Sun. Nov 22nd, 2026

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ കൂട്ട നൃത്തപരിപാടിക്കിടെയുണ്ടായ അപകട കേസില്‍ പോലീസില്‍ കീഴടങ്ങിയ ഒന്നാം പ്രതിയെ വിട്ടയച്ചു. മൃദംഗ വിഷന്‍ മാനേജിംഗ് ഡയറക്ടര്‍ വയനാട് മേപ്പാടി മലയില്‍ എം നിഗോഷ് കുമാറി(40)നെയാണ് ഏഴു മണിക്കൂര്‍ നീണ്ട വിശദമായി ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചത്. കേസിലെ മറ്റൊരു പ്രതിയായ ഓസ്‌കാര്‍ ഇവന്റ്‌സ് ഉടമ ജനീഷ് കുമാര്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരായിരുന്നില്ല.

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇയാള്‍ ഇന്ന് ഉച്ചക്ക് രണ്ടേകാലോടെ എറണാകുളം പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് പോലീസില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്.

വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പരിപാടിയുടെ വേദി അശാസ്ത്രീയമായി ഉണ്ടാക്കി അപകടം ഉണ്ടാക്കിയതിനാണ് നിലവില്‍ കേസ് എടുത്തിട്ടുള്ളത്. സാമ്പത്തിക വഞ്ചനാ കുറ്റത്തില്‍ ഉള്‍പ്പെടെ വിശദമായ പരിശോധനയ്ക്കുശേഷമായിരിക്കും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുക