കൊച്ചി: ‘മിന്നല്‍ മുരളി’ സിനിമയുടെ കഥയും കഥാപാത്രങ്ങളും ഉപയോഗിച്ചുളള മറ്റെല്ലാ കലാസൃഷ്ടികളും വിലക്കി എറണാകുളം ജില്ലാ കോടതി. ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘ഡിറ്റക്ടീവ് ഉജ്വലന്‍’ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോടതിയുടെ വിലക്ക്. സിനിമയുടെ തിരക്കഥാകൃത്തുക്കളായ അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ നല്‍കിയ പരാതിയിലാണ് നടപടി.
ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ‘ഡിറ്റക്ടീവ് ഉജ്വലന്‍’ എന്ന സിനിമയുടെ നിര്‍മ്മാതാക്കളായ വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സിനാണ് പകര്‍പ്പവകാശം ചൂണ്ടിക്കാട്ടി കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ‘മിന്നല്‍ മുരളിയുടെ പകര്‍പ്പാവകാശം ലംഘിക്കപ്പെടാന്‍ പാടില്ല എന്നും കോടതി പറഞ്ഞു.
സോഫിയ പോള്‍, നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ, അമര്‍ ചിത്രകഥ, സ്പിരിറ്റ് മീഡിയ, ഡിറ്റക്ടീവ് ഉജ്വലന്റെ സംവിധായകരായ ഇന്ദ്രനീല്‍ ഗോപികൃഷ്ണന്‍, രാഹുല്‍ ജി എന്നിവര്‍ക്കാണ് കോടതി നിര്‍ദ്ദേശം. മിന്നല്‍ മുരളിയിലെ കഥാപാത്രങ്ങളായ ബ്രൂസ് ലീ ബിജി, ജോസ്‌മോന്‍, പിസി സിബി പോത്തന്‍, എസ് ഐ സാജന്‍ തുടങ്ങിയ കഥാപാത്രങ്ങളുമായി ബന്ധപ്പെടുന്ന കാര്യങ്ങള്‍ വാണിജ്യപരമായോ അല്ലാതെയോ പ്രചരിപ്പിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സോഫിയ പോളിന്റെ ഉടമസ്ഥതയിലുളള വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സാണ് 2021ല്‍ മിന്നല്‍ മുരളി നിര്‍മ്മിച്ചത്.

