ചെന്നൈ: വിജയ് ചിത്രം ‘ജനനായകന്’ മദ്രാസ് ഹൈക്കോടതി പ്രദർശനാനുമതി നൽകി. ഇതിന് പിന്നാലെ നിയമപോരാട്ടം മുറുകുന്നു. സിംഗിൾ ബെഞ്ച് വിധിക്കെതിരെ സെൻസർ ബോർഡ് (CBFC) മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. അപ്പീൽ നൽകാൻ ചീഫ് ജസ്റ്റിസ് അനുമതി നൽകിയതോടെ, ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും ബോർഡ് ഉന്നയിച്ചിട്ടുണ്ട്.

നേരത്തെ സിനിമയ്ക്ക് യു/എ (U/A) സർട്ടിഫിക്കറ്റ് നൽകാനും കർശന നിബന്ധനകളോടെ പ്രദർശനാനുമതി നൽകാനുമാണ് ജസ്റ്റിസ് പി.ടി. ആശ ഉത്തരവിട്ടത്. ഓൺലൈൻ വഴി കോടതി നടപടികളിൽ പങ്കെടുത്ത വിജയ്യെയും ആരാധകരെയും സംബന്ധിച്ച് വലിയ ആശ്വാസമായിരുന്നു ഈ വിധി. സെൻസർ ബോർഡിന്റെ മുൻപത്തെ നടപടികളെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമർശിച്ചത്. ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിടാൻ സെൻസർ ബോർഡ് ചെയർമാന് അധികാരമില്ലെന്നും, നിയമവിരുദ്ധമായ അധികാരമാണ് അവിടെ പ്രയോഗിച്ചതെന്നും കോടതി നിരീക്ഷിച്ചു.
സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ജനുവരി 9-ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കേണ്ടി വന്നിരുന്നു. തമിഴ് പതിപ്പിന് സർട്ടിഫിക്കേഷൻ ലഭിക്കാത്തതായിരുന്നു മലയാളം ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിലെ റിലീസിനും തടസ്സമായത്. ഇതോടെ ബുക്കിംഗ് തുക ഉൾപ്പെടെ തിയേറ്ററുകൾക്ക് റീഫണ്ട് ചെയ്യേണ്ടി വന്നു. ഇന്നത്തെ ഡിവിഷൻ ബെഞ്ചിന്റെ വിധി ‘ജനനായകന്റെ’ പുതിയ റിലീസ് തീയതി നിശ്ചയിക്കുന്നതിൽ നിർണ്ണായകമാകും.


