Mon. Nov 23rd, 2026

കൊച്ചി: തുറന്ന കോടതി മുറിയില്‍ അഭിഭാഷകയെ വേദനിപ്പിച്ച പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ ബദറുദ്ദീന്‍. ചീഫ് ജസ്റ്റീസിന്റെ ചേംബറിലാണ് ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നത്. വനിതാ അഭിഭാഷകയെ പരസ്യമായി ശാസിക്കുകയും അപമാനിക്കുകയും ചെയ്‌തെന്ന ആരോപണത്തില്‍ കോടതി ബഹിഷ്‌കരണവുമായി ഹൈക്കോടതി അഭിഭാഷക അസോസിയേഷനും രംഗത്തെത്തിയിരുന്നു.

എന്നാല്‍ ചീഫ് ജസ്റ്റീസിന്റെ ചേംബറില്‍ വെച്ച് ജഡ്ജി മാപ്പുപറഞ്ഞെന്നാണ് പരാതിക്കാരിയായ അഭിഭാഷക ഹൈക്കോടതി അഭിഭാഷക അസോസിയേഷനെ അറിയിച്ചത്. എന്നാല്‍ കോടതി ബഹിഷ്‌കരണം പ്രഖ്യാപിച്ച തങ്ങളോട് ആലോചിക്കാതെയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നെതെന്ന് അഭിഭാഷക അസോസിയേഷന്‍ അറിയിച്ചു. തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനായി തിങ്കളാഴ്ച രാവിലെ 9.45 ന് പ്രത്യേക ജനറല്‍ ബോഡി യോഗവും വിളിച്ചിട്ടുണ്ട്.