✍️ ലിബി. സി.എസ്
സനാതന അധർമ്മത്തിനെതിരെ മുഖ്യമന്ത്രിയും വസ്ത്രാക്ഷേപ ആചാരത്തിനെതിരെ സച്ചിതാനന്ദയും അവരുടെ അഭിപ്രായം പറഞ്ഞതിൻറെ പേരിൽ സുകുമാരൻ നായർക്കൊപ്പം ഓരിയിടുന്ന സതീശൻ നായരെയും ചെന്നിത്തല നായരെയും മറ്റ് സനാതന കോൺഗ്രസുകാരെയും കണ്ട് ആരും ആശ്ചര്യപ്പെടേണ്ടതില്ല. കഴിഞ്ഞ തവണ കോൺഗ്രസ് ആണ് കേരളത്തിൽ ജയിച്ചിരുന്നതെങ്കിൽ സച്ചിതാനന്ദ രണ്ടുവർഷം അകത്തുപോയി ചപ്പാത്തി തിന്നേണ്ട കേസാണിത്.
അധികാരമില്ലാഞ്ഞിട്ടും ആചാര ലംഘനം 2 വർഷം തടവ് ശിക്ഷ ലഭിക്കുന്ന ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന “ആചാര സംരക്ഷണ കരട് ബില്ല്” തിരുവഞ്ചൂരും ചെന്നിത്തലയുമൊക്കെക്കൂടി ചങ്ങനാശേരി ബസ്റ്റാന്റിലിരുന്നു കരിക്കുംകുടിച്ച് പാസാക്കി അന്നത്തെ നിയമ മന്ത്രി എകെ ബാലന് അയച്ചുകൊടുക്കുകയും അതുമായി ഇലക്ഷനെ നേരിടുകയും ജനങ്ങൾ വീട്ടിലിരുത്തുകയും ചെയ്തതിനാൽ മാത്രം സച്ചിതാനന്ദ രക്ഷപ്പെട്ടെന്ന് കരുതിയാൽ മതി. ഇവന്മാരൊക്കെ ഇപ്പോഴും 19 ആം നൂറ്റാണ്ടിൽ തന്നെ ചുറ്റിത്തിരിയുകയാണ് എന്ന് മനസിലായല്ലോ? എന്തായാലും ഈ വർഷത്തെ ശിവഗിരി തീർത്ഥാടനത്തിന് ഇവന്റെയൊക്കെ തനിക്കൊണം വെളിവാക്കാനായി എന്ന ഒരു പ്രത്യേകതയുണ്ട്.
വേറൊരു ബുദ്ധിമാന്മാരുടെ പാർട്ടിയുണ്ട് സിപിഐ. ഇത്തരംകാര്യങ്ങളിലൊക്കെ നിശബ്ദം കരയോഗസേവ ചെയ്യുന്ന പാർട്ടിയാണ് അത്, ശബരിമല കലാപകാലത്ത് അതുപറഞ്ഞു പലതവണ വിഎസ് കാനത്തെ എടുത്തിട്ട് അലക്കിയത് നെറ്റിൽ കിടപ്പുണ്ട്.
സിപിഎം ൻറെ കാര്യവും വ്യത്യസ്തമല്ലെങ്കിലും അതിനേക്കാളൊക്കെ കുറച്ചുഭേദമാണ്, പിണറായിവിജയൻറെ വ്യക്തിപരമായ നിലപാടിനപ്പുറം ഇത് അദ്ദേഹത്തിൻറെ പാർട്ടിയുടേയോ സർക്കാരിന്റെയോ നിലപാടാണെന്നു പറയാനുമാവില്ല. ശബരിമല കലാപ കാലത്തും അദ്ദേഹത്തിനൊപ്പം പാർട്ടിയോ അദ്ദേഹത്തിൻറെ മന്ത്രി സഭാംഗങ്ങളോ പോലും നിന്നില്ല എന്നതും നമ്മൾ കണ്ടതാണ്. ആകപ്പാടെ കൂടെ നിന്നത് എ കെ ബാലനും മണി ആശാനുമാണ്. അങ്ങനെയെങ്കിലും ചിലർ ഉണ്ടായിരുന്നു എന്നത് ഒരാശ്വാസം, ദേവസ്വം മന്ത്രി ഉൾപ്പെടെ സംഘികൾക്കൊപ്പമായിരുന്നല്ലോ? ദളിത് പിന്നാക്ക ജനതയുടെ അധികാരത്തിലും ഉദ്യോഗങ്ങളിലും എല്ലാമുള്ള പങ്കാളിത്ത വിഷയത്തിൽ ഇവരുടെ നിലപാടുകൾ ആർക്കൊപ്പമെന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ?
കഴിഞ്ഞ ദിവസവും പിണറയി വിജയൻ സനാതന അധർമ്മത്തിനെതിരെ നടത്തിയ പ്രസംഗത്തിൽ “ലോകാ സമസ്താ സുഖിനോ ഭവന്തു” എന്താണെന്നും “ലോകാസമസ്താ സുഖിനോഭവന്തു” എന്ന സനാതനത്വത്തിന്റെ മുദ്രാവാക്യവും ഇന്നത്തെ പശു കേന്ദ്രീകൃത, ബ്രാഹ്മണ കേന്ദ്രീകൃത രാഷ്ട്രീയവും തമ്മിലുള്ള ബന്ധവും വിശദീകരിച്ചിരുന്നല്ലോ? എന്നാൽ പിറ്റേ ദിവസം തന്നെ സിപിഎം ൻറെ ഒരു എംഎൽഎ പിണറായി വിജയനെ തുണിപൊക്കി കാണിക്കുന്നതിന് സമാനമായി “ലോകാസമസ്താ സുഖിനോഭവന്തു” എഴുതി അവരുടെ ഫോട്ടോയും ഫെയ്സ്ബുക്കിൽ പോസ്റ്റിയിരിക്കുന്നത് അവിടെത്തന്നെ കിടപ്പുണ്ട്. അതവരുടെ മാത്രം നിലപാടൊന്നുമല്ല. അതുകൊണ്ട് അതിനെ പിണറയിവിജയൻറെ വ്യക്തിപരമായ അഭിപ്രായം മാത്രമായേ കാണേണ്ടതുള്ളൂ എന്ന് തോന്നുന്നു.
സനാതന കോൺഗ്രസ് പിന്നെ മതപരമായ കാര്യങ്ങളിലൊക്കെ പണ്ടേ ഇങ്ങനെയാണ്. 1986 ൽ സുപ്രീംകോടതി പുറപ്പെടുവിച്ച രണ്ട് സുപ്രധാന വിധികളായിരുന്നു ഷാബാനു കേസിലെയും മേരി റോയിയുടെ കേസിലെയും വിധികൾ. വര്‍ഷങ്ങള്‍ നീണ്ടുനിന്ന കോടതി വ്യവഹാരങ്ങള്‍ക്കു ശേഷം 1986ലാണ് ഷാ ബാനുവിന് ജീവനാംശം നല്കാന് ഭര്‍ത്താവ് ബാധ്യസ്ഥനാണെന്നു സുപ്രീം കോടതി വിധിച്ചത്. വിധിക്കെതിരെ മുസ്ലിം മതപൗരോഹിത്യം ശക്തമായി രംഗത്ത് വരുകയും കേന്ദ്രം ഭരിച്ചിരുന്ന രാജീവ് ഗാന്ധി സര്‍ക്കാർ കോടതി വിധിക്കെതിരെ ബില്ല് പാസ്സാക്കി വിധിയെ അട്ടിമറിക്കുകയും ചെയ്തു.
എം മുള്ള എന്ന ഇസ്ലാമിക നിയമപണ്ഡിതന് രചിച്ച മുഹമ്മദന്‍ നിയമ തത്വങ്ങള്‍ (Principles of Mahomedan law by Sir Dinshah Fardunji Mulla) എന്ന നിയമ സംഹിതയേയും ഇസ്ലാമിക മതസാഹിത്യത്തെയും ആധാരമാക്കി ബ്രിട്ടീഷ് ഭരണകാലത്ത് (1937ല്‍) ഇന്ത്യയില്‍ നിലവില്‍ വന്ന മുസ്ലിം ശരി അത്ത് നിയമത്തിലെ വിവാഹമോചനം സംബന്ധിച്ച സങ്കല്‍പ്പമാണ് ഷാബാനു കേസില്‍ വിചാരണ ചെയ്യപ്പെട്ടത്. രാജ്യത്തെ മുസ്ലീം സ്ത്രീകള്‍ക്ക് ആകമാനം ഗുണകരമായിരുന്ന സുപ്രീം കോടതി വിധി മുസ്ലിം യാഥാസ്ഥികരുടെ പ്രതിഷേധം കണ്ട് വിരണ്ടു പോയ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള അന്നത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിലൂടെ അട്ടിമറിച്ചു. പാര്‍ലമെന്റിലെ അന്നത്തെ കോൺഗ്രസിൻറെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് സുപ്രീം കോടതി വിധി ദുര്‍ബലപ്പെടുത്തി മുസ്ലിം യാഥാസ്ഥിതിക നേതൃത്വത്തിന് ഹിതകരമായ മുസ്ലിം വിവാഹ മോചന നിയമം Muslim Women (Protection of Rights on Divorce) Act, 1986 കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ പാസ്സാക്കി.
പിതൃസ്വത്തില് സ്ത്രീകള്‍ക്കും തുല്യാവകാശമുണ്ടെന്ന് കാട്ടി മേരി റോയ് അറുപതുകളുടെ പകുതി മുതല്‍ കീഴ്കോടതികളില്‍ നിന്നാരംഭിച്ച നിയമ പോരാട്ടം 1984-ല്‍ സുപ്രീം കോടതി വരെ എത്തുകയും 1986 ഫെബ്രുവരി 24.ന് 1916-ലെ തിരുവിതാംകൂര്‍-കൊച്ചി ക്രിസ്ത്യന്‍ പിന്തുടര്ച്ചാവകാശ നിയമം അസ്സാധുവാക്കി കൊണ്ട് മേരി റോയ് വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന കേസിൽ സുപ്രീം കോടതി വിധി വന്നു.
വിധി വരുമ്പോൾ കേരളം ഭരിക്കുന്നത് കോൺഗ്രസ് ആയിരുന്നു. പള്ളിയും പട്ടക്കാരും സമര്‍ത്ഥമായി ഇടപ്പെട്ടു. വിധി അട്ടിമറിക്കാനായി ‘ദ ട്രാവന്‍കൂര്‍ ആന്റ് കൊച്ചിന് ക്രിസ്ത്യന്‍ സക്സസെഷന്‍ (റിവൈവല്‍ ആന്റ് വാലിഡേഷന്‍) ബില്‍ 1994 ‘ എന്ന പേരില്‍ ബില്ല് സര്‍ക്കുലേറ്റ് ചെയ്തെങ്കിലും ബില്ലിന് രാഷ്ട പതിയുടെ അംഗീകാരം ലഭിച്ചില്ല. അന്ന് സ്ത്രീവിരുദ്ധ ബില്ലുകൊണ്ടുവന്ന കെഎം മാണിയും പിന്താങ്ങിയ പുതുപ്പള്ളി കുഞ്ഞൂഞ്ഞും ഇന്ന് ഇരുമുന്നണികളുടെയും പുണ്യാളന്മാരാണ്.
തന്ത്രിക്ക് ജുഡീഷ്യൽ അധികാരം നൽകുന്ന ജനാധിപത്യത്തെ ഫ്യൂഡലിസത്തിലേക്ക് കൊണ്ടുപോകുന്ന ആചാര സംരക്ഷണ കരട് ബില്ലും ഉണ്ടാക്കി കഴിഞ്ഞ നിയമസഭാ ഇലക്ഷനെ നേരിട്ടത് സൂചിപ്പിച്ചിരുന്നല്ലോ . കൂടാതെ കെപിസിസി സംവിധാനം ചെയ്ത ഒരു ഏകാംഗ നാടകം എൻകെ പ്രേമചദ്രനെക്കൊണ്ട് പാർലമെന്റിലും അരങ്ങേറിച്ചിരുന്നു. ഒരു സ്വകാര്യബില്ല്. സത്യം പറഞ്ഞാൽ ബിജെപിക്കാർ പോലും അയ്യപ്പന് വേണ്ടി ഹെലികോപ്റ്ററിൽ പറന്നുനടന്നു തോറ്റു എന്നല്ലാതെ കേന്ദ്രത്തിൽ അധികാരം ഉണ്ടായിട്ടും ഈ ജാതി കോമഡികൾ കാണിച്ചിട്ടില്ല.
അതുകൊണ്ട് വരുന്ന തിരഞ്ഞെടുപ്പിലും വിഡ്ഢികളാക്കപ്പെടുന്നത് ഇവിടുത്തെ ദളിത് പിന്നാക്ക സമൂഹം തന്നെയാവും. ഇവരിൽ ആരാണ് മികച്ച ബ്രാഹ്മണിസ്റ്റ് എന്ന് തിരഞ്ഞെടുക്കുകയേ നിർവാഹമുള്ളൂ.


