✍️ സുരേഷ്. സി.ആർ
അപ്രസക്തമായേക്കാവുന്ന നിരവധി കഥാപാത്രങ്ങളെ തന്റെ അഭിനയമികവ് കൊണ്ടും, സ്വാഭാവിക ഹാസ്യ ശൈലികൊണ്ടും മലയാളിയുടെ ഓർമയിൽ വേരുറപ്പിച്ച നടനായിരുന്നു കെ ടി എസ് പടന്നയില്‍ (1935 – 2022).
തൃപ്പൂണിത്തുറയിൽ ജനനം. ശരിയായ പേര് സുബ്രഹ്മണ്യൻ. ക്ളാസിൽ അഞ്ച് സുബ്രഹ്മണ്യൻമാർ വേറെ ഉണ്ടായിരുന്നതിനാൽ അധ്യാപകൻ കുര്യൻമാഷാണ് കെ ടി എസ് പടന്നയിൽ എന്നു പേരിട്ടത്.
1947-ൽ ദാരിദ്ര്യം മൂലം ഏഴാം ക്ലാസോടെ പഠനം അവസാനിച്ചു. ചെറുപ്പത്തിൽ തന്നെ, കോൽകളി, ഉടുക്കുകൊട്ട് തുടങ്ങി നിരവധി കലാപരിപാടികളിൽ സജീവമായി. ചെറുപ്പം മുതൽ നാടകങ്ങളുടെ ആരാധകനായിരുന്നു. നാടകത്തിൽ അഭിനയിക്കാൻ നിരവിധി പേരെ താൽപര്യമറിയിച്ചെങ്കിലും നടനാകാനുള്ള രൂപം പോര എന്നു പറഞ്ഞ് അവസരങ്ങൾ നിഷേധിച്ചു. തുടർന്ന്, നാടകം പഠിക്കുവാൻ തീരുമാനിച്ചു.
1956-ൽ, സ്വന്തമായി സംവിധാനം ചെയ്ത വിവാഹദല്ലാൾ എന്ന നാടകത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു കലാലോകത്തെ ആദ്യചുവടുവയ്പ്. 1957-ൽ സ്വയം എഴുതി തൃപ്പൂണിത്തുറയിൽ ‘കേരളപ്പിറവി’ എന്ന നാടകം അവതരിപ്പിച്ചു. തുടർന്ന് ജയഭാരത് നൃത്തകലാലയം, ചങ്ങനാശ്ശേരി ഗീഥ, വൈക്കം മാളവിക, ആറ്റിങ്ങൽ ഐശ്വര്യ, കൊല്ലം ട്യൂണ തുടങ്ങി കേരളത്തിലെ പ്രമുഖ നാടക ട്രൂപ്പുകളിലെല്ലാം സജീവമായി.

1995-ൽ, രാജസേനൻ സംവിധാനം ചെയ്ത അനിയൻബാവ ചേട്ടൻബാവ എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തി. നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു. സന്മനസുള്ളവർക്ക് സമാധാനം, പകിട പകിട പമ്പരം തുടങ്ങിയ സീരിയലുകളിലെ വേഷം ശ്രദ്ധിക്കപ്പെട്ടു.
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്മണി, ചേട്ടന് ബാവ അനിയന് ബാവ, അമര്‍ അക്ബര്‍ അന്തോണി, കുഞ്ഞിരാമായണം, വൃദ്ധന്മാരെ സൂക്ഷിക്കുക, ത്രീമെൻ ആർമി, കളമശ്ശേരിയിൽ കല്ല്യാണയോഗം, കാക്കക്കും പൂച്ചയ്ക്കും കല്ല്യാണം, സ്വപ്നലോകത്തെ ബാലഭാസ്കരൻ, ദില്ലിവാല രാജകുമാരൻ, ന്യൂസ്പേപ്പർ ബോയ്, കോട്ടപുറത്തെ കൂട്ടുകുടുംബം, കഥാനായകൻ, അമ്മ അമ്മായിയമ്മ, സന്മനസ്സുള്ളവൻ അപ്പുക്കുട്ടൻ, അണ്ണാരക്കണ്ണനും തന്നാലായത് തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ.
അഭിനയത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡും നിരവധി ഫൈൻആർട്സ് സൊസൈറ്റി അവാർഡുകളും ലഭിച്ചിട്ടുണ്ട്. നാടകത്തിലും സിനിമയിലും സീരിയലിലുമൊക്കെ എത്തിയിട്ടും പണ്ട് 300 രൂപകൊടുത്തു വാങ്ങിയ പെട്ടിക്കടയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വരുമാനമാർഗം.


