ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ബോഗയ്ന്‍വില്ല’യിലെ പ്രൊമോ ഗാനം പുറത്തിറങ്ങി. ‘സ്തുതി’ എന്ന പേരില്‍ എത്തിയിരിക്കുന്ന ഗാന രംഗത്തില്‍ സുഷിന്‍ ശ്യാമും ഒപ്പം കുഞ്ചാക്കോ ബോബനും ജ്യോതിര്‍മയിയുമാണുള്ളത്. ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കുന്ന വരികളും ഈണവുമായാണ് ഗാനം എത്തിയിരിക്കുന്നത്. സൂപ്പര്‍ ഹിറ്റായി മാറിയ ‘ഭീഷ്മപര്‍വ്വ’ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ തന്നെ പ്രേക്ഷകരേവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ബോഗയ്ന്‍വില്ല’.
വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം ഈണം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മേരി ആന്‍ അലക്‌സാണ്ടറും സുഷിന്‍ ശ്യാമും ചേര്‍ന്നാണ്. സുഷിന്റെ അടുത്ത കാലത്തിറങ്ങിയ ഗാനങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഗാനമാണ് ‘സ്തുതി’. കുഞ്ചാക്കോ ബോബന്റെ ചടുലമായ ചുവടുകളും ‘സ്തുതി’യുടെ ഹൈലൈറ്റാണ്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരുടെ ഗെറ്റപ്പുകളുമായെത്തിയിരുന്ന സിനിമയുടെ ഒഫീഷ്യല്‍ പോസ്റ്ററിന് മുമ്പ് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. കൂടാതെ കറുപ്പിലും ചുവപ്പിലും എത്തിയിരുന്ന ക്യാരക്ടര്‍ പോസ്റ്ററുകളും വൈറലായിരുന്നു. സിനിമയുടെ പ്രൊമോ ഗാനവും നിമിഷ നേരത്തിനുള്ളില്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. സോണി മ്യൂസിക്കാണ് സിനിമയുടെ മ്യൂസിക് പാര്‍ട്‌നര്‍.
കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തില്‍ ജ്യോതിര്‍മയ്ക്കുള്ളത് . ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ഭീഷ്മപര്‍വ്വം’ സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് ‘ബോഗയ്ന്‍വില്ലയുടേയും ഛായാഗ്രാഹകന്‍.

