Sat. Nov 21st, 2026

രാജ് കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ബയോഗ്രഫിക്കൽ വാർ സിനിമ അമരനിലെ നായികയായി സായി പല്ലവി. ശിവകാർത്തികേയൻ മേജർ മുകുന്ദ് വരദരാജായി എത്തുമ്പോൾ ഭാര്യയും മലയാളിയുമായ ഇന്ദു റെബേക്ക വർഗീസ് ആയിട്ടാണ് സായി പല്ലവി എത്തുന്നത്.

സായിയുടെ കഥാപാത്രത്തിന്റെ ഇൻട്രോ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 2015 ലെ റിപ്പബ്ലിക് പരേഡിൽ മേജർ മുകുന്ദിന് ആദരമർപ്പിക്കുന്ന യഥാർത്ഥ ഇന്ദുവിന്റെ വീഡിയോയും ഉൾപ്പെടുത്തിയാണ് ക്യാരക്ടർ ഇൻട്രോ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

കമൽഹാസന്റെ ആർകെഎഫ്‌ഐയും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിച്ച അമരൻ ഒക്ടോബർ 31ന് ദീപാവലിക്ക് തിയേറ്ററുകളിലെത്തും. ഇതോടെ യുവതാരങ്ങളുടെ മത്സരമായിരിക്കും ദീപാവലിക്ക് ഉണ്ടാവുകയെന്ന് ഉറപ്പായി. ജയം രവിയുടെ ‘ബ്രദർ’, കവിൻ നായകനാവുന്ന ‘ബ്ലഡി ബെഗ്ഗർ’ ദുൽഖർ സൽമാൻ നായകനാവുന്ന ‘ലക്കി ഭാസ്‌കർ’ എന്നിവയാണ് ദീപാവലിക്കെത്തുന്ന മറ്റുചിത്രങ്ങൾ.

നിർമാതാവ് കൂടിയായ കമൽഹാസൻ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. മേജർ മുകുന്ദ് വരദരാജനാവാൻ കടുത്ത ശാരീരിക പരിശീലനം ശിവകാർത്തികേയൻ നടത്തിയിരുന്നു. ജിവി പ്രകാശ് കുമാർ ആണ് അമരന്റെ സംഗീത സംവിധാനം. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.