ആലുവ: ശിവഗിരി തീർത്ഥാടനത്തിടനുബന്ധിച്ചുളള സമ്മേളനത്തിൽ ഷർട്ട് ധരിച്ചുള്ള ക്ഷേത്രപ്രവേശനത്തിന് ആചാരപരിഷ്ക്കരണം നിർദ്ദേശിച്ച ശിവഗിരി മഠം പ്രസിഡൻ്റ് സച്ചിതാനന്ദ സ്വാമിയെ ആധിക്ഷേപിച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ സംസ്ഥാനത്ത് ശ്രീനാരയണീയരുടെ വ്യാപകമായ പ്രതിഷേധം.
സച്ചിതാനന്ദ സ്വാമിക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് സ്വാമികൾക്കെതിരെ അനാദരവോടെ സംസാരിച്ച സുകുമാരൻ നായരുടെ ഇരുട്ട് നിറഞ്ഞ മനസിലേക്ക് വെളിച്ചം പകരുന്നതിന് പ്രതീകാത്മകമായി ദീപം തെളിയിച്ച് ഗുരുധർമ്മ പ്രചരണ യുവജനസഭ എറണാകുളം ജില്ലാകമ്മിറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചു. ആലുവ ബാങ്ക് കവലയിൽ നടത്തിയ പ്രതിഷേധയോഗം ഗുരുധർമ്മപ്രചരണസഭ കേന്ദ്ര സെക്രട്ടറി ശ്രീമദ് അസംഗാനന്ദഗിരി സ്വാമികൾ ഉദ്ഘാടനം ചെയ്തു.
പ്രതിഷേധ യോഗത്തിൽ യുവജനസഭ ജില്ല പ്രസിഡൻ്റ് ടി.എസ്. അംജിത്ത് അദ്ധ്യക്ഷത വഹിച്ചു. ശ്രീമദ് ശങ്കരാനന്ദ സ്വാമികൾ, കേന്ദ്ര ഉപദേശകസമിതി വൈസ് ചെയർമാൻ അഡ്വ. പി.എം. മധു, ജില്ല പ്രസിഡൻ്റ് ഡി.ബാബുരാജൻ, ജില്ല സെക്രട്ടറി കെ.ആർ. ലക്ഷ്മണൻ, യുവജനസഭ കേന്ദ്രസമിതി ചെയർമാൻ രാജേഷ് സഹദേവൻ അമ്പലപ്പുഴ, ജോയിൻ്റ് കൺവീനർ എ.എ.അഭയ്, യുവജനസഭ ജില്ല സെക്രട്ടറി കെ. സിജേഷ്, ട്രഷറർ സന്തോഷ്. കെ.സി എന്നിവർ സംസാരിച്ചു.


