Sun. Nov 22nd, 2026

രാഷ്ട്രീയ വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്നത് വളരെ സങ്കടമുള്ള കാര്യമാണെന്ന് നടി അനുശ്രീ. ശ്രീകൃഷ്ണ ജയന്തിക്ക് ഭാരതാംബയായി വേഷം കെട്ടിയത് മുതലാണ് ഇത്തരം വിവാദങ്ങൾ ഉണ്ടായത് എന്നും അനുശ്രീ പറഞ്ഞു. ഒരു സുപ്രഭാതത്തില്‍ തന്നെ ചിലര്‍ വര്‍ഗീയവാദിയാക്കിയെന്നും ഗൃഹലക്ഷ്മി മാഗസിന് നല്‍കിയ അഭിമുഖത്തിൽ അനുശ്രീ പറഞ്ഞു.

‘ഞാന്‍ അമ്പലത്തിന്റെ മുറ്റത്ത് ജനിച്ചുവളര്‍ന്ന ആളാണ്. വീടിന് തൊട്ടരികിലാണ് ക്ഷേത്രം. അവിടെ ശ്രീകൃഷ്ണ ജയന്തി ആഘോഷം ഞങ്ങളൊക്കെ തന്നെയാണ് നടത്തുന്നത്. അതിനെ ഒരു പാര്‍ട്ടി പരിപാടിയായല്ല ഞങ്ങള്‍ കാണുന്നത്. സിനിമയിലെത്തിയ ശേഷം തിരക്കുകള്‍ കാരണം കുറച്ചുവര്‍ഷം എനിക്കതില്‍ പങ്കെടുക്കാനായില്ല. നാട്ടിലുണ്ടായിരുന്ന ഒരു വര്‍ഷം ഞാന്‍ പതിവുപോലെ ഘോഷയാത്രയ്ക്ക് പോവുകയും ഭാരതാംബയുടെ വേഷം കെട്ടുകയും ചെയ്യുമായിരുന്നു. അതൊരു സാധാരണ സംഭവമാണ്. അതിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് സങ്കടമുളള കാര്യമാണ്’-അനുശ്രീ പറഞ്ഞു.

‘പിന്നീട് എന്ത് പോസ്റ്റിട്ടാലും അതിന് താഴെ വന്ന് ചിലര്‍ വര്‍ഗീയവാദി എന്ന് അധിക്ഷേപിക്കും. ഞാന്‍ ദൈവവിശ്വാസിയാണ്. എന്നാല്‍ മറ്റ് മതങ്ങളെ തളളിപ്പറയുകയോ വിമര്‍ശിക്കുകയോ ചെയ്തിട്ടില്ല. അമ്പലത്തിലെ ദൈവത്തിന് മാല കെട്ടുന്നതുപോലെ വെട്ടുകാട് പളളിയില്‍ നൂലും കെട്ടാറുണ്ട്. ഇവര്‍ ആരോപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകയോ അംഗമോ അല്ല ഞാന്‍. അവരെ പിന്തുണച്ച് എവിടെയും സംസാരിച്ചിട്ടില്ല. ഞാന്‍ അതല്ല എന്ന് നൂറുതവണ പറയുമ്പോള്‍ എന്തിനാണ് ഞാന്‍ അതാണെന്ന് മുദ്രകുത്താന്‍ ശ്രമിക്കുന്നത് എന്ന് അറിയില്ല അനുശ്രീ കുട്ടിച്ചേര്‍ത്തു.