Sun. Nov 22nd, 2026

നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ നാട്ടുകാരനായ നീരവ് മോദിയും , മുന്‍ ഐപിഎല്‍ ചെയര്‍മാനായ ലളിത് മോദിയും ചേര്‍ന്ന് രാജ്യത്തെ കൊള്ളയടിക്കുകയാണ്. രാജ്യത്ത് നിരവധി മോദിമാരുണ്ടെങ്കിലും അവരില്‍ സാര്‍വര്‍ത്രികമായി കാണുന്നത് കൊള്ളയടിക്കുക എന്നതാണെന്നും അത് പാവം ജനങ്ങള്‍ക്ക് അറിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014 മെയ് മാസത്തിനു ശേഷം രാജ്യത്ത് തട്ടിപ്പ് വര്‍ധിക്കുകയായിരുന്നു. കര്‍ഷകരുടെ ലോണുകള്‍ എഴുതിത്തള്ളാമെന്ന് വാഗ്ദാനം ചെയ്ത മോദി എഴുതി തള്ളിയത് വന്‍കിട വ്യവസായികളുടെ മൂന്ന് ലക്ഷം കോടി രൂപയുടെ കടങ്ങാളെണെന്നും സീതാറാം യെച്ചൂരി ഹൈദരാബാദില്‍ പറഞ്ഞു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ രണ്ടാമതും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട
യെച്ചൂരി പൊതുസമ്മേളന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു.

രാജ്യത്തെ ബാങ്കുകളില്‍ ജനങ്ങള്‍ നിക്ഷേപിച്ച കോടികളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. തട്ടിപ്പ് നടത്തി രാജ്യം വിട്ടവരെ തിരിച്ചെത്തിക്കാനുള്ള ഒരു നടപടിയും ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല.

രാജ്യത്ത് കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും അവയ്‌ക്കെല്ലാം പിന്നില്‍ ബിജെപി ആര്‍എസ്എസ് ബന്ധമുള്ളവരാണെന്നും അതുകൊണ്ടു തന്നെ പീഡകരെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണ് രാജ്യത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇത്ര മോശം അവസ്ഥകളെ അഭിമുഖീകരിക്കേണ്ടി വന്നതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

പ്രസംഗത്തിനിടയില്‍ മോദിയേയും അമിത്ഷായെയും ദുര്യോധനനും ദുശ്ശാസനുമായി യെച്ചൂരി താരതമ്യപ്പെടുത്തിയതും ശ്രദ്ധേയമായി. മഹാഭാരതത്തില്‍ കൗരവര്‍ നൂറു പേരുണ്ടെങ്കിലും ദുര്യോധനനെയും ദുശ്ശാസനനെയും മാത്രമാണ് ജനങ്ങള്‍ക്കറിയുന്നത്. അതുപോലെ ബിജെപിയില്‍ ആകെ ആളുകള്‍ക്കറിയുന്നത് മോദിയേയും അമിത് ഷായേയും ആണെന്നും യെച്ചൂരി പറഞ്ഞു.

ബിജെപി ആര്‍സ്എസ് സംഘം രാജ്യത്ത് നടത്തുന്ന വര്‍ഗീയ വിദ്വേഷങ്ങളെ പ്രതിരോധിച്ച് സൗഹാര്‍ദ്ദന്തരീക്ഷം സൃഷ്ടിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.