Fri. Nov 20th, 2026

മലയാള സിനിമയും ഇന്ത്യൻ സിനിമാ ലോകവും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വൃഷഭ നാളെ (ഡിസംബർ 25) തിയേറ്ററുകളിലെത്തുന്നു. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി നന്ദ കിഷോർ സംവിധാനം ചെയ്യുന്ന ചിത്രം, ഒരു പാൻ-ഇന്ത്യൻ ബിഗ് ബജറ്റ് ആക്ഷൻ ഡ്രാമയായാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. മോഹൻലാലിന്റെ മാസ്സ് പ്രകടനം വലിയ ക്യാൻവാസിൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.

ഒരു അച്ഛൻ–മകൻ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ശക്തമായ കഥയാണ് ചിത്രം പറയുന്നത്. ഛായാഗ്രഹണം ആന്റണി സാംസൺ നിർവഹിക്കുമ്പോൾ, എഡിറ്റിങ് കെ.എം. പ്രകാശും സംഗീതം സാം സി.എസും കൈകാര്യം ചെയ്യുന്നു. സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടിയും, ആക്ഷൻ കൊറിയോഗ്രഫി പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, നിഖിൽ എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.

ശോഭ കപൂർ, ഏക്താ ആർ കപൂർ, സി.കെ. പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിങ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കേരളത്തിലെ വിതരണ ചുമതല ആശീർവാദ് സിനിമാസിനാണ്.

ചിത്രത്തിൽ തെലുങ്ക് താരം റോഷൻ മേക്ക പ്രധാന വേഷത്തിലെത്തുന്നു. ഷനായ കപൂർ, സഹറ എസ് ഖാൻ എന്നിവരാണ് നായികമാർ. രാഗിണി ദ്വിവേദി, സമർജിത് ലങ്കേഷ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജനാർഥൻ മഹർഷി, കാർത്തിക് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്.

എവിഎസ് സ്റ്റുഡിയോസും ബാലാജി ടെലിഫിലിംസും ചേർന്നാണ് നിർമ്മാണം. മികച്ച വിഷ്വൽ ഇഫക്റ്റുകളും വമ്പൻ ആക്ഷൻ സീക്വൻസുകളുമാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം. വിവിധ ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യുന്ന വൃഷഭ ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

ക്രിസ്മസ് അവധിക്കാലം മുന്നിൽ കണ്ട്, കേരളത്തിലുടനീളം വൻതോതിലുള്ള ഫാൻ ഷോകളാണ് റിലീസ് ദിനത്തിൽ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന തിയേറ്ററുകളിലൊക്കെയും ചിത്രം പ്രദർശനത്തിനെത്തും. വമ്പൻ താരനിര അണിനിരക്കുന്ന ഈ ചിത്രം കാണാനുള്ള ആവേശത്തിലാണ് പ്രേക്ഷകർ.