കരുനാഗപ്പള്ളിയിലെ അമ്മ ദൈവത്തിൻറെ തിരുസന്നിധിയിൽ കെട്ടിപ്പിടയ്ക്കാനും ഉമ്മവെക്കാനുമെത്തുന്ന പൊന്നുമക്കളുടെ അറിവിലേക്ക് ചില സാങ്കേതിക കാരണങ്ങളാൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ കെട്ടിപ്പിടുത്തവും ഉമ്മവെക്കലും ഉണ്ടായിരിക്കുന്നതല്ല.എങ്കിലും പതിവുപോലെ ദർശനം നടത്തുന്ന മക്കൾക്ക് അമ്മദൈവം പത്തുമീറ്റർ അകലെ നിന്ന് ഫ്ളൈയിങ് കിസ്സ് നൽകുന്നതാണ്.
പേറ്റുനോവ് എന്തെന്ന് അറിയില്ലെങ്കിലും പെറ്റമ്മയെ തിരിഞ്ഞുനോക്കാത്ത സമയമില്ലായ്മയുടെ ജീവിതം നയിക്കുന്ന നമ്മളെപ്പോലുള്ള പൊന്നുമക്കൾ ക്യു നിന്ന് ദിവ്യദർശനം നടത്തി പതിഞ്ഞുകിട്ടിയ അമ്മച്ചിപ്പട്ടവുമായി സ്നേഹക്കച്ചവടത്തിൻറെ സമ്പന്നതയിൽ വിശ്വ പ്രസിദ്ധമായ അമ്മച്ചിയും അമ്മച്ചിയുടെ മിഷനും കെട്ടിപ്പിടിച്ചും മുത്തം കൊടുത്തും ചില്ലറ സ്നേഹമല്ല സമൂഹത്തിൽ വാരിക്കോരി വിതറിയിരുന്നത്.പെട്ടന്നൊരു സുപ്രഭാതത്തിൽ ഫ്ളൈയിങ് കിസ്സ് മാത്രമായി അത് പരിമിതപ്പെടുത്തിയത് കേരളത്തിലെ സ്നേഹത്തിൻറെ നീരുറവകളെല്ലാം വറ്റിപ്പോകാൻ പോലും കരണമായിത്തീർന്നേക്കാമെന്ന് കാലാവസ്ഥാനിരീക്ഷകരും വിലയിരുത്തുന്നുണ്ട്.
എന്നാൽ നിപ വൈറസിനെ പേടിച്ചിട്ടാണ് അമ്മ ദൈവം കെട്ടിപ്പിടുത്തവും ഉമ്മവെയ്ക്കലും ഒഴിവാക്കി ഫ്ളൈയിങ് കിസ്സ് മാത്രം ആക്കിയതെന്ന് ചില കുബുദ്ധികൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്.അത് തീർത്തും അടിസ്ഥാന രഹിതമാണെന്ന് മഠവും ഒപ്പം ആരോഗ്യപ്രവർത്തകരും പറയുന്നു.കാരണം അതിനേക്കാൾ വലിയൊരു വൈറസിനെ ആക്രമിക്കാൻ നിപ വൈറസ് ധൈര്യപ്പെടില്ലെന്ന് തന്നെയാണ് ഡോക്റ്റർമാർ പറയുന്നത്.
എന്തായാലും ഇനി മറ്റൊരറിയിപ്പ് ഉണ്ടാകും വരെ കെട്ടിപ്പിടുത്തവും ഉമ്മവെയ്ക്കലും ഉണ്ടായിരിക്കുന്നതല്ല ഫ്ളൈയിങ് കിസ്സ് മാത്രംകൊണ്ട് തൃപ്തിപ്പെടുകയേ നിർവാഹമുള്ളൂ