സെപ്തംബർ 27: പരിസ്ഥിതി സംരക്ഷണത്തിനായി ജീവിച്ച, കല്ലേൻ പൊക്കുടൻ (1930 – 2015) ഓർമ്മ ദിനം
എല്ലായ്പോഴും ഓര്‍മകളില്‍ തിളച്ചു മറിയും കണ്ടലോളം ആഴത്തിൽ വേരൂന്നിയ പരിസ്ഥിതി സ്നേഹത്തിന്റെ പര്യായമായ ഈ മനുഷ്യന്. ലോകവും രാജ്യവും അംഗീകരിച്ചപ്പോഴും സ്വന്തം നാട് അയിത്തം കാണിച്ചിരുന്നൊരു മനുഷ്യനോട് മരണശേഷം അതിലുമൊക്കെ അപ്പുറം കാണിക്കാമെന്നാണ് നമ്മൾ തെളിയിച്ചുകഴിഞ്ഞത്. പ്രകൃതിയാണെന്റെ ദൈവം; പിന്നെ ജനങ്ങളും എന്ന് വിളിച്ചു പറഞ്ഞൊരാളോടാണ് ഈ അവഗണനയെന്ന് ഓര്‍ക്കണം.
രാജ്യത്തെ അഞ്ചു പ്രമുഖരെ പിന്തള്ളി പരിസ്ഥിതി സംരക്ഷകന്‍ എന്ന നിലയില്‍ ടൈംസ് നൗ ചാനലിന്റെ അമെയ്സിംഗ് ഇന്ത്യന്‍ പുരസ്കാരം നേടിയ ഒരു മലയാളിയെ ഒരു വാക്കു കൊണ്ടുപോലും സംസ്ഥാനം അനുമോദിച്ചിട്ടില്ല. കെ സുധാകരന് വനം മന്ത്രി ആയിരുന്നകാലത്ത് മാന്‍ഗ്രോവ് ഫോറസ്റ്റ് ഗാര്‍ഡായി കല്ലേന്‍ പൊക്കുടനെ നിയമിക്കുകയുണ്ടായി. മാസം മൂവായിരം രൂപ ശമ്പളത്തില്‍. മൂന്നുമാസമേ ആ കുപ്പായം പൊക്കുടനിട്ടുള്ളൂ. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എങ്ങനെയാണ് ഗാര്ഡുമാരോടും വാച്ചര്‍മാരോടും പെരുമാറന്നതെന്ന് സ്വന്തം അനുഭവത്തില്‍ നിന്നും മനസിലായതോടെയാണ് ആ ഔദാര്യം വേണ്ടെന്നുവച്ചത്.
പിന്നീടൊരിക്കലും സര്‍ക്കാരിന്റെ മുന്നില്‍ കൈ നീട്ടാന്‍ പോയില്ല. കേരളത്തിലെ പന്ത്രണ്ടു ജില്ലകളിലും കണ്ടല്‍ തൈകള്‍ നടുപിടിപ്പിക്കാന്‍ പോയിട്ടുള്ളത് സ്വന്തം കൈയില്‍ നിന്നും പണം മുടക്കിയായിരുന്നു.

2015 സെപ്തംബറില്‍ കണ്ണൂര്‍ കെഎംസി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന സമയം. ആരോഗ്യസ്ഥിതി ആശങ്കാജനകമാണ്. കണ്ണൂര്‍ സര്‍വകലാശാല ആചാര്യ പുരസ്കാരം പ്രഖ്യാപിക്കുന്നു. അത്രദൂരം സഞ്ചരിച്ചു പുരസ്കാരം വാങ്ങുന്നതിനോട് ഡോക്ടര്‍മാര്‍ക്ക് എതിര്‍പ്പായിരുന്നു. ആ വിവരം മൂന്നാണ്മക്കളോടും പറഞ്ഞു. പക്ഷേ പൊക്കുടന് വാശിയിലായിരുന്നു. അന്നേനാള്‍വരെ ഒരു പുരസ്കാരസ്വീകരണത്തിനായും ആവേശം തെല്ലും കാട്ടിയിട്ടില്ലാത്തൊരാളുടെ അപ്രതീക്ഷിത പെരുമാറ്റം എല്ലാവരെയും അമ്പരപ്പിച്ചു. ആരു സമ്മതിച്ചില്ലെങ്കില്‍ ഞാന്‍ പോകുമെന്ന് തീരുമാനത്തില്‍ നിന്നു പൊക്കുടനെ പിന്തിരിപ്പിക്കാന് ആര്‍ക്കും കഴിയില്ലായിരുന്നു.
പുരസ്കാരമേറ്റു വാങ്ങിക്കൊണ്ട് അഞ്ചു മിനിട്ട് നേരത്തെ പ്രസംഗമായിരുന്നു പൊക്കുടന് അനുവദിച്ചിരുന്നത്. പക്ഷേ പൊക്കുടന് തന്റെ സംസാരം ആരംഭിച്ചത് ഇപ്രകാരമായിരുന്നു; ‘നാലായിരം രൂപ കാറു കൂലി കൊടുത്ത് ഞാനിവിടെ വരെ വന്നത് അഞ്ചു മിനിട്ട് പ്രസംഗിക്കാനല്ല. അങ്ങനെയാണെങ്കില്‍ ഞാന്‍ പോകുന്നു.’ സദസിലുണ്ടായിരുന്ന ഗവര്‍ണര്‍ പൊക്കുടനെ പ്രോത്സാഹിപ്പിച്ചു. പുരസ്കാരനേട്ടത്തെക്കുറിച്ചോ തന്നെക്കുറിച്ചോ അരമണിക്കൂറോളം നീണ്ട ആ പ്രസംഗത്തില്‍ പൊക്കുടന് ഒരക്ഷരം മിണ്ടിയില്ല. പകരം ആദിവാസികളെയും ദളിതരെയും പരിസ്ഥിതിയെയും കുറിച്ചു വ്യാകുലപ്പെട്ടു. അതിവേഗ പാതപോലുള്ള വികസനങ്ങളെക്കുറിച്ചു ആശങ്കപ്പെട്ടു. പറയാനുള്ളത് പറഞ്ഞിട്ടുപോകാനുള്ളൊരു വാശി ആ പ്രസംഗത്തിലുണ്ടായിരുന്നു. ഒരാഴ്ച്ചയ്ക്കിപ്പുറം കല്ലേന്‍ പൊക്കുടന് മരിച്ചു. ഓർക്കുക കല്ലേന്‍ പൊക്കുടൻറെ ആശങ്കകൾ ഇപ്പോഴും അവസാനിക്കുന്നില്ലെന്ന്…

ജീവിത രേഖ
കണ്ണൂർ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ എടക്കീൽതറയിൽ ജനനം.
ജനനസമയത്ത് പൊക്കിൾകൊടി വീർത്തിരുന്നതാണ് തന്റെ പേരിന് കാരണമെന്ന് പൊക്കുടൻ വിശദീകരിച്ചിട്ടുണ്ട്. അക്കാലത്ത് ഹിന്ദുക്കൾക്കിടുന്ന പേരുകൾ പുലയർക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നു.
1989-ൽ 500 കണ്ടൽചെടികൾ നട്ട് പരിസ്ഥിതി പ്രവർത്തനം തുടങ്ങിയ പൊക്കുടൻ കേരളത്തിൽ ഒരു ലക്ഷത്തോളം കണ്ടൽ തൈകൾ നട്ടിട്ടുണ്ട്.കണ്ടൽക്കാടുകളെപ്പറ്റി അറിയാൻ പല വിദേശ രാജ്യങ്ങളിൽ നിന്നും പരിസ്ഥിതി പ്രവർത്തകരും ഗവേഷകരും പൊക്കുടനെ തേടിയെത്തി. യുഗോസ്ലാവ്യ, ജർമനി, ശ്രീലങ്ക, ഹംഗറി, നേപ്പാൾ എന്നിവങ്ങളിലും ഇന്ത്യയിലെ പല സർവകലാശാലകളിലും പൊക്കുടന്റെ കണ്ടൽക്കാടുകളെപ്പറ്റി ഗവേഷണ പ്രബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്.
കേരള സർക്കാരിന്റെ വനമിത്ര പുരസ്കാരമടക്കം നിരവധി പരിസ്ഥിതി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
യുനെസ്കോ പൊക്കുടന്റെ സംഭാവനകളെ പരാമർശിച്ചിട്ടുണ്ട്.
ആദിവാസി – ദളിത് വിഭാഗങ്ങൾക്ക് എതിരെ നടക്കുന്ന ചൂഷണങ്ങൾ തുറന്നു കാട്ടുന്ന ജയൻ കെ ചെറിയാൻ സംവിധാനം ചെയ്ത ‘പാപ്പിലിയോ ബുദ്ധ’ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
എന്റെ ജീവിതം (ആത്മകഥ), കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം, ചുട്ടാച്ചി എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
പതിനെട്ടാം വയസ്സിൽ കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായ പൊക്കുടൻ നിരവധി കർഷകസമരത്തിൽ പങ്കെടുത്ത് ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്. പാർടി പിളർന്നപ്പോൾ സി പി ഐ (എം)നൊപ്പം നിന്നു.


