Mon. Nov 23rd, 2026

✍️ ഡോ. എ കെ. വാസു

വെളുത്ത കത്രീന എന്ന സിനിമയിൽ പ്രേംനസീർ അവതരിപ്പിക്കുന്ന ഒരു ബ്രാഹ്മണ കഥാപാത്രമുണ്ട്. സിനിമാ /സാഹിത്യ പൊതുബോധം ആറ്റിക്കുറുക്കിയെടുത്ത് ബ്രാഹ്മണരിൽ ആരോപിക്കുന്ന “അതിനന്മയുടെ പഴമ്പത്തായമായി ആ കഥാപാത്രത്തെ വിശകലനംചെയ്യാൻ കഴിയും. വെളുത്ത കത്രീനയിൽ ഈ നമ്പൂതിരി ഒഴികെ മുഴുവൻ മനുഷ്യരും സ്ത്രീലമ്പടന്മാരോ വിശ്വാസവഞ്ചകരോ തിന്മമാത്രംചെയ്യുന്നവരോ ഒക്കെയാണ്. നന്മയെന്നാൽ ബ്രാഹ്മണപുരുഷനിൽ മാത്രം സ്ഥിതി ചെയ്യുന്ന ഒരുതരം ജാതിഗുണം എന്ന നിർമ്മിത ബുദ്ധിയാണ് ആ സിനിമയുടെ അടിസ്ഥാന ബോധം. പതിവിൽ നിന്നും വിപരീതമായി വെളുത്തവളും അതിസുന്ദരിയായും ഒരു സ്ത്രീ പുലയരുടെ ഇടയിൽ ജനിച്ചു എന്നതിൻറെ അൽഭുതാവേശങ്ങളാണ് സിനിമയിലുടനീളം മുഴച്ചു നിൽക്കുന്നത്.

കത്രീനയെ (ഷീല) ഭ്രാന്തമായി പ്രണയിക്കുന്ന സ്വസമുദായക്കാരനായ സത്യൻ അവതരിപ്പിക്കുന്ന കഥാപാത്രം കറുത്തവനായതിനാൽ കത്രീന കാര്യമായി അടുപ്പം കാണിക്കുന്നില്ല. പുലയക്കുടിയിലെ വെളുത്തസുന്ദരിയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥനെ കത്രീനയുടെ ആങ്ങള തേവൻ (ബാലൻ കെ നായർ) കൊലചെയ്തതിനാൽ അമ്മയും ആങ്ങളയും കത്രീനയും ചേർന്ന് മറ്റൊരിടത്തേക്ക് നാട് മാറിപ്പോകുന്നു.

എത്തിയ സ്ഥലത്തെ ആണുങ്ങൾ മൊത്തം കത്രീനയിൽ കണ്ണുവെക്കുന്നു എന്നതാണ് സിനിമയുടെ അത്യാരോപണം. തൊഴിലാളികൾ തങ്ങളുടെ സഹപ്രവർത്തകയോട് മാന്യമായി പെരുമാറാൻ ശേഷിയില്ലാത്തവർ എന്ന യുക്തിയാണ് അവിടെയെല്ലാം സ്ഥാപിക്കാൻ ശ്രമിച്ചിട്ടുള്ളത്. നാട്ടിലെ പ്രമാണിയും അതിസമ്പന്നനും പാരമ്പര്യ സ്വത്തുകാരനും സംഗീതജ്ഞനും എല്ലാമായ നമ്പൂതിരി (പ്രേം നസീർ) മുഴുവൻ വിടന്മാരിൽ നിന്നും കത്രീനയെ രക്ഷിക്കാൻ ജാതിയും പാരമ്പര്യവും പദവിയും എല്ലാം ഒറ്റ നിമിഷത്തിൽ ബലി കഴിച്ചിട്ട് കത്രീനയെ വധുവാക്കുന്നു എന്നതാണ് കഥയിലെ രസകരമായ ട്വിസ്റ്റ്.

“അന്തർജനം വാഴേണ്ടിടത്ത് ഹരിജനം വാഴുന്നു” എന്നൊരു ഡയലോഗ് പറഞ്ഞ് ഒരു “ശുദ്ധബ്രാഹ്മണൻ” വീട് വിട്ടുപോകുന്നതൊഴിച്ചാൽ മറ്റൊന്നും അവിടെ സംഭവിക്കുന്നതായി പറയുന്നുമില്ല. പുഴു എന്ന സിനിമയ്ക്കെതിരെ ഉയർന്നതുപോലെ “അനുപാതംശരിയല്ല” എന്ന വാദം ഇത്തരം സന്ദർഭങ്ങളിൽ ആരിൽ നിന്നും ഉയരില്ല എന്നതാണ് അത്തരം എഴുത്തുകാരുടെ ബ്രാഹ്മണ്യബോത്തിന് പ്രത്യക്ഷമായ ഉദാഹരണം.

അത്യാപത്തിൽ നിന്ന് രക്ഷപ്പെടുത്തിയെന്ന് മാത്രമല്ല, കെട്ടിലമ്മയായി വാഴിച്ചിട്ടും പുലയസ്ത്രീ നമ്പൂതിരി ഭർത്താവിനോട് ചതി കാണിച്ചു എന്നതാണ് മറ്റൊരു ട്വിസ്റ്റ്. പഴയ കാമുകൻ (സത്യൻ) കോവിലകത്ത് സന്ദർശിക്കുമ്പോൾ അയാളുമായി ദമിതകാമനയാൽ രമിച്ചതായും അതിൽ പാപത്തിന്റെ ശമ്പളമായി കറുത്ത സന്തതി പിറന്നുവെന്നും തിരക്കഥയിലുണ്ട്.

നന്മ മുഴുവൻ ബ്രാഹ്മണരിലും തിന്മ മുഴുവൻ അപര ജനതയിലും ആരോപിക്കുന്ന ഇത്തരം പൈങ്കിളി സാഹിത്യങ്ങളാണ് മലയാള സിനിമ എക്കാലത്തും ആഘോഷിച്ചിട്ടുള്ളത്. അത്തരം ആവേഗങ്ങളിൽ ഒരു ബ്രേക്കിംഗ് പോയിന്റ് ഉണ്ടാക്കിയെന്നതാണ് പുഴു എന്ന സിനിമ ഉയർത്തിവിട്ട സാംസ്കാരിക രാഷ്ട്രീയം. അത്തരം ഞെട്ടലുകൾ ഇനിയും ആവർത്തിച്ചുകൊണ്ടിരിക്കാനാണ് സാധ്യത….