Mon. Nov 23rd, 2026

ആലപ്പുഴ: കുട്ടനാട്ടിൽ വേഴപ്രായിലെ ശക്തിപ്പറമ്പിൽ, 119 വർഷം മുൻപു് ഗുരു മീശയുള്ള ശിവനേയും മീശയില്ലാത്ത ശിവനേയും പ്രതിഷ്ഠിച്ചിരുന്നു എന്നു് ജുലൈ 18, ലെ കേരള കൗമുദി പത്രത്തിൽ വന്ന വാർത്ത തികച്ചും കളവും കെട്ടിച്ചമച്ചതുമാണെന്നു കുട്ടനാട് എസ്എൻഡിപി യോഗം ബ്രാഞ്ച് നമ്പർ 1 ൻറെ ആദ്യകാല സെക്രട്ടറി വേഴപ്രാ പുത്തൻ കളത്തിൽ പികെ പത്മനാഭൻറെ മകനും ആദ്യകാല യുക്തിവാദിയും റിട്ടയേഡ് അദ്ധ്യാപകനുമായ പിപി സുമനൻ. ശ്രീ നാരായണ ഗുരു ഒരിക്കലും മീശയുള്ള ശിവനേയും മീശ ഇല്ലാത്ത ശിവനേയും അവിടെ പ്രതിഷ്ഠിച്ചിരുന്നില്ല. ഇത് പുതിയ ഭക്തിവ്യപാരത്തിനുള്ള കള്ളകഥയുണ്ടാക്കലാണെന്നും ഇതിനു മുൻപ് ഗുരുവിൻറെ ഏതെങ്കിലും ഒരുജീവ ചരിത്രത്തിലെങ്കിലും ഇങ്ങനെ ഒരു പ്രതിഷ്ഠയെക്കുറിച്ച് നിങ്ങൾ വായിച്ചിട്ടുണ്ടോ എന്ന് പിപി സുമനൻ ചോദിക്കുന്നു.

മറിച്ച് ഏല്ലാവർക്കും അറിയുന്നതുപോലെ അവിടെയെത്തിയ നാരയണ ഗുരു അവിടെ വെച്ച് ആരാധിച്ചിരുന്ന ഒരു ഭദ്രകാളിപ്രതിഷ്ഠ ഒഴിച്ചുള്ള, കാലമാടൻ, മറു താച്ചി, ചാമുണ്ഡി, ചുടലമാടൻ, ആനമറുതാ തുടങ്ങി നാലഞ്ചു വിഗ്രഹങ്ങൾ ഗുരുവിൻ്റെ നിർദ്ദേശപ്രകാരം തല്ലി ഉടച്ച് ആഴത്തിൽ കുഴിച്ചുമൂടുകയാണ് ചെയ്തത്.

മാത്രമല്ല എൻ്റെ അപ്പൂപ്പൻ വേഴപ്രാപുത്തൻ കളത്തിൽ കുഞ്ഞൻ ആണ്, ഗുരുവിൻ്റെ നിർദ്ദേശപ്രകാരം കമ്പിപ്പാര കൊണ്ട് ആ വിഗ്രഹങ്ങളെല്ലാം അടിച്ചു തകർത്തു് ആഴത്തിൽ കുഴിച്ചുമൂടാൻ നേതൃത്വം നൽകിയതു്. പിന്നീട് ശാഖാസീക്രട്ട്രിയൊക്കെയായ എൻറെ അച്ഛൻ അന്ന് ചെറിയ പയ്യനായിരുന്നു എന്ന് പിന്നീട് പറഞ്ഞു കേട്ടിട്ടുണ്ട്. വിഗ്രഹം തല്ലിയുടച്ചാൽ മാത്രം പോരാ, ആഴത്തിൽ കുഴിച്ചുമൂടണമെന്നും, അല്ലെങ്കിൽ വീണ്ടും അന്ധവിശ്വാസികൾ അതും ഉയർത്തിക്കൊണ്ടു വരുമെന്നും ഗുരു മുൻകൂട്ടിപ്പറഞ്ഞിരുന്നു. അതാണിപ്പോൾ മീശയുള്ള ശിവൻറെ രൂപത്തിൽ ഉയിർത്തിരിക്കുന്നതെന്നു തോന്നുന്നു. ശുദ്ധ തട്ടിപ്പാണിതെന്നു പിപി സുമനൻ പറഞ്ഞു.

നാരയണ ഗുരു വേഴപ്രായിൽ വരാൻ കാരണം എൻ്റെ അപ്പൂപ്പൻ്റെയും അവിടുള്ള മറ്റു ഈഴവ പ്രമാണികളുടേയും നവോത്ഥാന പോരാട്ടങ്ങൾ കേട്ടറിഞ്ഞാണ്. അക്കാലത്തു് കുട്ടനാട്ടിൽ ഈഴവർക്കും മറ്റ് അടിച്ചമർത്തപ്പെട്ട അധസ്ഥിത ജനവിഭാഗങ്ങൾക്കും സവർണ്ണ ഗുണ്ടകളെക്കൊണ്ടും ക്രൈസ്തവ ഗുണ്ടകളെ കൊണ്ടു ഒരു തരത്തിലും ജീവിക്കാൻ നിവർത്തിയില്ലായിരുന്നു. ഇതിനെതിരെ എൻ്റെ അപ്പൂപ്പൻ്റ നേതൃത്വത്തിലുള്ള കുറെ ഈഴവ പ്രമാണിമാർ സംഘടിച്ചു, സവർണ്ണ ഗുണ്ടകളേയും ക്രൈസ്തവ ഗുണ്ടകളേയും നല്ല രീതിയിൽ അടിച്ചൊതുക്കി. കാരണം ഈഴവർക്കായിരുന്നു സംഖ്യാ ബലം കൊണ്ടും കായിക ശക്തിയിലും മുന്നിൽ, ഈഴവർ സാഹസികരുമായിരുന്നു, മാത്രമല്ല അവരിൽ ചിലർക്ക് അരയിൽ തേറ്റു കത്തിയും കാണും. അതുകൊണ്ട് സവർണ്ണ ഗുണ്ടകൾ ഭയപ്പെട്ടു. ഇതൊക്കെ അറിഞ്ഞാണ് എസ്എൻഡിപി യോഗം രൂപം കൊടുത്തശേഷം രണ്ടു വർഷം കഴിഞ്ഞ് 1905 മാർച്ചിൽ ഗുരു കുട്ടനാട്ടിൽ എത്തിയത്. അവിടെ മറ്റുസ്ഥലങ്ങളിലേതുപോലെ ക്ഷേത്രം പ്രതിഷ്‌ഠിക്കാനൊന്നും ആരും വിളിച്ചുകൊണ്ടുവന്നതല്ല. അവിടെ എത്തിയപ്പോഴാണ് ഈ ആരാധനാമൂർത്തികളെയൊക്കെ വെച്ചാരാധിക്കുന്നത് കണ്ട് ഇതിനൊക്കെ കാശുകളയാതെ എല്ലാം തല്ലിപ്പൊളിച്ചു കുഴിച്ചുമൂടാൻ പറഞ്ഞത്.

ഗുരുവിൻ്റെ നിർദ്ദേശപ്രകാരം കുട്ടനാട്ടിലായിരുന്നു പിന്നീട് SNDP യോഗത്തിൻറെ ആദ്യ ശാഖ രജിസ്റ്റർ ചെയ്തതും. എൻ്റെ പിതാവു് വേഴപ്രാ പുത്തൻ കളത്തിൽ പികെ പത്മനാഭൻ പിന്നീട് ആ 1 ആം നമ്പർ ശാഖാ യോഗം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

സവർണ്ണ ഗുണ്ടകളെ പ്രതിരോധിക്കാൻ ഉണ്ടാക്കിയത് ആയിരുന്നെങ്കിലും ഈഴവരുടെ കുട്ടനാട്ടിലെ ഗുണ്ടാസെറ്റപ്പൊക്കെ അറിഞ്ഞു അവിടെ എത്തിയ ഗുരു എൻ്റെ അപ്പൂപ്പനോടും മറ്റും പറഞ്ഞത് ആരെയും തല്ലിയൊതുക്കാനും കയ്യേറ്റത്തിനും പോകരുതു്, അതു നമ്മെ പുറകോട്ടടിക്കുകയേയുള്ളു എന്നായിരുന്നു. സംഘടന കൊണ്ടു ശക്തരാകാനും വിദ്യകൊണ്ടു പ്രബുദ്ധരാകാനും ഉപദേശിച്ചു, വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നും പറഞ്ഞു.

ഞാൻ ജനിച്ചതും വളർന്നതും ഈ കേരളകൗമുദിയുടെ കഥയിൽ പറയുന്ന കുട്ടനാട്ടിലെ വേഴപ്രയിലാണ്.മാത്രമല്ല, അരനൂറ്റാണ്ടായി കേരള കൗമുദി എന്ന മഹത്തായ പത്രത്തിൽ സ്ഥിരമായി എഴുതിയിരുന്ന വ്യക്തിയാണ്. കാരണം, കേരള കൗമുദി എന്ന പത്രം സ്ഥാപിച്ചതു്, യുക്തിവാദിയായിരുന്ന സിവി കുഞ്ഞുരാമനായിരുന്നു. ആ പത്രത്തിൽ അന്ധവിശ്വാസ പ്രചാരണത്തിനായി ഇത്തരത്തിലുള്ള നട്ടാൽ കുരുക്കാത്ത നുണകൾ പടച്ചുവിടുന്നത് കഷ്ടമാണ്. നിങ്ങൾ നിങ്ങളുടെ സ്ഥാപകനായ സിവി കുഞ്ഞിരാമനെക്കൂടിയാണ് അധിക്ഷേപിക്കുന്നത് എന്ന് മറക്കരുത്- പിപി സുമനൻ പറഞ്ഞു.

കുട്ടനാട്ടിൽ വേഴപ്രായിൽ എൻ്റെ കുടുംബ വീടിനോടു സമീപമാണ് ഈ പറഞ്ഞ ശക്തി പ്പറമ്പ്. പിന്നീട് ഞാൻ കുറേക്കാലം പഠിപ്പിച്ചിരുന്ന വേഴപ്ര ഗവ: U, P, S ൻ്റെ ചേർന്നു തെക്കുവശമാണ് വിവാദമായ ശക്തിപ്പറമ്പ്, അവിടെ ഗുരു ഒരു മീശയുള്ള ശിവന്നേയും മീശയില്ലാത്ത ശിവനേയും പ്രതിഷ്ഠിച്ചിട്ടില്ല, അവിടെ ഉണ്ടായിരുന്നവയിൽ ഒരു പ്രതിഷ്ഠമാത്രം നിലനിർത്തി ബാക്കി കുഴിച്ചുമൂടുകയായിരുന്നു. അത് ശിവനുമായിരുന്നില്ല, ഗുരു അവിടെ ഒരു പ്രതിഷ്ഠയും നടത്തിയുമില്ല. അവിടെ വന്നിട്ടുണ്ട് എന്നുമാത്രം.

ശക്തിപ്പറമ്പിലെ മേൽപ്പടി ഭദ്രകാളിയുടെകുരുതി നാരയണഗുരു നിർത്തൽ ചെയ്യാനും പറഞ്ഞു. പിന്നീട് വലിയ കുമ്പളങ്ങായിൽ ചുണ്ണാമ്പും മഞ്ഞളും അരച്ചുകലക്കി ഒഴിച്ച്‌ വലിയ കത്തികൊണ്ട് അറുക്കുന്ന കലാപരിപാടിയാക്കി അതുമാറ്റി, അപ്പോൾ ഭദ്രകാളിക്കു സമർപ്പിക്കാൻ നല്ല ചുവപ്പു നിറത്തിലുള്ള രക്തം കിട്ടും ഇതുകൊടുത്ത് ഭദ്രകാളിയെ പറ്റിച്ചു വരികയായിരുന്നു. കുറച്ചു ഭക്തന്മാരും കുടിക്കും. ഈ മണ്ടത്തരം കാണാൻ ഒരുദിവസം ഞാൻ സ്കൂളിൽ നിന്ന് അവിടെ ചെന്നപ്പോൾ ഈ ചുണ്ണാമ്പും മഞ്ഞളും കലക്കിക്കൊടുത്താൽ ഭദ്രകാളിയുടെയും നിങ്ങളുടെയും വയറു വെന്തുപോകുമെന്നും മഹാപാപമാണു ചെയ്യുന്നതെന്നും പറഞ്ഞെത്തിന് അവർ അന്ന് എനിക്കെതിരെ രോഷം കൊണ്ടിരുന്നു. പക്ഷേ ഇങ്ങനൊരു മീശയുള്ള ശിവനെയും മീശയില്ലാത്ത ശിവനെയും ഈ 84 വയസിനിടയിൽ ഞാൻ കണ്ടിട്ടില്ല. ഈ 2024 ജൂലായ് 18 ലെ കേരളകൗമുദി സ്‌പെഷ്യൽ എന്നൊക്കെപ്പറഞ്ഞു കൊടുത്തിരുന്ന വർത്തയിലൂടെയാണ് 119 വർഷം മുൻപ് ഗുരു പ്രതിഷ്ഠിച്ചെന്ന് അവകാശപ്പെടുന്ന മീശയുള്ള ശിവനെ ഞാൻ ആദ്യമായി കാണുന്നത് എന്ന് പിപി സുമനൻ പറയുന്നു,

കേരളകുമുദിയിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന ചരിത്രം ഇങ്ങനെ:

“ആരും കേട്ടിരുന്നു പോകുന്ന കഥയാണ് ഇതിന്റെ ചരിത്രം. വൈക്കം സത്യാഗ്രഹ സേനാനികളെ അനുഗ്രഹിച്ചത്തിന് ശേഷം കൊല്ലത്തേക്ക് മടങ്ങും വഴിയാണ് വേഴപ്രയിലെ ഭദ്രകാളി ക്ഷേത്രത്തിൽ ദുരാചാരങ്ങൾ തുടരുന്ന വിവരം കുട്ടനാട്ടുകാരനായ സത്യവ്രത സ്വാമിയിൽ നിന്നും ശ്രീനാരായണ ഗുരു അറിഞ്ഞത്. അതെ സമയം എന്നെങ്കിലും ഗുരു നാട്ടിലെത്തിയാൽ സ്വീകരിക്കാനായി പണിയിപ്പിച്ചു വച്ചിരുന്ന കസേരയുമായി കോന്ത്യാപറമ്പിൽ എബ്രഹാം ക്ഷേത്രമുറ്റത്തെത്തി ഗുരുവിന് ഇരിപ്പിടം ഒരുക്കി. അതവരെ നടന്നിരുന്ന കോഴി വെട്ടും കുരുതിയുമടക്കമുള്ള ദുരാചാരങ്ങൾ അവസാനിപ്പിക്കണമെന്ന് ഗുരു നിർദ്ദേശിച്ചു. മറുതയടക്കമുള്ള പ്രതിഷ്ഠകൾ നീക്കം ചെയ്യാനും ആവശ്യപ്പെട്ടു. ഭയം മൂലം ഭക്തരാരും മുന്നിട്ട് വരാതിരുന്നതിനാൽ ഗുരുവിന്റെ ആവശ്യപ്രകാരം എബ്രഹാം തന്നെ പ്രതിഷ്ഠകളെല്ലാം കമ്പിപ്പാര കൊണ്ട് തച്ചുടച്ചു. ആരാധനയ്ക്കായി ശിവന്റെ ചിത്രം വാങ്ങാനും എബ്രഹാമിനെ ചുമതലപ്പെടുത്തി. ചങ്ങനാശ്ശേരിയിൽ നിന്ന് എബ്രഹാം വാങ്ങി വന്നതാണ് മീശയുള്ള ശിവന്റെ ചിത്രം. ഗുരു തന്നെ ചിത്രം ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു.”

നോക്കണേ 1924 ലും 25 ലുമായി നടന്ന വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത സത്യഗ്രഹികളെ അനുഗ്രഹിച്ചശേഷം വൈക്കത്തുനിന്നും ഗുരു 1905 മാർച്ചിൽ കുട്ടനാട്ടിൽ എത്തി മീശയുള്ള ശിവനെ പ്രതിഷ്ഠിച്ചു. വെറുതെയല്ല ഗുരു മരിച്ച ദിവസം രാവിലെ ചിറയൻകീഴുകാരിയെ ഉയിർപ്പിച്ചത്. മീശയുള്ള ശിവന് 119 വയസായി, വൈക്കം സത്യഗ്രഹത്തിന് 100 വയസേ ആയിട്ടുള്ളൂ. ചരിത്രം എന്തയാലും വർത്തയുണ്ടാക്കിയവനെ കണക്കു പഠിപ്പിച്ചത് ആരാണാവോ? ഡ്രിൽ മാഷ് ആയിരുന്നോ? ആരെങ്കിലും ഈ കണക്കൊന്നു ടാലിയാക്കി കൊടുക്കണം.