✍️ ലിബി. സി.എസ്
സംസ്ഥാന സർക്കാരിന് ദിവ്യജ്യോതി തട്ടിപ്പ് നടത്താമെങ്കിൽ സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ അച്ചന് ഗോതമ്പ് അപ്പം ഇറച്ചിയാക്കാനും അവകാശമുണ്ട്! വട്ടായി കിട്ടായി വളവനാൽ മാരെപ്പോലെയല്ല ഞങ്ങടെ ലത്തീൻ അച്ചന്മാരുടെ ദിവ്യാത്ഭുതങ്ങൾ! അത് ഒരൊന്നൊന്നര ദിവ്യാത്ഭുതങ്ങളാണ്.
മുൻപ് പ്രാർത്ഥനയ്ക്കിടയിൽ അപ്പവും മീനും വർദ്ധിപ്പിച്ച് ജോസഫ് അച്ചൻ. ഇപ്പോൾ ഗോതമ്പ് അപ്പം ഇറച്ചിയാക്കി മാടവന പള്ളിയിലെ സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ അച്ചൻ. രണ്ടും സമൂഹത്തിന് ഗുണമുള്ള കാര്യങ്ങളാണ്. ഇനി മൃഗങ്ങളെയൊന്നും ഉപദ്രവിക്കാതെ ആ അച്ചനെക്കൊണ്ട് ഗോതമ്പ് അപ്പം കൊടുത്ത് ഇറച്ചിയാക്കിയാൽ പോരെ?
ഇത്രയുംകാലം ഈ സവർണ്ണ അച്ചന്മാരുടെ ദിവ്യാത്ഭുതങ്ങളൊക്കെ ഞങ്ങളും കുറേ സഹിച്ചതാ, ഇനി ഈ ലത്തീൻ ദിവ്യാത്ഭുതങ്ങൾ തത്കാലം നിങ്ങളും അങ്ങ് സഹിച്ചാൽ മതി.
പ്രാത്ഥനയ്ക്കിടയിൽ അഞ്ച് അപ്പവും രണ്ട് അയലമീനും ഉപയോഗിച്ച് ഏകദേശം പതിനയ്യായിരത്തിൽ അധികം അപ്പവും അയ്യായിരത്തോളം അയല മൽസ്യവുമാണ് ബൈബിളിലെ അപ്പം വർദ്ധിപ്പിക്കൽ പരാമർശിക്കുന്ന നാല് സുവിശേഷ ഭാഗങ്ങളും വായിച്ചശേഷം വാഴ്ത്തി സ്തുതിച്ച് ജോസഫ് അച്ചൻ സൃഷ്ടിച്ചത് എന്നാണ് പറയുന്നത്. ധ്യാനത്തിന് ചെന്നവർക്ക് അപ്പവും മീനും വർദ്ധിപ്പിച്ച് നൽകിയ ശേഷം ജോസഫ് അച്ചനും ഉടമ്പടി എടുത്തവരോട് പറഞ്ഞു: “മിച്ചമുള്ള കഷണങ്ങളെല്ലാം എടുക്കുക. ഒന്നും കളയരുത്. ”ബാക്കിവന്ന കഷണങ്ങൾ 12 കൊട്ട നിറയാൻ മാത്രം ഉണ്ടായിരുന്നു എന്നാണ് പ്രചരിപ്പിക്കുന്നത്.ബാക്കിവന്ന അപ്പവും മീന്കറിയുമാണെന്ന് പറഞ്ഞുകൊണ്ട് കാട്ടൂർ, അർത്തുങ്കൽ, തൈക്കൽ, വെട്ടയ്ക്കൽ, അന്ധകാരനഴി ഭാഗങ്ങളിലൊക്കെ കൃപാസനം പത്രത്തോടൊപ്പം പ്രേഷിതവേലക്കാർ അവരുടെ അയൽവക്കങ്ങളിലൊക്കെ വിതരണം ചെയ്തിരുന്നു. ഞാനും എൻറെ അയൽവക്കത്തെ ചേച്ചികൊണ്ടുവന്ന ‘വിശുദ്ധഅയലക്കറി’ കൂട്ടിയതാണ്, നല്ല അസൽ അയലക്കറിയായിരുന്നു.
എങ്കിലും അസൂയമൂത്ത സവർണ്ണ ധ്യാനഗുരുക്കന്മാരിൽ ഏതവനാണ് ജോസഫ് അച്ചനെ മാരാരിക്കുളത്ത് ബീച്ചിൽനിന്നും അറബിക്കടലിലേക്ക് നടത്തിച്ച് കൊല്ലാൻ പരിപാടിയിട്ടതെന്ന് മാത്രം പിടികിട്ടിയിട്ടില്ല!
ഇപ്പോൾ മാടവന പള്ളിയിലെ ഞങ്ങടെ ഫാദർ സെബാസ്റ്റ്യൻ വട്ടപ്പറമ്പിലച്ചൻ 2024 ജൂലൈ 21, 28, ആഗസ്റ്റ് 4 എന്നീ തുടർച്ചയായ മൂന്നു ഞായറാഴ്ചകളിൽ ‘ശവം തീറ്റി ചോരകുടി സ്കിറ്റ്’ അവതരിപ്പിക്കുന്നതിനിടയിൽ ഗോതമ്പ് അപ്പം മനുഷ്യ ഇറച്ചിയാക്കി. ഫാദർ ജോഷി മയ്യാറ്റിൽ അച്ചൻ യുക്തിവാദി-നിരീശ്വരവാദി ഐറ്റങ്ങളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് ഫെയ്സ്ബുക്ക് പോസ്റ്റും ഇട്ടിട്ടുണ്ട്. ആവർത്തിച്ച് തെളിയിക്കാൻ പറ്റുന്നതിനെയാണ് ശാസ്ത്രം എന്നൊക്കെ നിങ്ങൾപറഞ്ഞിട്ട് ഇതാ സെബാസ്റ്റ്യൻ വട്ടപ്പറമ്പിലച്ചൻ മൂന്നുതവണ ആവർത്തിച്ച് ഗോതമ്പ് അപ്പം ഇറച്ചിയാക്കിയിരിക്കുന്നു.
“നിങ്ങളുടെ നിരീശ്വരവിശ്വാസത്തിനും യുക്തിവാദത്തിനും ഭീഷണിയാകും എന്നു വിചാരിച്ചല്ല ഇന്നലെ ഞാൻ FB യിൽ ഒരു പോസ്റ്റിട്ടത്. നിങ്ങളെ അതു വല്ലാതെ വിറളിപിടിപ്പിച്ചു എന്നു ഞാൻ മനസ്സിലാക്കുന്നു. സംഭവങ്ങളെയും വസ്തുതകളെയും ഇത്രമാത്രം ഭയക്കുന്നവരാണ് നിങ്ങൾ എന്ന് എനിക്ക് അറിയില്ലായിരുന്നു. ക്ഷമിക്കണം!” എന്നൊരു താങ്ങും ജോഷി മയ്യാറ്റിൽ അച്ചൻ യുക്തിവാദികൾക്കിട്ട് തങ്ങിയിട്ടുണ്ട്.
കൂടാതെ രണ്ടു വെല്ലുവിളികളും ജോഷി മയ്യാറ്റിൽ അച്ചൻ നടത്തുന്നുണ്ട്.
1) ഞാൻ എഴുതിയിട്ടുള്ള കാര്യങ്ങൾ ആ മൂന്നു ഞായറാഴ്ചകളിലും നടന്നിട്ടില്ല എന്നു തെളിയിക്കാമോ?
2) ഞാൻ എഴുതിയിട്ടുള്ള കുറിപ്പിൽ വസ്തുതാപരമല്ലാത്ത കാര്യങ്ങൾ അഥവാ തെറ്റുകൾ (factual errors) ഉണ്ട് എന്നു തെളിയിക്കാമോ?
ഞാൻ എഴുതിയവയെല്ലാം സംഭവിച്ചവയാണെന്നും അവയിൽ വസ്തുതാപരമായ തെറ്റുകൾ ഇല്ലായെന്നുമാണ് തെളിയുന്നതെങ്കിൽ പിന്നെ എന്താണ് പ്രശ്നം?
ആരുണ്ടെടാ ഈ വെല്ലുവിളി ഏറ്റെടുക്കാൻ?
ഒരു സംസ്ഥാന സർക്കാരിന് തന്നെ അന്ധവിശ്വാസികളെപ്പറ്റിക്കാൻ ദിവ്യജ്യോതി തട്ടിപ്പ് നടത്താമെങ്കിൽ സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ അച്ചന് ഗോതമ്പ് അപ്പം ഇറച്ചിയാക്കാനും അവകാശമുണ്ട്!
സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ അച്ചനും
വിശുദ്ധ ഇറച്ചിക്കും ഒപ്പം!


