മുംബൈ: മുംബൈയിലെ മികച്ച വാഗ്മിയും, എഴുത്തുകാരനും, മാധ്യമ പ്രവര്‍ത്തകനും യുക്തിവാദിയും ആക്ടിവിസ്റ്റുമായ മനോജ് വൈറ്റ് ജോൺ വിട പറഞ്ഞു. താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടത്തുകയായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട് ജന്മനാട്ടിൽ.
അദ്ദേഹം താമസിച്ചിരുന്ന സൊസൈറ്റയിലെ ചെയര്‍മാനാണ് മനോജിന്റെ മുറി രണ്ടു ദിവസമായി തുറക്കുന്നില്ലെന്നും ദുര്‍ഗന്ധം വരുന്നുവെന്നും കോൺഗ്രസ് നേതാവ് ജോജോ തോമസിനെ വിളിച്ചറിയിക്കുന്നത്. മനോജിന്റെ വാടക എഗ്രീമെന്റില്‍ ജോജോയുടെ നമ്പര്‍ റഫറന്‍സ് ആയി കൊടുത്തിരുന്നു. അദ്ദേഹമാണ് പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തത്. പിന്നീട് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് പോലിസിന്റെ സാന്നിധ്യത്തിൽ മുറി തുറന്ന് മൃതദേഹം കണ്ടെടുത്തത്. മരിച്ചിട്ട് ഒന്നിലേറെ ദിവസമായി എന്നാണ് അറിയാൻ കഴിഞ്ഞത്.
ഇന്ത്യൻ ജനതയിൽ ശാസ്ത്രീയ മനോഭാവം സൃഷ്ടിക്കുന്നതിലും അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ നിരീശ്വരവാദികളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിലും സജീവമായിരുന്നു. മുംബൈ റാഷണലിസ്റ്റ് അസോസിയേഷൻ രൂപീകരിക്കുകയും വർഷങ്ങളോളം അതിൻ്റെ കൺവീനറായി പ്രവർത്തിക്കുകയും ചെയ്തു.ഐക്യരാഷ്ട്രസഭയിൽ പ്രത്യേക കൺസൾട്ടേറ്റീവ് പദവിയുള്ള വാഷിംഗ്ടൺ ആസ്ഥാനമായുള്ള സ്വതന്ത്ര സംഘടനയായ നാസ്തിക അലയൻസ് ഇൻ്റർനാഷണലിൻ്റെ ഡയറക്ടറാണ്.
പരിസ്ഥിതിവാദം, മനുഷ്യാവകാശങ്ങൾ, എൽജിബിടി അവകാശങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്കായി പോരാടുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ വീ ദ സാപിയൻസിൻ്റെ മേധാവി കൂടിയാണ് അകാലത്തിൽ വിട പറഞ്ഞ മനോജ്.
ദി ഫിനാൻഷ്യൽ എക്സ്പ്രസ്, ബിസിനസ് സ്റ്റാൻഡേർഡ് തുടങ്ങിയ നിരവധി പ്രമുഖ ഇംഗ്ലീഷ് ദേശീയ പത്രങ്ങളിൽ പത്രപ്രവർത്തകനായും ന്യൂസ്റൂമുകളുടെ തലവനായും മനോജ് പ്രവർത്തിക്കുകയും വിവിധ മാസികകളിൽ വിഷയാധിഷ്ഠിത ലേഖനങ്ങൾ എഴുതുകയും ചെയ്തിരുന്നു.
അവിവാഹിതനായ മനോജ് പുനലൂർ സ്വദേശിയാണ്. ഓർത്തഡോക്സ് ക്രിസ്ത്യൻ കുടുംബത്തിലാണ് മനോജ് ജനിച്ചത്. കൗമാരപ്രായത്തിൽ തന്നെ ക്രിസ്തുമതം നിരസിച്ചിരുന്നു. ഇതിനെ തുടർന്ന് കടുത്ത വിവേചനവും ഒഴിവാക്കലും നേരിടുകയും ചെയ്തു. സ്വതന്ത്ര ചിന്താ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ സജീവമാകുന്നതിന് മുമ്പ് തീവ്ര ഇടതുപക്ഷ രാഷ്ട്രീയവുമായി മനോജിന് ബന്ധമുണ്ടായിരുന്നു.


