Fri. Nov 20th, 2026

✍️ ചന്ദ്രപ്രകാശ് എസ് എസ്

ചരിത്രം എന്നത് വ്യവസ്ഥാപിത രജവംശങ്ങളുടേയും,ഫ്യൂഡൽ പ്രഭുക്കന്മാരുടേയും,
ദളവമാരുടേയും ഭരണ പരിഷ്‌കാരങ്ങൾ മാത്രമല്ലെന്നും, പാർശ്വവൽക്കരിക്കപ്പെട്ട കീഴാള ജനതയുടേത് കൂടിയാണെന്നും മലയാളിയെ നിരന്തരം ഓർമ്മിപ്പിച്ച ചരിത്രകാരനാണ് ദലിത് ബന്ധു എൻ കെ ജോസ്.

കുറെക്കൂടി വ്യക്തമായി പറഞ്ഞാൽ,നമ്മളിൽ അടിച്ചേൽപ്പിക്കപ്പെട്ട സവര്‍ണ ചരിത്രത്തെ അടിമുടി തിരുത്തിയെഴുതിയ കേരളത്തിലെ പ്രമുഖ എഴുത്തുകാരനാണ് ദലിത് ബന്ധു.കേരളോല്‍പത്തിയെ പരശുരാമനെന്ന കുറ്റിയിലടിച്ച് സ്ഥാപിക്കാന്‍ ശ്രമിച്ച് വലിയ ബുദ്ധിമാന്മാരും കേമന്മാരും തങ്ങളാണെന്ന് നടിച്ച് അഹന്ത സ്വായത്തമാക്കിയ അക്കാദമിക-വരേണ്യ ചരിത്രകാരന്മാരില്‍ നിന്ന് ഏറെ വ്യത്യസ്തനാണ് ദലിത് ബന്ധു എന്ന എന്‍ കെ ജോസ്.

ഇടപ്പള്ളിയില്‍ ചരിത്ര മ്യൂസിയം സ്ഥാപിച്ച് അതിന് മുന്നില്‍ കേരളം സൃഷ്ടിക്കാന്‍ മഴുവുയർത്തി നില്‍ക്കുന്ന പരശുരാമനെ പ്രതിഷ്ഠിച്ച് അത് കൊട്ടിഘോഷിക്കുകയും, അവിടേക്ക് ചരിത്ര വിദ്യാര്‍ഥികളെ ആട്ടിൻപറ്റത്തെപ്പോലെ ആനയിക്കുകയും ചെയ്യുന്ന ആധുനിക-സവർണ-ഫ്യൂഡലിസ്റ്റ് ചരിത്രകാരന്മാര്‍ക്കിടയില്‍ ദലിത് ബന്ധുവിനെ നമുക്ക് കാണാന്‍ കഴിയില്ല.

നേരെമറിച്ച് ഇന്ത്യയിലെ മികച്ച ചരിത്രകാരന്മാര്‍ക്കിടയിലാണ് ദലിത് ബന്ധുവിന്റെ ഉന്നത സ്ഥാനം.കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടായി അദ്ദേഹം സവര്‍ണര്‍ എഴുതിവിടുകയും, നയിക്കുകയും ചെയ്യുന്ന ചരിത്രകോമാളിത്തരങ്ങൾ പിന്തുടരാതെ,യഥാർത്ഥ ചരിത്രസത്യങ്ങള്‍ അന്വേഷിച്ചു കണ്ടെത്തി നിരവധി പുസ്തകങ്ങളെഴുതി. എണ്ണം പറഞ്ഞ നൂറ്റിയൻപതോളം പുസ്തകങ്ങള്‍.



അതേസമയം പഴങ്കഞ്ഞിയായ സവര്‍ണ ചരിത്രകാരന്മാരുടെ കൃതികള്‍ ചൂട് കഞ്ഞിപോലെ വിറ്റഴിയുമ്പോള്‍ ദലിത് ബന്ധു എഴുതിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പോലും ചില പ്രസാധകർ തയ്യാറാവാത്ത അവസ്ഥയുണ്ടായി. ഇതേത്തുടര്‍ന്ന് അദ്ദേഹം കോട്ടയം വൈക്കത്തെ അംബികാ മാര്‍ക്കറ്റില്‍ സ്വന്തമായി ഹോബി പബ്ലിഷേഴ്‌സ് എന്ന പേരില്‍ ഒരു പുസ്തക പ്രസിദ്ധീകരണശാലയുണ്ടാക്കി. അതിലൂടെ അദ്ദേഹം എഴുതിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് വില്‍പ്പന നടത്തി. എഴുതിയ മിക്ക പുസ്തകങ്ങളും എട്ടും പത്തും എഡിഷനുകളായി ചരിത്രത്തിൽ ഇടം നേടി. വാർദ്ധക്യസഹജമായി രോഗാതുരനായശേഷം പല പുസ്തകങ്ങളും കിട്ടാനില്ലാത്ത അവസ്ഥയുണ്ടായി. തികഞ്ഞൊരു സോഷ്യലിസ്റ്റ് ആശയക്കാരനായിരുന്ന ദലിത് ബന്‌ധു കേരളഹിസ്റ്ററി കോൺഗ്രസ്സിന്റെ പ്രസിഡൻ്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.

1929 ഫെബ്രുവരി 2 ന് ജനിച്ച അദ്ദേഹം ദളിത് പഠനങ്ങൾക്കും ദളിത്ചരിത്ര രചനകൾക്കും നൽകിയ സംഭാവനകൾ മാനിച്ച് 1990ൽ ദളിത് സംഘടനകൾ അദ്ദേഹത്തിനു ദളിത്ബന്ധു എന്ന ആദരനാമം നൽകി. പിൽക്കാലത്ത് അത് തന്റെ തൂലികാനാമമാക്കുകയായിരുന്നു ജോസ്.

വൈക്കം താലൂക്കിലെ ഒരു കത്തോലിക്കാകുടുംബത്തിൽ കുര്യൻ, മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം ചേർത്തല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലായിരുന്നു. ബാല്യത്തിൽ നടന്ന പുന്നപ്ര വയലാർ പ്രക്ഷോഭത്തെക്കുറിച്ച് ജോസ് തന്റെ ഓർമ്മക്കുറിപ്പുകളിൽ നന്നായി എഴുതിയിട്ടുണ്ട്. തേവര സേക്രഡ് ഹാർട്ട്സ്,സെന്റ് ആൽബർട്സ് എറണാകുളം എന്നിവിടങ്ങളിലായിരുന്നു കോളേജ് വിദ്യാഭ്യാസം.



പഠനകാലത്ത് ജോസിന്, കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ആശയങ്ങളിൽ താല്പര്യം തോന്നിയിരുന്നു. വൈക്കം മുഹമ്മദ് ബഷീറുമായുള്ള അടുപ്പം സാമൂഹ്യവിഷയങ്ങളിൽ ജോസിൽ കാര്യമായ സ്വാധീനം ചെലുത്തി. 23 ആം വയസ്സിൽ ‘മുതലാളിത്തം ഭാരതത്തിൽ’ എന്ന ആദ്യ ഗ്രന്ഥം രചിച്ചു.കോളേജ് വിദ്യാഭ്യാസത്തിനു ശേഷം വാർദ്ധയിലെ ഗാന്ധി ആശ്രമത്തിൽ ഗാന്ധിയൻ ചിന്തയിലും സോഷ്യലിസ്റ്റ് പഠനത്തിലും ഏർപ്പെട്ടു.

പിൽക്കാലത്ത് ജോസ് ഗാന്ധിയെ അതിനിശതമായി വിമർശിച്ചും എഴുതി.
റാം മനോഹർ ലോഹ്യ, വിനോബ ബാവേ, ജയപ്രകാശ് നാരായൺ എന്നീ സോഷ്യലിസ്റ്റ് ആചാര്യന്മാരായിരുന്നു ജോസിന്റെ രാഷ്ട്രീയ ഗുരുക്കന്മാർ. കോൺഗ്രസ്സിലെ സോഷ്യലിസ്റ്റ് പക്ഷത്തു നിന്നും ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയിലേക്കും പിന്നീട് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലേക്കും അദ്ദേഹം മാറി.പി എസ് പി.യുടെ സംസ്ഥാന ഭാരവാഹിയുമായി. അക്കാലത്ത് തിരുവിതാംകൂറിലെ ഭരണമുന്നണിയായിലായിരുന്നു ആ പാർട്ടി. പിന്നീട് മാർത്താണ്ഡത്ത് നടന്ന പോലീസ് വെടിവെയ്പ്പ് അഖിലേന്ത്യാ തലത്തിൽ പാർട്ടി പിളരാനും ജോസ് സജീവ രാഷ്ടീയം ഉപേക്ഷിക്കാനും നിമിത്തമായി.

രാഷ്ട്രീയം ഉപേക്ഷിച്ച ശേഷം പുതിയൊരു ജീവിതത്തിലേയ്ക്ക് കാൽവച്ചു. 1955 ൽ അദ്ദേഹം തങ്കമ്മയെന്നൊരു പുരോഗമനവാദിയായ വനിതയെ ജീവിതസഖിയാക്കി. അടുത്തിടെയാണ് തങ്കമ്മ അന്തരിച്ചത്. 1960 കളിൽ കേരള കത്തോലിക്ക കോൺഗ്രസ്സിൽ സംസ്ഥാന തലത്തിലെ പദവികൾ പലതും വഹിച്ചു.അക്കാലത്താണ് അദ്ദേഹം അംബേദ്ക്കറുടെ ജീവചരിത്രവും അദ്ദേഹമെഴുതിയ മറ്റ് കൃതികളും വായിച്ചത്. താൻ അന്വേഷിക്കുന്നത് അംബേദ്ക്കറിസമാണ് എന്ന തിരിച്ചറിവ് അതോടെ അദ്ദേഹത്തിനുണ്ടായി.



1983 ൽ കത്തോലിക്കാ സഭ പ്രവർത്തനങ്ങളിൽ നിന്നു പൂർണ്ണമായി വിടവാങ്ങിയ അദ്ദേഹം മുഴുവൻ സമയ ദളിത് ചരിത്ര ഗവേഷകനും എഴുത്തുകാരനുമായി മാറി. ചരിത്രവും, തലമുറകളായി പുലർത്തിപോരുന്ന ധാരണകളും പൊളിച്ചെഴുതുന്നവയായിരുന്നു ജോസിന്റെ കൃതികൾ എല്ലാം തന്നെ. പ്രധാനമായും രണ്ട് പരമ്പരകളായാണ് അദ്ദേഹം തന്റെ കൃതികളെ തിരിച്ചിട്ടുള്ളത്. നസ്രാണീ സീരീസ്, ദളിത് സിരീസ് എന്ന് ജോസ് അവയെ വിളിക്കുന്നു.

കേരളക്രൈസ്തവർ ബ്രാഹ്മണരിൽ നിന്നും മതപരിവർത്തനം ചെയ്തവരാണ് എന്ന വിശ്വാസം സഭാനേതാക്കന്മാരുടെ സങ്കൽപ്പസൃഷ്ടിയാണ് എന്ന് ജോസ് ആദ്യം തന്നെ തുറന്നു പറഞ്ഞിരുന്നു. കേരളത്തിൽ ക്രൈസ്തവതക്കുള്ളതിന്റെ പകുതി പ്രായമേ ബ്രാഹ്മണ്യത്തിനുള്ളു എന്ന കണ്ടെത്തലും, പഴയ കൊച്ചിരാജ്യത്തെ പുരാവസ്തു ഗവേഷണവുമെല്ലാം ജോസിന്റ അഭിപ്രായത്തെ സ്ഥിരീകരിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ, ബ്രാഹമണരിൽ നിന്നല്ല മറിച്ച് പുരാതന കേരളത്തിലെ ജൂതന്മാരിൽ നിന്നാണ് നസ്രാണികളുടെ ഉൽഭവം എന്ന പുത്തൻ ആശയത്തിനു അദ്ദേഹം രൂപംകൊടുത്തു.

കേരളത്തിലെ ആദിമക്രൈസ്തവർ ഇന്നാട്ടിലെ ആദിവാസികൾ തന്നെയായിരുന്നു എന്നും ജാതിവ്യവസ്ഥിതി നിലവിലില്ലാത്ത കാലത്തായിരുന്നു പരിവർത്തനങ്ങൾ കൂടുതലും നടന്നിരുന്നതെന്നും ജോസ് വാദിക്കുന്നു.അതിനു ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞാണ് കേരളത്തിലെ ആര്യപ്രവേശം എന്നും അപ്പോൾ മാത്രമാണ് ജാതിവിഷയം ഉൽഭവിച്ചതെന്നും ജോസ് ആദികാലം മുതൽക്കേ കരുതിവരുന്നു. പിൽക്കാലത്ത് ജാതിവ്യവസ്ഥിതിയിൽ നിന്നും മോചനം ലഭിക്കാൻ ദളിത് അവശ വിഭാഗങ്ങൾ സംഘടിതമായി ക്രൈസ്തവത സ്വീകരിക്കകയുണ്ടായി എന്നും ജോസ് സ്ഥിരീകരിക്കാറുണ്ട്.



ചരിത്രം എല്ലാക്കാലത്തും അധികാരവർഗ്ഗത്തിന്റെ മാത്രം രചനയായിരുന്നു.
അധികാരവർഗ്ഗങ്ങൾ മാറി മാറി വരികയും പോവുകയും ചെയ്യുന്നതാകയാൽ ചരിത്രവും മാറി കൊണ്ടിരിക്കുകയായിരുന്നു എന്നത് വ്യക്തമാണല്ലോ. ഭാരതത്തിന്റെ ചരിത്രമെന്നാൽ ഇപ്പോൾ ആര്യബ്രാഹ്മണ വീക്ഷണവും, പാശ്ചാത്യ യൂറൊപ്യൻ ധാരണകളും മാത്രമായി മാറ്റപ്പെട്ടിരിക്കുന്നു എന്നതാണ് ജോസിന്റെ എക്കാലത്തേയും വിലാപം. ഇവിടുത്തെ ബൗദ്ധ- ജൈന-ദളിത് പാരമ്പര്യവും സംസ്ക്കാരവും ചരിത്രവും ആസൂത്രിതമായി തമസ്ക്കരിക്കപ്പെടുകയായിരുന്നു എന്ന് ആവർത്തിച്ച് ചൂണ്ടിക്കാണിക്കുകയാണ് നാലു ദശാബദങ്ങളായി ജോസ് ചെയ്യുന്നത്.ആധുനിക കേരള ചരിത്രം പഞ്ചലഹളകളുടെ ചരിത്രവും അവയുടെ തുടർച്ചയുമാണ് എന്നു ജോസ് സിദ്ധാന്തിക്കുന്നു. പുലയ ലഹള, ചാന്നാർ ലഹള, മാപ്പിള ലഹള, വയലാർ ലഹള, വൈക്കം സത്യാഗ്രഹം എന്നിവയാണ് ജോസിന്റെ പഞ്ചലഹളകൾ.

സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ ദളിത് ബന്ധു എൻ കെ ജോസിന്റെ പേരിൽ ആർക്കൈവ് ആരംഭിക്കുമെന്ന് 2023 ൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ എം വി നാരായണൻ അറിയിച്ചെങ്കിലും അതിൻ്റെ പുരോഗതിയെപ്പറ്റി കൃത്യമായി അറിയില്ല. സർവ്വകലാശാലയിലെ ചരിത്ര വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ഉള്ള ആർക്കൈവിൽ ദളിത് ബന്ധു എൻ കെ ജോസിന്റെ കയ്യെഴുത്ത് പ്രതികൾ, കത്തുകൾ, അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിലെ അപൂർവ്വങ്ങളായ പുസ്തകങ്ങൾ എന്നിവ ശേഖരിച്ച് സംരക്ഷിക്കും എന്നുമാണ് അന്ന് വി സി പ്രഖ്യാപിച്ചത്. ദളിത് ബന്ധു എൻകെ ജോസിന്റെ പേരിൽ എല്ലാ വർഷവും വാർഷിക പ്രഭാഷണം സംഘടിപ്പിക്കും എന്നും അദ്ദേഹം അറിയിച്ചു. ദലിത് ബന്ധുവിൻ്റെ നിര്യാണം സാമൂഹിക ചരിത്രമേഖലയിൽ വലിയ വിടവ് സൃഷ്ടിക്കും എന്ന കാര്യത്തിൽ തർക്കമില്ല.