ന്യൂഡൽഹി: കടുത്ത തണുപ്പിനെത്തുടർന്ന് ചണ്ഡീഗഡിലും പഞ്ചാബിലും സ്കൂൾ അവധി നീട്ടി. നിലവിലെ സാഹചര്യത്തിൽ പ്രീ-നഴ്സറി മുതൽ 12-ാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകൾക്കും ജനുവരി 13 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹർജോത് സിംഗ് ബെയിൻസ് അറിയിച്ചു.
ജനുവരി 14-ന് മകരസംക്രാന്തി അവധി കൂടി വരുന്നതിനാൽ, 15-ാം തീയതിയോടെ മാത്രമേ പതിവ് ക്ലാസുകൾ പുനരാരംഭിക്കാൻ സാധ്യതയുള്ളൂ. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് മേഖലകളിൽ താപനില സാധാരണയേക്കാൾ വളരെ താഴെയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേഖലയിലെ മിക്ക ജില്ലകളിലും ഇടതൂർന്ന മൂടൽമഞ്ഞും കടുത്ത തണുപ്പും തുടരുകയാണ്.

