേതാവാണ് കൊട്ടാരക്കരയിലെ മുൻ എംഎൽഎയായ ശ്രീമതി ആയിഷ പോറ്റി. ഇപ്പോഴുള്ള ഒളിഗാർക്കി സ്വാധീനം കോൺഗ്രസിൽ വളരെ കൂടുതലാണ്. ഇതേപോലെയുള്ള വ്യക്തികൾ ചേക്കേറുന്നത് കൊണ്ട് കോൺഗ്രസിന്റെ അടിത്തറ വിപുലപ്പെടാൻ പോകുന്നില്ല!! “വാനപ്രസ്ഥ”ത്തിൽ കഴിയുന്ന നേതാക്കൾ തിരിച്ചുവന്ന് മത്സരിച്ചാൽ കോൺഗ്രസിനെ കുറിച്ചുള്ള ധാരണയിൽ മാറ്റം വരാൻ പോകുന്നില്ല!! രാഷ്ട്രീയത്തിൽ കാലഹരണപ്പെട്ട അഥവ ആലങ്കാരികമായി പറഞ്ഞാൽ “എക്സ്പ്പയറി ഡേറ്റ്’ ( Expiry date) കഴിഞ്ഞ ഒളിഗാർക്കി കടൽ കിഴവന്മാരേയും കിഴവികളേയും തിരുകി കയറ്റി യതുപോലുള്ള “വിസ്മയ”ങ്ങൾ കൊണ്ടൊന്നും ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല!!
കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ ഇതേവരെ കോൺഗ്രസ് പ്രാതിനിധ്യം നിഷേധിച്ച അവർണ സമുദായങ്ങളായ ധീവര, ചാലിയ, എഴുത്തച്ഛൻ, മണിയാണി, കമ്മാള സമുദായം ഇവരിൽ നിന്ന്, ഊർജ്ജസ്വലരായ നേതാക്കളെ ആണ് മത്സരിപ്പിക്കേണ്ടത്. അത് ചെയ്താൽ കോൺഗ്രസിന്റെ അടിത്തറ വികസിപ്പിക്കാൻ സാധിക്കും. കേരളത്തിലെ ഒന്നാം നമ്പർ സമുദായമായ ഈഴവ സമുദായത്തിന് ജനസംഖ്യ അനുപാതികമായ പ്രാതിനിധ്യം നൽകണം. ഏറ്റവും ചുരുങ്ങിയത് 25 പേരെങ്കിലും അവരിൽ നിന്നും മത്സരിപ്പിക്കണം. ഇത്തരക്കാരെ ജയ സാധ്യതയുള്ള സീറ്റുകളിൽ മത്സരിപ്പിക്കണം. കേരളത്തിൽ കോൺഗ്രസിന്റെ ഭാവി അവരിലാണ് സ്ഥിതി ചെയ്യുന്നത്.
ഇക്കാര്യങ്ങളിൽ എല്ലാം സാമാന്യം ധാരണയുള്ള ഒരു നേതാവാണ് രാഹുൽ ഗാന്ധി. പക്ഷേ ആദരണീയായ മാഡം സോണിയ ഗാന്ധി, പാർട്ടി പ്രസിഡൻറ് മല്ലികാർജുൻ ഖാർഗെ, ഒഴികെയുള്ള മറ്റൊരു നേതാവും രാഹുൽ ഗാന്ധിയെ ഈ വിഷയത്തിൽ അനുകൂലിക്കുന്നില്ല. ഒളിഗാർക്കി രാഷ്ട്രീയവും ഇസ്ലാമോഫോബിയയും ആണ് കോൺ ഗ്രസ്സിനെ തകർത്തത് എന്ന് തിരിച്ചറിയുന്ന നേതാവാണ് രാഹുൽ ഗാന്ധി. സ്ഥിതിഗതികളിൽ മാറ്റം വരുത്തുന്നതിനായി പല നടപടികളും രാഹുൽ ഗാന്ധി നടത്തുന്നുണ്ട്. ഉദാഹരണത്തിന് എ ഐ സി സി നിരീക്ഷകനായി സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് ചുമതല നൽകിയത് കമ്മാള സമുദായക്കാരനായ, മരപ്പണി സമുദായക്കാരനായ മധുസൂദനൻ മിസ്ത്രി ആണ്.
ഒരു ഒളിഗാർക്കി പൂരിത അന്തരിക്ഷത്തിൽ അദ്ദേഹത്തിന്സ്വതന്ത്രമായി സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാനുള്ള അവസരം കിട്ടുമോ എന്നറിയില്ല!! കോൺഗ്രസ് പാർട്ടി ഒളിഗാർക്കി ഇതര സമുദായക്കാരനായ നേതാവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കണം. പ്രായത്തിന്റെ അല്പം പ്രശ്നം ഉണ്ടെങ്കിലും വി എംസുധീരൻ, കെ സുധാകരൻ, എ.പി അനിൽ കുമാർ, ഷാഫി പറമ്പിൽ, ടി എൻ പ്രതാപൻ ഇവരെ ആരെങ്കിലും മുന്നിൽ നിർത്തി തിരഞ്ഞെടുപ്പിനെ നേരിടണം.
ഭരണ വിരുദ്ധവികാരം ഉടുക്കാനും പുതക്കാനും ധാരാളം ഉണ്ടെങ്കിലും അതൊന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ കാര്യമായി പ്രതിഫലിച്ചില്ല!! കോൺഗ്രസിനെ അഥവാ യുഡിഎഫിന് പൂർണമായി പിന്തുണ നൽകിയ മുസ്ലിം സമുദായത്തിന്റെ വോട്ടുകൾ പോലും പൂർണമായും സമാഹരിക്കാൻ കഴിഞ്ഞില്ല!! ജില്ലാ പഞ്ചായത്തുകളിൽ കൂടുതൽ ജനസംഖ്യയുള്ള വലിയ ജില്ലകളിൽ എൽഡിഎഫിനാണ് മേൽക്കൈ നേടാൻ കഴിഞ്ഞത്. ഉദാഹരണം തൃശ്ശൂർ ജില്ല.
എൽഡിഎഫ് ഇസ്ലാമോ ഫോബിയായിൽ പുതിയ പരീക്ഷണം നടത്താൻ മുതിരരുത്. അത് ഇടതുപക്ഷ പാരമ്പര്യത്തിന് ചേരുന്നതല്ല!! ഇക്കാര്യത്തിൽ അവർ ആർ എസ് എസ് നേയും ബിജെപിയെയും അനുകരിക്കാൻ ശ്രമിക്കരുത്. മുസ്ലിം ലീഗിന്റെയും ഇതര മുസ്ലിം പാർട്ടികളുടെയും മുസ്ലിം മതസംഘടനകളുടെയും നേതാക്കൾക്ക്ഉള്ള മുഖ്യ പ്രശ്നം കോൺഗ്രസിലെ ഒളിഗാർക്കി നേതാക്കളോളുള്ള അനശ്വര പ്രണയം ആണ്!! അവർ കൂടുതൽ ഇഷ്ടപ്പെടുന്നത്ത് സവർ ണ്ണ നേതാക്കളെയാണ്. ഇത് കേരളത്തിലെ മൊത്തംകേരള രാഷ്ട്രീയത്തിന് മൂല്യച്യുതി വരുത്തുന്നു! മാത്രമല്ല ഇത് കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിന് അധോഗതി വരുത്തും.ഈ രാഷ്ട്രീയം പതിയെ ഇല്ലാതാവും! മുസ്ളിം ലീഗ് എസ്സ് ഡി പി ഐ,,ഇൻഡ്യൻ നാഷണൽ ലീഗ്, പി.ഡി പി പെൽഫയർ പാർട്ടി, ജാമാഅത്തെ ഇസ്ലാമി, തുടങ്ങി എല്ലാ മുസ്ളിം രാഷ്ട്രീയ പാർട്ടി നേതാക്കൽക്കും മത സംഘടനാ നേതാക്കൾക്കും സമസ്ത വിവിധ വിഭാഗങ്ങൾ, മുജാഹിദ്, സകല സുന്നി സംഘടനകൾക്കും എ. ഇ എസ്സ് വിസ്ഡം, അടക്കമുള്ള മുസ്ലിം നേതാക്കൾക്കും കലശലായ ഒളിഗാർക്കി പ്രേമം ഉണ്ട്!! ഒളിഗാർക്കി കാമുകന്മാർ ഇവരെ പുറം കാലുകൊണ്ട് തൊഴി ക്കാറുണ്ട് !! തൊഴിക്കുന്നവരെ തൊഴുന്ന (അവർണ സ്വഭാവം) ഇവർക്കും ധാരാളം ഉണ്ട്!! കേരള ത്തിൻ്റെ വിരനായകൾ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അലി മുസ്സലിയാർ, വൈക്കം മൌലവി തുടങ്ങിയ യോദ്ധാക്കളുടെ ധിര സമര പാരമ്പര്യം ഇക്കൂട്ടർ മറന്നുപോകുന്നു.!!
പെരുന്ന പോപ്പിന്റെയും കണിച്ചു കുളങ്ങര “ഊച്ചാളി”യുടെയും – തൃശ്ശൂരിലെ പ്രതികരണം നിലച്ച എക്സ്പ്രസ് ദിനപത്രത്തിന് കടപ്പാട്- പിന്തുണ ഇടതുപക്ഷ മുന്നണി തള്ളി പറയണം. ഇവരുടെ പിന്തുണ ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുക. പഴയ അനുഭവങ്ങൾ പരിശോധിച്ചാൽ മതി. വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ ഉടനടി ബീഹാർ മോഡൽ ജാതി സമുദായ സെൻസസ് നടത്താൻ കേരള സർക്കാർ ഉത്തരവിടണം.
ഈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം നിർണയിക്കുന്നത് ഭരണ നേട്ടങ്ങളോ കോട്ടങ്ങളോ അല്ല. ഒളിഗാർക്കി രാഷ്ടിയത്തോടുള്ള ഇരുമുന്നണികളുടേയും നിലപാടിന് അനുസരിച്ചായിരിക്കും. ഒളിഗാർക്കി രാഷ്ട്രിയ മായി കൂടുതൽ ഒട്ടിനിൽക്കുവർ പരാജയപ്പെടും . ഇതരൻ വിജയിക്കും… കേരളീയരുടെ പൊതുബോധം കൂടുതൽ കൂടുതൽ ഒളിഗാർക്കി വിരുദ്ധ മായി മാറി കൊണ്ടിരിക്കുകയാണ്!! ഇത് മനസ്സിലാക്കുന്നതിന് ഒരു “ കന ഗോലു” വിൻ്റെയും ആവശ്യമില്ല.!!
വാൽ കഷ്ണങ്ങൾ:
മാണി കേരള കോൺഗ്രസ് ഒരു പക്ഷേ വാൽ മുറിഞ്ഞ ഒരു കുറുക്കനായി മാറിയേക്കാം. അടുത്ത തെരഞ്ഞെടുപ്പിൽ പൂജ്യം മഴ മുതൽ പൂജ്യം വരേയോ, പൂജ്യം മുതൽ ഒന്നോ രണ്ടോ കവിഞ്ഞാൽ മൂന്നു സീറ്റു ലഭിക്കാൻ പോകുന്ന ബി.ജെ പി യെ കുറിച്ച് ഒന്നും വിവരി ക്കുന്നില്ല! അതേ സമയം അവർ നേടുന്ന സീറ്റും വോട്ടുകളും നിർണായകമായിരിക്കും! “ഗോദി” മീഡിയ പ്രചരിപ്പിക്കുന്ന രീതിയലല്ല ജനങ്ങൾ വോട്ടുചെയ്യുക! എന്നിരുന്നാലും അവക്കും സ്വാധിനമുണ്ടാകും.


