Sat. Nov 21st, 2026

തിരുവനന്തപുരം: കഠിനംകുളം ആതിര കൊലപാതകത്തിൽ പ്രതിയുടെ മൊഴി പുറത്ത്. ആതിരയും ജോൺസണും ഒരുമിച്ച് താമസിക്കാൻ വീട് എടുത്തിരുന്നുവെന്ന് പ്രതി മൊഴി നൽകിയതായി ഡിവൈഎസ്പി പറഞ്ഞു. കുട്ടിയെ ഉപേക്ഷിച്ചു വരാൻ തയ്യാറല്ലെന്ന് ആതിര പറഞ്ഞു. ഇതേ തുടർന്നാണ് ആതിരയെ കൊലപ്പെടുത്തിയതെന്നും ജോൺസൺ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.

ആതിരയുടെ ബന്ധം കുടുംബം അറിഞ്ഞിരുന്നു. തുടർന്ന് കുടുംബം ആതിരയെ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിച്ചു. ഇതോടെയാണ് കൊല്ലാൻ തീരുമാനിച്ചതെന്നും പ്രതിയുടെ മൊഴിയിലുണ്ട്. കൊലപാതകത്തിന് പിന്നാലെ മുങ്ങിയ ജോൺസൻ ഔസേപ്പിനെ ഇന്നലെ കോട്ടയം ചിങ്ങവനത്തെ ഒരു വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. എലിവിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോൺസൺ.

സംഭവ ദിവസം രാവിലെ 7 മണിയോടെ പ്രതി മതിൽ ചാടി ആതിര താമസിക്കുന്ന വീടിനകത്തു വന്നു. അവസാനമായി ആതിരയെ ഒന്നു കാണണമെന്നായിരുന്നു ജോൺസന്‍റെ ആവശ്യം. തന്‍റെ ബൈക്ക് അടക്കം വിറ്റിട്ടാണ് പ്രതി ആതിരയെ കാണാൻ എത്തിയത്. കുട്ടിയെ സ്കൂളിൽ വിട്ടശേഷം ഭർത്താവിന് ഭക്ഷണം കൊടുത്ത് ആതിര മടങ്ങി റൂമിൽ എത്തിയപ്പോഴാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രതി മൊഴി നൽകിയത്.