Sun. Nov 22nd, 2026

കണ്ണൂർ: കായലോട് സദാചാര പോലീസ് ആക്രമണത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മമ്പറം സ്വദേശികളായ റഫ്‌നാസ്, മുബഷീർ, ഫൈസൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കായലോട് പറമ്പായി സ്വദേശി റസീന (23) യാണ് ആത്മഹത്യ ചെയ്തത്. റസീന സുഹൃത്തായ യുവാവിനൊപ്പം കാറിൽ സംസാരിക്കുന്നത് കണ്ട പ്രതികൾ അവരെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനെത്തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുഹൃത്തിനെ പ്രതികൾ മണിക്കൂറുകളോളം മാറ്റി നിർത്തി ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തതായും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

ഏകദേശം അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവെച്ച് ചോദ്യം ചെയ്ത സംഘം, ഇയാളുടെ മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത് രാത്രി 8:30-ഓടെ പറമ്പായിയിലെ എസ്.ഡി.പി.ഐ. ഓഫീസിലെത്തിച്ചു. തുടർന്ന് റസീനയുടെയും യുവാവിന്റെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചതെന്നും പോലീസ് പറയുന്നു. ആൾക്കൂട്ട വിചാരണയിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്ന് പോലീസ് വ്യക്തമാക്കി.

ജൂൺ 17 നാണ് റസീനയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അറസ്റ്റിലായ മൂന്നുപേരുടെ ചോദ്യം ചെയ്യൽ ഉൾപ്പെടെ, തനിക്കുണ്ടായ മനോവിഷയം റസീന ആത്മഹത്യാക്കുറിപ്പിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. റസീനയുടെ കുടുംബം പിണറായി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അറസ്റ്റിലായ പ്രതികൾ എസ്.ഡി.പി.ഐ. പ്രവർത്തകരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.