ഇന്ത്യൻ സിനിമയില്‍ എതിരാളികളില്ലാത്ത പ്രതിഭയാണ് കമൽ ഹാസൻ. ഉലക നായകന്റെ 70-ാം പിറന്നാൾ ഗംഭീരമായി ആഘോഷിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ആരാധകർ. മണിരത്നം സംവിധാനം ചെയ്യുന്ന കമൽ ഹാസൻ നായകനായ “തഗ് ലൈഫ്” ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
കമൽ ഹാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ ഒരു പെൻസിൽ സ്കെച്ച് പോസ്റ്റർ അടുത്തിടെ പുറത്തുവന്നിരുന്നു. രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും മദ്രാസ് ടാക്കീസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഒരു ഗ്യാങ്സ്റ്റർ ഡ്രാമയായാണ് ഒരുങ്ങുന്നത്.
കമൽ ഹാസന്റെ പിറന്നാളിനോടനുബന്ധിച്ച് ആരാധകർക്കായി സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് തഗ് ലൈഫ്ന്റെ അണിയറപ്രവർത്തകർ. കമൽ ഹാസന്റെ കഥാപാത്രത്തെ അനാവരണം ചെയ്യുന്ന ഗ്ലിംപ്സ് വിഡിയോ ആയിരിക്കും പുറത്തുവരികയെന്നാണ് വിവരം.
ചിത്രത്തിൽ മറ്റു താരങ്ങളായി എത്തുന്നത് ജയം രവി, തൃഷ, അഭിരാമി, നാസർ എന്നിവരാണ്. എ ആർ റഹ്മാനാണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കുന്നത്. ഇതുവരെ കാണാത്ത ഗെറ്റപ്പിലായിരിക്കും കമൽ ഹാസൻ ചിത്രത്തിൽ എത്തുക എന്നാണ് പുറത്തു വരുന്ന വിവരം.


