Sat. Nov 21st, 2026

മോഹൻലാല്‍ നായകനായി എത്തുന്ന ചിത്രമാണ് തുടരും. തരുണ്‍ മൂര്‍ത്തിയാണ് ചിത്രത്തിൻ്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇപ്പോഴിതാ ചിത്രം അഡ്വാന്‍സ് ബുക്കിംഗില്‍ മികച്ച പ്രകടനം കാഴ്ച വെക്കുകയാണ്. 25 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. അതിന് മുന്നോടിയായി ഇന്ന് രാവിലെ 10 നാണ് ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ ആദ്യ മണിക്കൂറില്‍ 8000 ടിക്കറ്റുകളും പിന്നീട് മണിക്കൂറില്‍ 10,000 ടിക്കറ്റുകള്‍ എന്ന കണക്കിലും ചിത്രം വിറ്റിരുന്നു. ഇപ്പോഴിതാ ആദ്യ രണ്ട് മണിക്കൂറില്‍ നിന്ന് നേടിയിരിക്കുന്ന ബോക്സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

അതേസമയം ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം ആദ്യ രണ്ട് മണിക്കൂറില്‍ കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയിരിക്കുന്നത് 70 ലക്ഷമാണ്. വലിയ ബഹളങ്ങളില്ലാത്ത പ്രൊമോഷനുമായി എത്തുന്ന ഒരു ചിത്രത്തെ സംബന്ധിച്ച് മികച്ച സംഖ്യയാണ് ഇത്. അതേസമയം റിലീസിന് രണ്ട് ദിവസം കൂടി അവശേഷിക്കുന്നു എന്നതിനാല്‍ ഈ കണക്ക് ഇനിയും ഉയരും. കേരളത്തിലെ പ്രധാന സ്ക്രീനുകളിലൊക്കെ ചിത്രത്തിന്‍റെ ആദ്യ ഷോകള്‍ ഹൗസ്‍ഫുള്‍ ആയ സാഹചര്യമാണ്. ‌

ചിത്രത്തിൽ ശോഭനയാണ് നായികയായി എത്തുന്നത്. രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ചിത്രത്തിൻ്റെ നിര്‍മ്മാണം നിർവ്വഹിച്ചിരിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷാജി കുമാര്‍ ആണ് ചിത്രത്തിൻ്റെ ഛായാ​ഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. പല ഷെഡ്യൂളുകളായി നടന്ന 99 ദിവസത്തെ ചിത്രീകരണമാണ് സിനിമയ്ക്കായി നടന്നത്.

വൻ തുകയ്‍ക്കാണ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. തുടരുമിലെ പ്രമേയത്തിലെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിലേതായി നേരത്തെ പുറത്തുവിട്ട മോഹൻലാലിന്റെ ലുക്കുകള്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

പത്തനംതിട്ട റാന്നിയിലെ ഒരു സാധാരണക്കാരനായിട്ടാണ് മോഹൻലാല്‍ ചിത്രത്തിൽ എത്തുന്നത്. മോഹൻലാല്‍ ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. സിനിമ സാധാരണ മനുഷ്യരുടെയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908