Sun. Nov 22nd, 2026

ജൂൺ 18: കാലത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് മാറ്റി നിറുത്തപ്പെടുമായിരുന്ന കേരളത്തിലെ അടിസ്ഥാന ജനസമൂഹത്തെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൈപിടിച്ച് നടത്തിയ; കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തില്‍ തിളങ്ങുന്ന അദ്ധ്യായമായ അയ്യങ്കാളി ഓർമ്മ ദിനം.

നവോത്ഥാന കാലഘട്ടത്തെ കീഴ്‌മേല്‍ മറിച്ച കീഴാള നവോത്ഥാന സമരങ്ങളില്‍ അസാധാരണവും സമാനതകളില്ലാത്തതുമായിരുന്നു അയ്യങ്കാളിയുടെ വില്ലുവണ്ടിയിലുള്ള യാത്ര. സഞ്ചാര സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സ്വര്‍ണലിപികളാല്‍ രേഖപ്പെടുത്തിയ വില്ലുവണ്ടിയാത്ര തിരുവിതാംകൂറിലെ അടിമവര്‍ഗ്ഗം അയിത്തത്തിനും അടിമത്തത്തിനുമെതിരെ നടത്തിയ ആദ്യത്തെ പ്രത്യക്ഷ പ്രതിരോധമായിരുന്നു. ഈ സമരത്തിലൂടെയാണ് കേരളത്തിന്റെ സ്പാര്‍ട്ടക്കസ്’ എന്ന വിശേഷണത്തിനുടമയായ അയ്യങ്കാളി നവോത്ഥാന സമരത്തിന്റെ നേതൃത്വമേറ്റെടുക്കുന്നത്. ജാതി മേധാവിത്വത്തിന്റെയും മേല്‍ക്കോയ്മകളുടെയും ഉരുക്കു കവചങ്ങളില്‍ സുരക്ഷിതമാക്കപ്പെട്ടിരുന്ന സവര്‍ണ്ണാധിപത്യത്തെയാണ് തന്റെ മുപ്പതാമത്തെ വയസില്‍ അയ്യങ്കാളി വെല്ലുവിളിച്ചത്. അതിനുമുമ്പ് യാഥാസ്ഥിതികത്വത്തിന്റെ അടിത്തറയെ ഇതേപോലെ പിടിച്ചുലച്ചത് ശ്രീനാരാണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയാണ് (1888). ജാത്യാചാരങ്ങളെ പുണര്‍ന്നിരുന്ന അക്കാലത്തെ സാമൂഹിക ഘടനയില്‍ വിക്ഷേപിച്ച ഉഗ്രശക്തിയുള്ള രണ്ടുസ്‌ഫോടക വസ്തുക്കളായിരുന്നു അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയും അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്രയും.

തിരുവനന്തപുരം വെങ്ങാനൂരിലെ പെരുങ്കാട്ടുവിള പ്ലാന്തറ വീട്ടിൽ 1863 ആഗസ്റ്റ്‌ 28 ന് അയ്യന്റെയും മാലയുടെയും മകനായി ജനിച്ച കാളി കേരള ചരിത്രത്തിലെ സമാനതകൾ ഇല്ലാത്ത വിപ്ലവ നക്ഷത്രം തന്നെയാണ്.തൻറെ പിതാവിൻറെ ഓഹരിയായി 5 ഏക്കർ ഭൂമി ജന്മാവകാശമായി കിട്ടിയ ആളാണ്‌ കാളി.ഈ 5 ഏക്കർ ഭൂമിയുടെ ഉടമാവകാശ ബോധം അന്നത്തെ മറ്റു പുലയരിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കാൻ കാളിയെ പ്രേരിപ്പിച്ചു.തങ്ങൾക്കും വഴി നടക്കണം എന്നും തുണി ഉടുക്കണം എന്നും വിദ്യാഭ്യാസം ചെയ്യണം എന്നും മനുഷ്യനായി ജീവിക്കണം എന്നും ചിന്തിച്ച അദ്ദേഹം തൻറെ സുഹൃത്തുക്കളെയും അതിനുള്ള അവബോധത്തിലേക്ക് എത്തിക്കുകയും,തൻറെ മുപ്പതാമത്തെ വയസിൽ 2 വെളുത്ത കാളകളെ വാങ്ങി കാളയുടെ കഴുത്തിൽ 2 മണിയും കെട്ടി,ഒരു വില്ലുവണ്ടിയും വാങ്ങി അവർണ്ണന് സഞ്ചാര സ്വാതന്ത്ര്യം നിരോധിച്ച വഴികളിലൂടെ മേൽമുണ്ട്‌ പോലും ധരിക്കാൻ പറ്റാത്ത കാലത്ത് ഒരു ഓവർ കൊട്ടും ധരിച്ച്‌ തലയിൽ ഒരു കെട്ടും കെട്ടി സവർണ്ണ ആധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് ഒരു പ്രമാണിയെപ്പോലെ നാട് ചുറ്റാൻ ഇറങ്ങുകയായിരുന്നു. അയ്യങ്കാളിയുടെ കാളവണ്ടിയുടെ മണി കിലുക്കം സവർണ്ണ കോട്ടകളിൽ വെള്ളിടിയായി മാറുകയായിരുന്നു.പിന്നീടങ്ങോട്ട് നിരവധി കലാപങ്ങൾ…, ചരിത്രത്തിന്റെ ഏടുകളിൽ .ചിതറി തെറിച്ച ദളിതന്റെ ചോരവീണ ആ കലാപങ്ങളുടെ നൂറു നൂറു എരികനലുകൾ ഇന്നും അണയാതെ കിടക്കുന്നു…

1911ൽ അദ്ദേഹം ശ്രീമൂലം പ്രജാസഭ അംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. പിന്നീടു നീണ്ട 25 വർഷക്കാലം അദ്ദേഹത്തിൻറെ ശബ്ദം അഥവാ കേരളത്തിലെ അധകൃതന്റെ ശബ്ദം അന്ന് നിയമസഭ കൂടിയിരുന്ന ഇന്നത്തെ അയ്യങ്കാളി മെമ്മോറിയൽ ഹാൾ ആയിമാറിയ വി ജെ ടി ഹാളിൽ മുഴങ്ങിയിരുന്നു. നിയമസഭാ സാമാജികനായി തീർന്നതോടെ സഭയിൽ കയറി കുത്തിയിരുന്നു ആനുകൂല്യങ്ങളും പറ്റി സുഖമായി ജീവിക്കുകയായിരുന്നില്ല കാളി എന്ന് അദ്ദേഹത്തിൻറെ ജീവ ചരിത്രം വായിക്കുന്ന ഏതൊരാൾക്കും ബോധ്യമാകും. സഭക്കകത്തും പുറത്തും ഒരുപോലെ സമരം നയിക്കുകയായിരുന്നു കാളി. ഐതിഹാസികമായ ഒട്ടനവധി സമരങ്ങൾ നടത്തിയപ്പോൾ പലപ്പോഴും ഒറ്റപ്പെട്ടു പോയിട്ടും പിൻതിരിഞ്ഞു നോക്കാത്ത ധീര പുരുഷനായിരുന്നു അദ്ദേഹം.

അങ്ങനെ വഴിയുടെ ഉടമാവകാശത്തെ കുറിച്ചും ദൈവത്തിൻറെ ഉടമാവകാശത്തെ കുറിച്ചും അറിവിൻറെ ഉടമാവകാശത്തെ കുറിച്ചും ഉള്ള തർക്കവും ഉത്തരവും ആക്കി കേരളത്തിൻറെ നവോദ്ഥാന അജണ്ടയെ അദ്ദേഹം മാറ്റി തീർത്തു.  ഇന്ന് നവ ഫ്യൂഡൽ കാലത്തെ പുത്തൻ തമ്പുരാക്കന്മാർ നാരായണ ഗുരുവിൻറെയും അയ്യങ്കാളിയുടെയും എല്ലാം നവോത്ഥാന പാരമ്പര്യത്തിന് മേൽ കാർക്കിച്ചു തുപ്പിക്കൊണ്ട് അവർ എന്തിനെയെല്ലാം പടിയടച്ചു പിണ്ണം വെക്കാൻ ശ്രമിച്ചോ അതിനെയെല്ലാം പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ കാല ഘട്ടത്തിൽ ഇവിടുത്തെ കീഴാളരെ മുൻ നിർത്തി വീണ്ടും ഒരു വില്ലുവണ്ടികെട്ടേണ്ട സാഹചര്യത്തിലൂടെയാണ് ഇന്ന് പനരുത്ഥാന കേരളം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി നിരവധി പ്രതിഷേധങ്ങളും സമരങ്ങളും സ്വാതന്ത്ര്യലബ്ധിക്കു മുമ്പും പിമ്പും ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ അരങ്ങേറിയിട്ടുണ്ട്. എന്നാല്‍ കേരള ചരിത്രത്തില്‍ പൊതുവഴികളിലൂടെ സഞ്ചരിക്കാനുള്ള അയിത്തജാതിക്കാരുടെ അവകാശപോരാട്ടം ആദ്യമായി സംഘടിപ്പിക്കുന്നത് അയ്യങ്കാളിയാണ്. ആദ്യത്തെ സമരവാഹനം അയ്യങ്കാളിയുടെ വില്ലുവണ്ടിയും.

പത്തൊമ്പതാം നൂറ്റാണ്ടിലേയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലെയും കേരളീയസമൂഹത്തിന്റെ പൊതുവ്യവഹാരങ്ങളെ ജാതികേന്ദ്രീകൃതവും ധനകേന്ദ്രീകൃതവുമായ പൊതുഘടനയാണ് നിയന്ത്രിച്ചിരുന്നത്. തൊട്ടുകൂടാത്തവരും തൊട്ടുണ്ണാത്തവരും ദൃഷ്ടിയില്‍പ്പെട്ടാല്‍ ദോഷമുള്ളവരുമൊക്കെയായി മനുഷ്യര്‍ ഓരോരോ കള്ളികളിലായിരുന്ന അക്കാലത്ത് പൊതുനിരത്തുകളിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഉന്നതകുലജാതരെന്ന് വിശേഷിപ്പിച്ചിരുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. അയിത്ത-അടിമജാതിക്കാര്‍ക്ക് പൊതുവഴികള്‍ ബാലകേറാമലയായിരുന്നു. ജാതിനിയമങ്ങള്‍ സമൂഹത്തില്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ഉറപ്പാക്കിയിരുന്നു. കര്‍ശനമായ ജാതിവഴക്കങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ സമുദായവും തിരുവിതാംകൂറില്‍ ജീവിച്ചുപോരുന്നത്. കാല്‍നടയായിരുന്നു പ്രധാന സഞ്ചാരമാര്‍ഗ്ഗം. നാട്ടിടവഴികളില്‍ നിന്നും അക്കാലത്ത് ഉയര്‍ന്ന് കേട്ടിരുന്ന ‘ഹായ്-ഹായ് ‘ഹോയ്-ഹോയ്’ വിളികള്‍ കൂരമ്പുകളായിട്ടാണ് അയ്യങ്കാളിയുടെയും കൂട്ടുരുടെയും കാതുകളില്‍ തറച്ചത്. തമ്പുരാന്‍ എഴുന്നള്ളുന്നുണ്ട്, തീണ്ടല്‍ജാതിക്കാരാരെങ്കിലും വഴിയിലുണ്ടെങ്കില്‍ ഓടി ഒളിക്കാന്‍ എന്നാണ് ആദ്യവിളിയുടെ ഉദ്ദേശം. അടിയാന്‍ മാറികൊള്ളാമെ എന്നാണ് അയിത്തജാതിക്കാരുടെ മറു ശബ്ദത്തിന്റെ പൊരുള്‍. ‘തീണ്ടാട്ട്’അഥവാ ‘വിളിയാട്ട്’ എന്നറിയപ്പെട്ടിരുന്ന അര്‍ത്ഥ ശൂന്യമായ ഈ ശബ്ദഘോഷം പതിറ്റാണ്ടുകളോളം നമ്മുടെ പൊതുവഴികളെ മുഖരിതമാക്കിയിരുന്നു.

കേരള ചരിത്രത്തില്‍ പൊതുവഴികളിലൂടെ സഞ്ചരിക്കാനുള്ള അയിത്തജാതിക്കാരുടെ അവകാശ പോരാട്ടം ആദ്യമായി സംഘടിപ്പിക്കുന്നത് അയ്യങ്കാളിയാണ്. അയിത്തജാതിക്കാരുടെ അടിച്ചമര്‍ത്തപ്പെട്ടിരുന്ന സ്വാതന്ത്ര്യവാഞ്ച അണപൊട്ടിയൊഴുകാന്‍ ഇടയാക്കിയ അയ്യങ്കാളിയുടെ വില്ലുവണ്ടിയാത്ര ഹീനജാതിക്കാര്‍ക്കും അര്‍ഹതപ്പെട്ട പൊതു ഇടങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ആഹ്വാനമായിരുന്നു. അതിനദ്ദേഹം തെരഞ്ഞെടുത്ത ഉപകരണമാകട്ടെ വരേണ്യവിഭാഗങ്ങളുടെ അക്കാലത്തെ ആഡംബര വാഹനമായ വില്ലുവണ്ടിയും.

വില്ലുവണ്ടി സമരത്തെ ഒരു വീരകഥയായിട്ടാണ് എല്ലാവരും അവതരിപ്പിച്ചിട്ടുള്ളത്. അയ്യങ്കാളിയുടെ സാഹസികതയിലും മെയ്ക്കരുത്തിലും സവര്‍ണ്ണ ധാര്‍ഷ്ട്യത്തെ ധിക്കരിച്ചതിലും അഭിരമിക്കുന്നവര്‍ ചരിത്രത്തിലെന്താണ് സംഭവിച്ചതെന്ന് മനസിലാക്കുന്നില്ല. ഒട്ടും ചലനാത്മകമല്ലാതിരുന്ന തിരുവിതാംകൂറിലെ സാമൂഹ്യാവസ്ഥയ്ക്ക് 1850 കള്‍ മുതലാണ് അടിസ്ഥാനപരമായ മാറ്റമുണ്ടാകുന്നത്. അതായത് കൊളോണിയല്‍ ശക്തികളുടെ ബഹുമുഖമായ ഇടപെടലുകളാണ് നിശ്ചലമായിരുന്ന സമൂഹത്തില്‍ മാറ്റത്തിന്റെ കാറ്റുവീശുന്നതിന് കാരണമായത്. 1860 കളിലാണ് കേരളത്തിലാദ്യമായി ഒരു പൊതുമരാമത്ത് വകുപ്പ് രൂപം കൊള്ളുന്നത്. റോഡ് അഥവാ പൊതുവഴി ആവശ്യമായി വരുന്ന ഒരു ജിവിതരീതി ആയിരുന്നില്ല അക്കാലത്തെ ജനങ്ങളുടേത്. ബഹുഭൂരിപക്ഷം വരുന്ന അയിത്തജാതിക്കാര്‍ക്കും അടിമകള്‍ക്കും റോഡ് ആവശ്യമില്ലായിരുന്നു. നാടുവാഴികളും രാജാക്കന്മാരും പല്ലക്കിലായിരുന്നു യാത്ര.

അയിത്തജാതിക്കാരോടുള്ള സവര്‍ണ്ണ വിഭാഗക്കാരുടെ ദയാരഹിതവും നികൃഷ്ഠവുമായ മനോഭാവത്തെ സംഘടിതവും പ്രായോഗികവുമായ മാര്‍ഗ്ഗങ്ങളിലൂടെ മാത്രമേ ചെറുക്കാനാകൂ എന്ന തിരിച്ചറിവാണ് അയ്യങ്കാളിയെ വില്ലുവണ്ടി യാത്രയ്ക്ക് പ്രേരിപ്പിച്ചത്. സാമ്പത്തികമായും സാമൂഹികമായും ഉയര്‍ന്ന നിലയും വിലയുമുണ്ടായിരുന്ന സവര്‍ണജാതിക്കാര്‍ മാത്രമാണ് മഹാരാജാവ് കഴിഞ്ഞാല്‍ അക്കാലത്ത് വില്ലുവണ്ടി ഉപയോഗിച്ചിരുന്നത്. സവര്‍ണര്‍ ആഡംബരത്തിന്റെയും അധികാരത്തിന്റെയും ഭാഗമായി ഉപയോഗിച്ച വില്ലുവണ്ടിയെ അയ്യന്‍കാളി അവകാശ സമരത്തിന്റെ അടയാളമാക്കി മാറ്റി.

സവര്‍ണ ധിക്കാരം വിലക്കിയ വഴികളിലൂടെ വെറുതെ സഞ്ചരിക്കുന്നതിനേക്കാള്‍ വില്ലുവണ്ടിയിലെ സഞ്ചാരം ഉയര്‍ത്താവുന്ന അനുരണനങ്ങള്‍ വലുതായിരിക്കുമെന്ന് അദ്ദേഹത്തിന് നല്ല നിശ്ചയമുണ്ടായിരുന്നു. പൊതുവഴികളിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ആരോടും ഇരന്നു വാങ്ങേണ്ടതോ ആരെങ്കിലും കല്‍പിച്ചുതരേണ്ടതോ അല്ലെന്ന ഉറച്ചബോധം അയ്യങ്കാളിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ആ ആഖ്യാനത്തിന് പ്രത്യേക ഭാഷയും ഉപകരണവും അദ്ദേഹം തെരഞ്ഞെടുത്തത്. അയിത്തജാതിക്കാര്‍ക്ക് അപ്രാപ്യമായിരുന്ന വില്ലുവണ്ടിയും തലേക്കെട്ടും എളിയില്‍ തിരുകിയ കഠാരയും വെള്ളവസ്ത്രവും പ്രതിഷേധത്തിനുള്ള ഉപകരണമാക്കിയതിലൂടെ നവോത്ഥാന സമരചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രക്ഷോഭകാരിയായി അദ്ദേഹം വേറിട്ടു നില്‍ക്കുന്നു.