✍️ ഡോ. ഹരികുമാർ വിജയലക്ഷ്മി
ഹിന്ദു സന്യാസിമാര്‍ക്കിടയില്‍ ഒട്ടുമേ പ്യൂരിറ്റനല്ലാതെ വര്‍ത്തിച്ചുവെന്നതാണ് ഗുരു നിത്യചൈതന്യ യതിയുടെ ഏറ്റവും വലിയ അനന്യത. മതം, ലൈംഗികത എന്നീ വ്യവഹാരങ്ങളില്‍ അദ്ദേഹം പുലര്‍ത്തിയ ഉല്പതിഷ്ണുത്വം കാലം തിരിച്ചറിയേണ്ടതുണ്ട്. ഭക്ഷണശാലയില്‍ ഒപ്പം വന്നവര്‍ക്ക് മാംസാഹാരവും തനിക്ക് മസാലദോശയും ഓര്‍ഡര്‍ചെയ്ത അദ്ഭുത സന്യാസിയായിരുന്നു യതി. ഒരാള്‍ക്ക് അയാളായിരിക്കുവാനേ കഴിയുകയുള്ളൂ എന്നതായിരുന്നു അദ്ദേഹത്തിൻറെ പ്രമാണം.
112 കൃതികൾ മലയാളത്തിലും Neither this Not that But… Aum, Love and Devotion ഉൾപ്പെടെ 58 കൃതികൾ ഇംഗ്ലീഷിലും രചിച്ചിട്ടുള്ള നാരായണഗുരു പറയുന്ന “അറിവിലുമേറെ അറിഞ്ഞ “ഭാഷയുടെ നിത്യ ചൈതന്യമായിരുന്ന ഗുരു നിത്യചൈതന്യയതിയുടെ ഓർമ്മ ദിനമാണ് ഇന്ന്. ’മലയാള സാഹിത്യലോകത്തും ആധ്യാത്മിക മേഖലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുകയും മതേതരത്വത്തിനും മാനവികതക്കും വേണ്ടി നിലകൊള്ളുകയും ചെയ്ത ഗുരു നിത്യചൈതന്യയതിയുടെ ‘നളിനി എന്ന കാവ്യശില്പം‘ എന്ന പഠന ഗ്രന്ഥത്തിന് 1977 ൽ സാഹിത്യ നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. ഗുരുവും ശിഷ്യനും, ദൈവം സത്യമോ മിഥ്യയോ, മന:ശാസ്ത്രം ജീവിതത്തിൽ, വിമോചന സാമൂഹ്യ ശാസ്ത്രം, മാക്സിം ഗോർക്കി – ഒരു പഠനം, മനുഷ്യപുത്രനായ യേശു, ഊർജതാണ്ഡവം, നടരാജഗുരുവും ഞാനും തുടങ്ങിയവ മലയാളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കൃതികൾ ആയിരുന്നു.

ആധ്യാത്മിക ചിന്തകനായിരുന്നെങ്കിലും ശ്രീനാരായണ ഗുരുവിന്റെ ആത്മീയ പാതയിൽ സഞ്ചരിച്ച യതി മറ്റു സന്യാസിമാരിൽ നിന്നും തീർത്തും വ്യത്യസ്തനായിരുന്നു. തത്വചിന്ത, ശാസ്ത്രം, മതം, വിദ്യാഭ്യാസം, മന:ശാസ്ത്രം തുടങ്ങിയ വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട അദ്ദേഹം കർമ്മയോഗിയും ജ്ഞാന യോഗിയുമായിരുന്നു. ഒരു പ്രത്യേക ചിന്താപദ്ധതിയുടെ കള്ളിയിൽ ഒതുക്കി നിർത്താനാവാത്തവിധം വിപുലമായ രചനാ ജീവിതവും ദർശനവും വഴി കേരളീയ സാംസ്കാരിക ജീവിതത്തിൽ നിറഞ്ഞുനിന്നു. നല്ല ഒരു ചിത്രകാരനും വയലിനിസ്റ്റും കൂടിയായിരുന്നു കലയെയും സംഗീതത്തെയും പ്രകൃതിയെയും സ്നേഹിച്ച അദ്ദേഹം. ഇന്ത്യയിൽ ആദ്യമായി കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്ന സന്യാസിയും അദ്ദേഹമാണ്.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ വ്യാപിച്ചിട്ടുള്ള നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെയും ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റിയുടെയും ഊട്ടിയിലെ ഫേൺഹിൽ ആശ്രമത്തിന്റെയും അധിപനായിരുന്നു. അമേരിക്ക ആസ്ട്രേലിയ ഇൻഗ്ലണ്ട് എന്നിവിടങ്ങളിലെ നാല് സർവകലാശാലകളിൽ വിസിറ്റിങ് പ്രൊഫസറായും യതി സേവനമനുഷ്ഠിച്ചു. കൊല്ലം എസ് എൻ കോളേജിൻറെ മുൻ സൈക്കോളജി ഹെഡ് ആയിരുന്ന അദ്ദേഹം മദ്രാസ് ക്രിസ്ത്യൻ കോളേജിലും ആലുവ യു സി കോളേജിലും അദ്ധ്യാപകനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പപ്പോൾ അദ്ദേഹം നടത്തിയ പ്രതികരണം ഏറെ ശ്രദ്ധേയമായിരുന്നു “രാമൻ ജനിച്ചത് അയോദ്ധ്യയിൽ അല്ല. വാത്മീകിയുടെ മനസിലാണ്”എന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം അദ്ദേഹത്തിന്റെ ചിന്താധാരകളും രചനകളും പൊതു സമൂഹം ഗൗരവബുദ്ധ്യാ ചർച്ച ചെയ്യേണ്ട സമയം ഇനിയും അതിക്രമിച്ചിട്ടില്ല.

ഹിന്ദു സന്യാസിമാര്‍ക്കിടയില്‍ ഒട്ടുമേ പ്യൂരിറ്റനല്ലാതെ വര്‍ത്തിച്ചുവെന്നതാണ് ഗുരു നിത്യചൈതന്യ യതിയുടെ ഏറ്റവും വലിയ അനന്യത. മതം, ലൈംഗികത എന്നീ വ്യവഹാരങ്ങളില്‍ അദ്ദേഹം പുലര്‍ത്തിയ ഉല്പതിഷ്ണുത്വം കാലം തിരിച്ചറിയേണ്ടതുണ്ട്. ഭക്ഷണശാലയില്‍ ഒപ്പം വന്നവര്‍ക്ക് മാംസാഹാരവും തനിക്ക് മസാലദോശയും ഓര്‍ഡര്‍ചെയ്ത അദ്ഭുത സന്യാസിയായിരുന്നു യതി. ഒരാള്‍ക്ക് അയാളായിരിക്കുവാനേ കഴിയുകയുള്ളൂ എന്നതായിരുന്നു അദ്ദേഹത്തിന്‍െറ പ്രമാണം
അച്ചടക്കമാര്‍ന്ന സാധനകളുടെയോ ഇന്ദ്രിയനിഗ്രഹത്തിന്‍െറയോ വക്താവായില്ല യതി. തങ്ങള്‍ക്ക് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹമുണ്ടെന്നും ആശ്രമത്തില്‍ അത് അനുവദനീയമാണോ എന്നും ഒരു വിദേശദമ്പതിമാര്‍ ഒരിക്കല്‍ അദ്ദേഹത്തോട് ആരാഞ്ഞു. ‘Why not? Go and have it’ -അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു. കണ്ണിലൂടെ കണ്ണീരുവരുന്നു. മൂക്കിലൂടെ മൂക്കട്ട, ത്വക്കിലൂടെ വിയര്‍പ്പ്. ലൈംഗികാവയവത്തിലൂടെയുള്ള സ്ഖലനത്തിന് താന്‍ അതിലുപരിയായി ഒരു പ്രാധാന്യവും കല്പിക്കുന്നില്ലെന്ന് ചുറ്റും കൂടിയിരുന്ന മലയാളി പൗരന്മാര്ക്ക് അദ്ദേഹം വിശദീകരിച്ചുകൊടുത്തു. മറ്റൊരിക്കല്‍ ‘ലാവണ്യാനുഭവവും സൗന്ദര്യാനുഭൂതിയും’ എന്ന ധ്യാനഖണ്ഡം പറഞ്ഞുകൊടുക്കവേ, ജീവൻറെ രസം ഉപ്പാണെന്നും തല്പരരായ ചെറുപ്പക്കാര്‍ക്ക് അത് രുചിച്ചുനോക്കാമെന്നുമായിരുന്നു നിര്‍ദേശിച്ചത്!
നന്മയെയും തിന്മയെയും പാപത്തെയും പുണ്യത്തെയും ദ്വന്ദങ്ങളെയുമെല്ലാം ഒരു മഹാമേരുവിനെപ്പോലെ യതി പരിരംഭണം ചെയ്തു. പീഡിതര്‍ക്കും പാപികള്‍ക്കും അഭയമേകി. ‘മഗ്ദലനയ്ക്കല്ലേ യേശുവിനെ ആവശ്യം? പീലാത്തോസില്ലാതെ ക്രിസ്തുവുണ്ടോ?’ സന്ദേഹത്തിൻറെ വാള്‍മുനകളെ അദ്ദേഹം പലപ്പോഴും ഒടിച്ചു. തന്നെ ദൈവപുത്രനാക്കാന്‍ ശ്രമിച്ചവര്‍ക്കു മുന്നില്‍ പച്ചമനുഷ്യൻറെ വിക്രിയകള്‍ കാട്ടി. ഒപ്പമുള്ള കുമാരിമാരില്‍നിന്ന് തന്നിലേക്ക് ഊര്‍ജപ്രസരണം സംഭാവിക്കാറുണ്ടെന്നു പറഞ്ഞ് നല്ല നടപ്പുകാരായ മലയാളി പൗരന്മാരെ ഞെട്ടിച്ചു. (ഒരിക്കല്‍, തന്നെ വന്നു കെട്ടിപ്പുണര്‍ന്ന മാനസപുത്രി ‘എങ്ങനെയുണ്ട് ഗുരു ?’ എന്ന് ചോദിച്ചതിന് ‘ചേര ഇഴയുമ്പോലെയുണ്ട് മോളേ’ എന്നായിരുന്നു മറുപടി!

ദസ്തയേവിസ്കിയെയും വാന്ഗോഗിനെയും ബീഥോവനെയും പ്രണയിച്ച യതിക്ക് രമണ മഹർഷിയുടെ മാര്‍ഗം ഉപദേശിക്കാനും കഴിഞ്ഞു (‘മൂന്നു കഴുവേറികള്’ എന്നായിരുന്നു അദ്ദേഹം അവര്‍ക്കു നല്കിയ ഓമനപ്പേര്!). ഖലീല്‍ ജിബ്രാൻറെ നരകതീര്‍ഥാടനങ്ങളെക്കുറിച്ചും വാന്‍ഗോഗിൻറെ ഉന്മാദദിനങ്ങളെക്കുറിച്ചും വള്ളത്തോളിൻറെ ദരിദ്രകാലത്തെക്കുറിച്ചുമോര്‍ത്ത് അദ്ദേഹം ചകിതനായി. ഇങ്ങനെ എഴുതാന്‍ കഴിയുമെങ്കില്‍ തനിക്കും അല്പം കള്ള് കുടിച്ചുനോക്കിയാല്‍ കൊള്ളാമെന്നായിരുന്നു എ. അയ്യപ്പനെക്കുറിച്ച് ഒരിക്കല്‍ നിത്യ പറഞ്ഞിരുന്നു
യതിക്ക് ഏറെ പാരസ്പര്യമുള്ള മലയാളി എഴുത്തുകാരിയായിരുന്നു കമലാസുരയ്യ. ജയദേവനും ജലാലുദ്ദീന്‍ റൂമിക്കുമിടയില്‍ ഒരു വൈജാത്യവും ദര്‍ശിക്കാതിരുന്ന അദ്ദേഹത്തിന് ഇസ്ലാമിൻറെ നിര്‍മലഹൃദയത്തിലേക്ക് പറിച്ചുനടപ്പെട്ട ഒരു ചെന്താമരപ്പൂവായിരുന്നു അവര്‍. മതംമാറ്റത്തിൻറെ സംഘര്‍ഷനിര്‍ഭരമായിരുന്ന കാലത്ത് തൻറെ ശിഷ്യന്മാരെ അയച്ച് യതി അവര്‍ക്ക് ആശ്വാസവചനങ്ങള്‍ പകര്‍ന്നുനല്‍കിയിരുന്നു. ഊട്ടി ഗുരുകുലത്തിലെ കാവ്യസന്ധ്യകളില്‍ നിറസാന്നിധ്യമായിരുന്നു സുരയ്യ.
കണ്ണിമാങ്ങാ അച്ചാറില്‍നിന്ന് കാള്‍സാഗനിലേക്കും കാക്റ്റസുകളില്‍നിന്ന് സാമവേദത്തിലേക്കും യതി മാനസസഞ്ചാരം നടത്തി. (മുള്മുനകള് ഉണ്ടെങ്കിലും നവോഢകളെപ്പോലെ സൂനഗാത്രികളായ കാക്റ്റസുകളെ ‘എൻറെ താമരക്കണ്ണീ’, ‘എൻറെ മത്തങ്ങാക്കണ്ണീ’ എന്ന് യതി വിളിക്കുമ്പോള്‍ ഏതോ കാമുകന് ഏതോ കാമുകിയുടെ കാതുകളില്‍ എൻറെ പൊന്നേ എന്നു മന്ത്രിക്കുംപോലെ തോന്നും!) ബോധശാസ്ത്രമായിരുന്നു ഏറെ പ്രിയങ്കരം. അറിവിൻറെ പൂന്തോപ്പുകള്തോറും ഉന്മത്തനായി പറന്നു.

താന്‍ കണ്ട സ്വപ്നങ്ങള്‍ ദിവസേന എഴുതിവെക്കുന്ന ശീലമുണ്ടായിരുന്നു യതിക്ക്. ആ സ്വപ്നങ്ങള്‍ തന്നെ മതി ബൃഹത്തായ എത്രയോ ഗ്രന്ഥങ്ങള്‍ക്ക്. ശ്രീനാരായണനും രമണമഹര്‍ഷിയും ഉമയെന്ന പൂച്ചക്കുഞ്ഞും കാള്‍മാര്‍ക്സും ഷെഗാളുമെല്ലാം അവയില്‍ നിരന്നു. ഒരിക്കല്‍ കണ്ടത് വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബോബ്ഡില്ലന്‍ പാടുന്നതായിരുന്നു; ‘How many miles a man must walk before you call him a man?’ പാതിരാവില്‍ ടെലിഫോണ്‍ മുഴങ്ങുമ്പോള്‍ കണ്ടുകൊണ്ടിരുന്ന സ്വപ്നം പാതിവഴിക്ക് നിര്‍ത്തി റിസീവര്‍ എടുക്കും. ശേഷനിദ്രയില്‍ സ്വപ്നത്തിൻറെ തുടര്‍ഭാഗം.
സഹചരന്മാരുടെ ജീവിതം എങ്ങനെ മധുരോദാരമാക്കാമെന്നതായിരുന്നു യതിയുടെ മനനവിഷയങ്ങളില്‍ മുഖ്യം. ധ്യാനസുന്ദരമായ ജീവിതം, കാവ്യപുഷ്ക്കലമായ മനസ്സ്, മനോ-വാക്-കായ സാമഞ്ജസ്യം, ആത്മബോധവും ഭൂതഭൗതികതയും, സരളമാര്‍ഗം… എന്നിങ്ങനെ പ്രഭാഷണവിഷയങ്ങളിലോരോന്നിലും ആനന്ദചിത്തത തുളുമ്പി. അറിവ് ദു$ഖമില്ലാതെ ജീവിക്കാനുള്ള ഉപാധിയായിരുന്നു അദ്ദേഹത്തിന്.
ഹെന്റി ബര്‍ഗ്സണും ഷോഡിങ്കറും ഇമ്മാനുവല്‍ കാന്റും റൂസോയും റൂമിയും മാറ്റീസും ഹൃദയത്തിലെ ആരാധനാസൗഭഗങ്ങളായി. എഡാവാക്കറും ആന്റിലാര്‍ക്കിനും വില്യം റിക്കറ്റും ഹാരീഡേവിസും അന്തരാത്മാവിലെ സ്നേഹസല്ലാപികളായി.
ഒരു മതത്തിനും ദൈവത്തിനും യതി കീഴടങ്ങിയില്ല. സയന്‍സായിരുന്നു മതം. ശാസ്ത്രീയമായ അറിവിൻറെ വെളിച്ചത്തില്‍ പരിശോധിച്ചശേഷമേ ഏതു കാര്യവും ഉറപ്പിക്കുമായിരുന്നുള്ളൂ. ഗീതാസ്വാധ്വായത്തില്‍നിന്ന് ബൃഹദാരണ്യകത്തിലത്തെിയപ്പോഴേക്കും അദ്ദേഹത്തിൻറെ ശാസ്ത്രദൃഷ്ടി അദ്ഭുതകരമാംവണ്ണം ഗഹനമായി. ഗ്രന്ഥഭാഷ്യങ്ങള്‍ മാനുഷികതയുടെ മുന്‍കുതിപ്പുകളായിരുന്നു. ജീവിതോന്മുഖമല്ലാത്ത വ്യാഖ്യാനങ്ങളെ പുറംകൈകൊണ്ട് തട്ടിമാറ്റി. ആത്മതാരകമായിരുന്ന നാരായണഗുരുപോലും തൻറെ അനേകം പൂവാടികളിലൊന്നായിരുന്നുവെന്നാണ് ഒരിക്കല്‍ പറഞ്ഞത്.
സത്യസന്ധനും ധീരനും ബുദ്ധിമാനുമായിരിക്കുക എന്നതായിരുന്നു യതിയുടെ സന്യാസമാര്‍ഗം. ധനത്തിലും സ്നേഹത്തിലും മറ്റാരേക്കാളും അദ്ദേഹം ധൂര്‍ത്തനായി. തൻറെ വിലപ്പെട്ട വസ്തുക്കള്‍ മോഷ്ടിച്ചുകൊണ്ടുപോകുന്നതിനുപോലും പലപ്പോഴും മൗനസമ്മതമേകി.
ദൈവം ഒരു നാമമല്ല, ക്രിയയാണെന്നതായിരുന്നു നിത്യചൈതന്യ യതിയുടെ ഏറ്റവും വലിയ ഉപദേശം. ക്രിയയാകാത്ത ദൈവം നുണ. അനുഷ്ഠിക്കാത്ത തത്ത്വം നുണ. സാഹിത്യവും ചിത്രരചനയും ധ്യാനവും പ്രാര്‍ഥനയും സംഗീതവും പൂന്തോട്ടനിര്‍മാണവുമെല്ലാം വെറും ടൈംപാസ് ആണെന്നും ആത്യന്തിക ലക്ഷ്യം ആത്മതത്ത്വത്തില്‍ ഉറയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.’ ഊര്‍ധമൂലമധശാഖി’യായിരുന്ന ഒരു മഹാശ്വത്ഥമായിരുന്നു നിത്യചൈതന്യ യതി. കണ്ണിലും കാതിലും കര്‍പ്പൂരമഴ പകര്‍ന്നിരുന്ന ഒരു വിശ്വാസതാരകം. യതിയെപ്പോലെ ഒരു വ്യക്തിത്വത്തിൻറെ അഭാവം ഇന്ന് കേരളീയ സമൂഹത്തില്‍ നന്നായി അനുഭവപ്പെടുന്നുണ്ട്.

