കൽപ്പറ്റ: കേരളാ യുക്തിവാദി സംഘം വയനാട് ജില്ലാകമ്മറ്റി അംഗമായിരുന്ന ജോസ് കെ.ടി എരുമാട് ഓർമ്മയായി. ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇനി പാഠപുസ്തകം. ക്യാൻസർ ബാധിതനായി പോണ്ടിച്ചേരിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം രോഗം കുറച്ചു ഭേദമായി വീട്ടിൽ വിശ്രമിക്കുന്നതിനിടയിൽ കഴിഞ്ഞ വെള്ളിയാഴ്ച ബിപി കുറഞ്ഞ് അവശനായി നല്ലൂർനാട് ക്യാൻസർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. 4ാം തിയതി ബുധനാഴ്ച്ച രാത്രി 11 മണിക്കായിരുന്നു അന്ത്യം സഭവിച്ചത്.

കെ.ടി ജോസിൻറെ ആഗ്രഹ പ്രകാരം മൃതദേഹം മെഡിക്കൽ കോളേജിന് കൊടുക്കാൻ, അദ്ദേഹത്തിൻ്റെ പങ്കാളി ലക്ഷ്മി (കുഞ്ഞുലക്ഷ്മി)യും കുടുംബാംഗങ്ങളും എല്ലാവരും യുക്തിവാദി സംഘത്തോടൊപ്പം കൂടെ നിന്നു. ഇന്നലെ ഉച്ചക്ക് അദ്ദേഹത്തിൻറെ അനിയൻ ഷാജിയും, കേരള യുക്തിവാദിസംഘം പ്രവർത്തകരായ സി എച്ച് മനോജ്, വി വി തോമസ് മാസ്റ്റർ കമ്മന, കൃഷ്ണൻകുട്ടി, സുജിത് എന്നിവർ ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗത്തിന് കെ.ടി ജോസിൻറെ ശരീരംകൈമാറി.
വളരെ ആദരവോടെതന്നെ അനാട്ടമി വിഭാഗത്തിലെ ഡോ. അപ്സരയും സംഘവും ശരീരം സ്വീകരിച്ചു. കെ.ടി ജോസിനോടും കുടുംബാഗങ്ങളോളും, ഞങ്ങളോടുമുള്ള നന്ദി പ്രകാശിപ്പിക്കയും ചെയ്തു. മാനന്തവാടി മെഡിക്കൽ കോളേജിൽ രാത്രി സമയങ്ങളിൽ നേത്രം സ്വീകരിക്കാൻ സാങ്കേതിക തടസ്സം ഉണ്ട് എന്ന പറഞ്ഞതിനാൽ നേത്രദാനം നടന്നില്ല. അദ്ദേഹത്തിൻ്റെ ജീവിതവും, മരണവും യുക്തിവാദികൾക്കും മറ്റുള്ളവർക്കും ഒരു മാതൃകയാണ്.


