പാലക്കാട്: വിമതസ്വരമുയര്‍ത്തിയ സന്ദീപ് വാര്യര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാവുമെന്ന സൂചന നല്കി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. തിരഞ്ഞെടുപ്പു സമയത്തല്ല ഒരു പാര്‍ട്ടി നേതാവ് പരാതി പറയേണ്ടത്. ബി ജെ പി നേതൃത്വത്തിനും പാലക്കാട്ടെ ബി ജെ പി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനുമെതിരെ പരസ്യമായി തുറന്നടിച്ച നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് സന്ദീപ് വാര്യര്‍ ആവര്‍ത്തിച്ചു.
പാലക്കാട് പ്രചാരണത്തിന് എത്തില്ലെന്നും അപമാനം നേരിട്ടുവെന്നുമുള്ള ഫേയ്സ്ബുക്ക് പോസ്റ്റിലെ നിലപാട് സന്ദീപ് ആവര്‍ത്തിച്ചു. പാലക്കാട് ബി ജെ പി ഓഫീസില്‍ നേതാക്കള്‍ അടിയന്തര യോഗം ചേര്‍ന്നു സാഹചര്യം വിലയിരുത്തി. മുങ്ങുന്ന കപ്പലായ സി പി എമ്മിലേക്കോ കോണ്‍ഗ്രസ്സിലേക്കോ ആരെങ്കിലും പോകുമോ എന്നു സുരേന്ദ്രന് ചോദിച്ചു. നേരത്തെ ബി ജി പി വിട്ട് മറ്റുപാര്‍ട്ടിയില്‍ പോയവരുടെ ഗതി എന്താണെന്നു നോക്കണം. ബി ജെ പി മറ്റു പാര്‍ട്ടികളെ പോലെയല്ലെന്നും സുരേന്ദ്രന് പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് പാലിക്കേണ്ട മര്യാദ ഫേസ്ബുക്ക് പോസ്റ്റില്‍ കാണിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ബി ജെ പി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ കെ സുരേന്ദ്രന് ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കള്‍ പങ്കെടുത്തു. സ്ഥാനാര്‍ഥി സി കൃഷ്ണകുമാറും ഓഫീസിലെത്തി. ആത്മാര്‍ഥതയുള്ള ഒരു പ്രവര്‍ത്തകനും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കില്ലെന്ന് സി കൃഷ്ണകുമാര്‍ പ്രതികരിച്ചു.
അതേസമയം, ബി ജെ പി രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ സന്ദീപ് വാര്യരെ ഇടതുപക്ഷത്തേക്ക് സ്വീകരിക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. സന്ദീപ് വാര്യര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഫാസിസ്റ്റ് പ്രത്യയശാസ്ത്രംവിട്ടു വരുന്നവരെ സ്വീകരിക്കാന്‍ സി പി എമ്മിന് മടിയില്ല. എല്ലാ പാര്ട്ടിയിലുള്ളവേരേയും ഇടതുപക്ഷത്തേക്കു കൊണ്ടുവരാനാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും രാജേഷ് വ്യക്തമാക്കി.


