Sun. Nov 22nd, 2026

✍️ സുരേഷ്. സി.ആർ

ഇബ്സനുശേഷം പാശ്ചാത്യ നാടകലോകത്ത് സംഭവിച്ച വികാസപരിണാമങ്ങളെ സമഗ്രമായി നോക്കികാണാനും അവയെ മലയാളത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കാനും ശ്രമിച്ച പ്രതിഭാധനനായിരുന്നു സി.ജെ.തോമസ് (1918 – 1960). അദ്ധ്യാപകനും, പത്രപ്രവർത്തകനും, ചിത്രകാരനുമായിരുന്ന സി.ജെ.യുടെ സാഹിത്യസംഭാവനകളിൽ പ്രഥമഗണനീയം അദ്ദേഹത്തിന്റെ നാടകങ്ങളും നാടക വിവർത്തനങ്ങളുമാണ്. മലയാള നാടകവേദിക്ക് പുത്തനുണർവ് സമ്മാനിച്ചവയാണ് ‘അവൻ വീണ്ടും വരുന്നു’ (1949), ‘ആ മനുഷ്യൻ നീ തന്നെ’, ‘സാറാമ്മയുടെ ധർമ്മസങ്കടം’, എന്നിവ.

തർജ്ജമ നാടകങ്ങളായ ‘ആന്റിഗണി, കീടജന്മം, ഭൂതം, പിശുക്കന്റെ കല്യാണം’ എന്നിവ ഗ്രീക്ക് നാടകങ്ങളുടെ മൂശയിൽ വാർത്തെടുത്തവയാണ്. ജീവിതത്തെയും മരണത്തെയും സി.ജെ.ക്കുണ്ടായിരുന്ന ദാർശനിക ചിന്തകൾ മുഴുവൻ പ്രകടമാക്കിയ നാടകമായിരുന്നു ‘1128-ൽ ക്രൈം 27’. സാഹിത്യ വിമർശനമേഖലയിൽ രചിച്ച നാടകചരിത്രപരമായ ഗ്രന്ഥമാണ് ‘ഉയരുന്ന യവനിക’.

സി.ജെ.യിലെ ഉഗ്രനിരൂപകൻ മറനീക്കി പുറത്തുവരുന്ന കൃതികളാണ് ‘ധിക്കാരിയുടെ കാതൽ, ഇവനെന്റെ പ്രിയപുത്രൻ’ എന്നിവ. ‘വിലയിരുത്തൽ’ എന്ന കൃതിയിലെ പുസ്തക നിരൂപണങ്ങൾ ചടുലബുദ്ധിയായ സ്വതന്തചിന്തകനെ നമുക്ക് കാണാനാവും.

സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ ‘അരയന്നമാതൃക’ യിലുള്ള ലോഗോ തയ്യാറാക്കിയത് സി.ജെ.യാണ്. സാഹിത്യ പ്രവർത്തക സഹകരണസംഘം വക പുസ്തകങ്ങളുടെ പുറംചട്ടകൾക്ക് അത്യധികം ആകർഷകങ്ങളായ ചിത്രങ്ങൾ വരച്ചു മലയാള പുസ്തകങ്ങളുടെ പുറംചട്ട രൂപകല്പനയുടെ രംഗത്തു മാറ്റങ്ങളുടെ തുടക്കം കുറിച്ചത് സിജെയാണ്.

കല ആർക്കു വേണ്ടി എന്ന വാദകോലാഹലങ്ങൾക്കിടയിൽ ‘കല എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി’ എന്നു ശക്തമായി വാദിച്ച് അദ്ദേഹം ചേരി ചേർന്നു. മലയാളികളുടെ ധൈഷണിക ജീവിതത്തെ ആശയത്തില്‍ സ്വാധീനിച്ചതാണ് സി ജെ തോമസ്സിന്റെ കലാ സാംസ്കരിക ചിന്തകളും സാഹിത്യ വിമര്‍ശനവും.

കൂത്താട്ടുകുളത്ത് ജനനം. വൈദിക വിദ്യാർത്ഥിയായിരിയ്ക്കുന്ന സമയത്തു ളോഹ ഉപേക്ഷിച്ചു തിരിച്ചുപോന്ന് വിപ്ലവം സൃഷ്ടിച്ചു. രണ്ട് വർഷക്കാലം വടകര സെന്റ് ജോൺസ് ഹൈസ്കൂളിലും തുടർ‍ന്നു എം. പി. പോൾസ് കോളേജിലും അദ്ധ്യാപകനായി. സ്കൂൾ അദ്ധ്യാപകനായിരിക്കെ ഹെഡ്മാസ്റ്ററുടെ നിർബന്ധത്തിനുവഴങ്ങി ബൈബിൾ പഠിപ്പിക്കുക എന്ന അധികജോലി ഏറ്റെടുത്ത സി.ജെ.യുടെ സ്വന്തമായ ബൈബിൾ വ്യാഖ്യാനത്തിന്റെ പേരിൽ അതിൽ നിന്നും ഒഴിവാക്കിയത് പ്രസിദ്ധമാണ്.

അഭിപ്രായ വ്യത്യാസംമൂലം അദ്ധ്യാപകജോലിയുപേക്ഷിച്ച് സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളിൽ ആവേശപൂർവം ഇറങ്ങി തിരിച്ചു. പിന്നീട് അഭിഭാഷക ജോലിയിലും അതും ഉപേക്ഷിച്ച് കമ്യൂണിസ്റ്റ് പാർട്ടിയിലും അതിന്റെ കലാവിഭാഗത്തിലും പ്രവർത്തിച്ചു. അവസാനം തികഞ്ഞ കമ്യൂണിസ്റ്റ് വിരുദ്ധനായി മാറിയ സി.ജെ. വിമോചനസമരത്തിലെ ബുദ്ധികേന്ദ്രമായി മാറി.

തലച്ചോറിനെ ബാധിച്ച അർബുദ രോഗംമൂലമാണ് അന്തരിച്ചത്. സാഹിത്യകാരനായിരുന്ന എം.പി.പോളിന്റെ പുത്രിയും അറിയപ്പെടുന്ന സാഹിത്യകാരിയുമായ റോസിയാണ് ജീവിതപങ്കാളി. പ്രശസ്ത കവയിത്രി മേരി ജോൺ കൂത്താട്ടുകുളം സി.ജെ.തോമസിന്റെ മൂത്ത സഹോദരിയാണ്.