എടപ്പാളിലെ മൾട്ടിപ്ലെക്സ് തീയേറ്ററിൽ അമ്മയുടെ പിന്തുണയോടെ ബാലികയെ രണ്ടര മണിക്കൂറോളം മദ്ധ്യവയസ്കൻ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ തീയേറ്ററിന്റെ ഉടമസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. ഗോവിന്ദ തീയേറ്ററിന്റെ ഉടമസ്ഥൻ സതീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡന വിവരം യഥാസമയം പൊലീസിനെ അറിയിച്ചില്ലെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കുറ്റവും ചുമത്തിയാണ് അറസ്റ്റ്. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ ഇയാളെ വിട്ടയച്ചു. പീഡന വിവരം പുറത്തുവിട്ട സതീഷിനെ വനിതാ കമ്മിഷൻ അടക്കമുള്ളവർ അഭിനന്ദിച്ചിരുന്നു.
ഏപ്രിൽ 18നാണ് സംഭവം നടന്നത്. ഏപ്രിൽ 26ന് ദൃശ്യങ്ങൾ സഹിതം ചൈൽഡ് ലൈൻ അധികൃതർ പൊലീസിന് പരാതി നൽകിയെങ്കിലും കേസെടുക്കാതിരുന്ന പൊലീസാണ് ഇപ്പോൾ ഉടമയ്ക്കെതിരെ കേസെടുത്തത് എന്നതാണ് വിചിത്രം. പൊലീസിന്റെ പ്രതികാര നടപടിയാണ് ഇതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. കുട്ടിയെ പീഡിപ്പിച്ച പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്തീൻകുട്ടിയെ ചങ്ങരംകുളം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തീയേറ്ററിലെ നൈറ്റ് വിഷൻ കാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പീഡനം സതീഷിന്റെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് വിവരം സതീഷ് മലപ്പുറം ചൈൽഡ്ലൈനിൽ അറിയിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയേയും പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു.
സംഭവദിവസം ഏകദേശം നാൽപത് വയസുള്ള സ്ത്രീ, പത്ത് വയസ് തോന്നിക്കുന്ന കുട്ടിയുമായി പ്രതിയുടെ ബെൻസ് കാറിലാണ് തീയേറ്ററിലെത്തിയത്. ഫസ്റ്റ് ഷോയ്ക്ക് മുൻനിരയിൽ ബാലികയ്ക്കും അമ്മയ്ക്കും നടുവിലിരുന്ന പ്രതി കുട്ടിയുടെ രഹസ്യഭാഗത്ത് സ്പർശിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് പോലും തിരിച്ചറിയാനാവാതെ നിസ്സഹായയായി ഇരിക്കുന്ന കുട്ടി പലപ്പോഴും പ്രതിയുടെ കൈ തട്ടിമാറ്റുന്നുണ്ട്. ഇതിനിടയിൽ അമ്മയെയും പ്രതി ലൈംഗികമായി ഉപയോഗിച്ചു. അമ്മയുടെ രഹസ്യഭാഗങ്ങളിൽ സ്പർശിക്കുന്ന പ്രതി കൂടുതൽ സമയവും കുട്ടിയെയാണ് പീഡിപ്പിച്ചത്. കുട്ടിയെ ഇയാൾ പീഡിപ്പിക്കുന്നത് മനസിലായിട്ടും സ്ത്രീ പ്രതികരിക്കുന്നില്ലെന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മൊയ്തീൻകുട്ടിയെ രക്ഷിക്കാൻ നീക്കം നടക്കുന്നതായി നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.
അതേസമയം തീയേറ്ററിൽ ബാലികയെ പീഡിപ്പിച്ച സംഭവം പുറത്തുവിട്ട തീയേറ്റർ ഉടമസ്ഥനെതിരെ പൊലീസ് എടുത്തത് കള്ളക്കേസാണെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു. പൊലീസിന്റെ നടപടി തന്നെ അത്ഭുതപ്പെടുത്തിയെന്നും അവർപറഞ്ഞു.തികച്ചും അപലപനീയമായ നടപടിയാണിത്. തീയേറ്റർ ഉടമയുടെ ജാഗ്രത കാരണമാണ് വിവരം പുറത്തറിഞ്ഞതെന്നും ജോസഫൈൻ പറഞ്ഞു.