✍️ സുരേഷ്. സി.ആർ
“അനേകമനേകം വർഷങ്ങളിലെ പഴക്കമുള്ള നാടുവാഴി പ്രഭുത്വം കടപുഴകി വീണുക്കൊണ്ടിരിയ്ക്കുന്ന കാഴ്ച കാണുമ്പോൾ അതിത്ര നിഷ്പ്രയാസം നിലംപതിക്കുമെന്ന് ആറു മാസം മുമ്പ് പ്രവചിക്കാൻ എനിക്കു കഴിയുമായിരുന്നില്ല. സർദാർ വല്ലഭഭായി പട്ടേലിനോട് നാമെല്ലാം കടപ്പെട്ടിരിയ്ക്കുന്നു” –ജവഹർലാൽ നെഹ്റു
ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളും പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാവുമായിരുന്നു വല്ലഭഭായി പട്ടേൽ (1875 – 1950) .ഇന്ത്യയിലും ലോകമൊട്ടാകെയും തലവൻ എന്ന് അർത്ഥം വരുന്ന സർദാർ എന്ന പേരിൽ അദ്ദേഹം അഭിസംബോധന ചെയ്യപ്പെട്ടു.
ഇന്ത്യാ വിഭജനത്തിനുശേഷം, പഞ്ചാബിലേയും, ഡൽഹിയിലേയും അഭയാർതാഥികളെ പുനരധിവസിപ്പിക്കുക എന്ന ചുമതല ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയും, പിന്നീട് ആഭ്യന്തര മന്ത്രിയും ആയ പട്ടേലിനായിരുന്നു. ശിഥിലമായി കിടന്നിരുന്ന സ്വതന്ത്ര ഇന്ത്യയെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങൾക്കു നേതൃത്വം നൽകിയത് പട്ടേലായിരുന്നു. 565 ഓളം സ്വയംഭരണാവകാശമുള്ള നാട്ടുരാജ്യങ്ങളെ നയതന്ത്രം കൊണ്ട് പട്ടേൽ ഇന്ത്യാ യൂണിയന്റെ കൊടിക്കീഴിൽ കൊണ്ടു വന്നു.
ഗുജറാത്തിലെ നദിയാ ജില്ലയിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനും മെട്രിക്കുലേഷനും ശേഷം അദ്ദേഹം നിയമപഠനം പൂർത്തിയാക്കി. ഗോധ്രയിൽ വക്കീലായി. 1910-ൽ ലണ്ടനിലേക്ക് ഉപരിപഠനത്തിനായി പോയി. അവിടെനിന്നും ബാരിസ്റ്റർ ബിരുദം നേടി. ബാരിസ്റ്ററായി തിരികെ ഇന്ത്യയിൽ തിരിച്ചെത്തി അഹമ്മദാബാദിൽ വക്കീലായി പ്രവർത്തിച്ചു. അഹിംസ, സത്യാഗ്രഹം എന്നിവയെക്കുറിച്ച് ഗാന്ധിയിൽ നിന്ന് കേട്ട പട്ടേൽ അദ്ദേഹത്തിൽ ആകൃഷ്ടനായി.

ഗാന്ധിയുടെ സ്വരാജ് എന്ന ആശയത്തിനു പിന്തുണ നൽകികൊണ്ടാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. 1928-ൽ സംഘടിത സമരത്തിന്റെ ശക്തി തെളിയിച്ച ബർദോളി കർഷകസമര വിജയശില്പി ആയതോടെ ഗാന്ധിയാണ് ‘സർദാർ’ എന്ന പേരു നൽകി പട്ടേലിനെ ആദരിച്ചത്. ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനായുള്ള പെറ്റീഷനിൽ ഒപ്പു വെക്കാനായി പട്ടേൽ ജനങ്ങളോടാഹ്വാനം ചെയ്തു.
1930-ൽ ഉപ്പുസത്യാഗ്രഹത്തിന് അഞ്ച് ദിവസം മുമ്പ് ആദ്യമായി അറസ്റ്റിലായി. പിന്നീട് നിരവധി തവണ അറസ്റ്റിലായി. 1931-ൽ കറാച്ചി കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷനായി. 1946-ൽ നെഹ്റുവിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഇടക്കാല സർക്കാരിൽ ആഭ്യന്തരം, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പുകൾ കൈകാര്യം ചെയ്തു.
വല്ലഭഭായി പട്ടേലാണ് ആധുനിക അഖിലേന്ത്യാ സിവിൽ സർവ്വീസസ് സ്ഥാപിച്ചത്. ഇന്ത്യൻ സിവിൽ സർവ്വീസിന്റെ തലതൊട്ടപ്പനായും പട്ടേൽ അറിയപ്പെടുന്നു. വ്യക്തികളുടെ വസ്തു അവകാശത്തിന്റെയും സ്വതന്ത്ര വാണിജ്യ വ്യവസ്ഥയുടെയും ആദ്യകാല വക്താക്കളിൽ ഒരാളായിരുന്നു.

