കോടഞ്ചേരിയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ ചവിട്ടേറ്റ് ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ട താമരശേരി സ്വദേശിനി ജ്യോത്സന പൊലിസ് തനിക്കും കുടുംബത്തിനും നേരെ അതിക്രമം നടത്തുന്നുവെന്നാരോപിച്ച് ഡിവൈ.എസ്.പി ഓഫിസിനു മുന്നില്‍ കുടില്‍കെട്ടി സമരത്തിനൊരുങ്ങുന്നു. തന്നെ മര്‍ദ്ദിച്ചവര്‍ തന്റെ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്നും ജ്യോത്സ്ന ആരോപിച്ചു. ഇത് കൂടാതെ മകളെ ഉപദ്രവിച്ചതിനെതിരെ ജ്യോത്സ്ന നല്കിയ പരാതിയിന്മേല് പോക്സോ വകുപ്പുകള്‍ ചുമത്തി സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളതാണ്. പ്രതിയും ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. ഈ കേസില്‍ തുടരന്വേഷണം നടത്താന്‍ പോലും പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.
പൊലിസ് തങ്ങളെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഇനിയും അതിക്രമം തുടര്‍ന്നാല്‍ താമരശേരി ഡിവൈ.എസ്.പി ഓഫിസിനു മുന്നില്‍ കുടില്‍കെട്ടി താമസിക്കുമെന്നും ജോത്സന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തന്റെ ഗര്‍ഭസ്ഥശിശുവിനെ ചവിട്ടിക്കൊന്ന കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലിസ് തങ്ങളെ പീഡിപ്പിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. കേസിലെ നാലാം പ്രതിയായ ജോയിയെ കഴിഞ്ഞ ദിവസം ആരോ മര്‍ദിച്ചുവെന്നും ഇതിനു പിന്നില്‍ തന്റെ ഭര്‍ത്താവ് സിബിയാണെന്നും ആരോപിച്ച് ഇന്നലെ പുലര്‍ച്ചെ 5.30നാണ് പൊലിസ് വീട്ടിലെത്തിയത്.
തന്റെ ഗര്‍ഭസ്ഥശിശുവിനെ ചവിട്ടിക്കൊന്ന കേസിന്റെ വിചാരണ ന്യൂനപക്ഷ കമ്മിഷന് മുന്‍പാകെ ഇന്ന് ആരംഭിക്കുകയാണ്. ഈ കേസിന്റെ ആവശ്യപ്രകാരം സിബി അഡ്വക്കറ്റിനെ കാണാന്‍ എറണാകുളത്ത് പോയതായിരുന്നു. കേസില്‍ ജാമ്യത്തിനിറങ്ങിയ പ്രതികളാണ് തന്റെ കുടുംബത്തം പീഡിപ്പിക്കുന്നതെന്നും ജ്യോത്സ്ന പറയുന്നു. തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തുവെങ്കിലും ഇതിലും വലിയ കേസില്‍ തന്നെയും കുടുംബത്തെയും ഉള്‍പ്പെടുത്തുമെന്ന് പൊലിസുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും അവര്‍ പറഞ്ഞു.
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ തമ്പിയെ കേസില്‍നിന്ന് ഒഴിവാക്കാന്‍ തരത്തിലുള്ള മൊഴി നല്‍കണമെന്ന് കോടഞ്ചേരി എസ്.ഐ തന്നോട് ആവശ്യപ്പെട്ടിരുന്നു. കേസ് അവസാനിപ്പിക്കുകയാണെങ്കില്‍ അഞ്ചു ലക്ഷം രൂപ വരെ നല്‍കാമെന്ന് ചിലര്‍ വാഗ്ദാനം ചെയ്തിരുന്നതായും അവര്‍ പറഞ്ഞു. സി.പി.എം ഭീഷണിയെ തുടര്‍ന്ന് നാലു തവണയാണ് തങ്ങള്‍ വാടക വീട് മാറിയത്. താനും ഭര്‍ത്താവും മൂന്നു മക്കളും ഭയത്തോടെയാണ് ജീവിക്കുന്നത്. പൊലിസിന്റെ ഒരു സംരക്ഷണവും ഇല്ല.ഗൂഢാലോചനയുടെ ഭാഗമായാണ് ഇപ്പോള്‍ നടക്കുന്ന ഭീഷണികളെന്നും അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടാല്‍ നുണ പരിശോധനക്ക് തങ്ങള്‍ തയാറാണെന്നും അവര്‍ പറഞ്ഞു.