Sun. Nov 22nd, 2026

✍️ചന്ദ്രപ്രകാശ് എസ് എസ്

ഇന്ത്യൻ യൂണിയനിൽ നിന്നും വേർപെട്ട് പാക്കിസ്ഥാൻ മോഡലിൽ സ്വതന്ത്ര തിരുവിതാംകൂർ സംസ്ഥാനം രൂപീകരിക്കാൻ ബ്രിട്ടീഷുകാരുമായും, പാക്കിസ്ഥാനുമായും അവസാനകാലത്ത് രഹസ്യചർച്ചകൾ നടത്തിയവരാണ് തിരുവിതാംകൂർ രാജകുടുംബം. രാജ്യത്താകെ ചരിത്രം വളച്ചൊടിച്ചും, പുനർനിർമ്മിച്ചും യാഥാർത്ഥ്യങ്ങളെ അപകടപ്പെടുത്തുമ്പോൾ, തമസ്ക്കരിക്കാൻ കഴിയാത്ത കുറെ ചരിത്ര യാഥാർത്ഥ്യങ്ങളുണ്ട്. അവയെ ചികഞ്ഞെടുത്ത് ഓർമ്മപ്പെടുത്തുമ്പോൾ അസഹിഷ്ണുത കാണിക്കുന്ന ശക്തികൾ ചരിത്രനിരാസത്തിൻ്റെ സന്തതികളാണ്.

തിരുവിതാംകൂർ രാജ്യത്തെ പഴയ രാജകുടുംബത്തിലെ പുതുതലമുറയെ വാഴ്ത്തിപ്പാടിയും, പുകഴ്ത്തിയും, അവർ കെട്ടിയാടുന്ന വേഷങ്ങൾക്ക് കയ്യടിച്ചും ജീവിക്കുന്ന ഒരു ജനവിഭാഗം വർത്തമാനകാലത്തും ഇവിടെ സജീവമാണ്. നവയുഗ രാജാക്കന്മാരുടെ മുന്നിൽ വിനീതവിധേയരായി നിൽക്കുകയാണ് ജനാധിപത്യരാജ്യത്തിലെ കുറെ പ്രജകൾ!


അഭിനവ ഇളംമുറ രാജാക്കന്മാർക്ക് ഇവിടുത്തെ സാധാരണ പൗരന്മാർക്കില്ലാത്ത എന്ത് സവിശേഷതയാണുള്ളത്? ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്ത് നമ്മളിൽ ഒരാൾ എന്നതിൽ കവിഞ്ഞ് എന്താണ് ഇവരുടെ പ്രത്യേക പ്രിവിലേജ് ? ആധുനിക ജനാധിപത്യ കേരളത്തിന് ഈ പുതുതലമുറയുടെ സംഭാവനയെന്ത്? സ്വാതന്ത്ര്യം നേടിയിട്ടും പിന്നെയും ഒരു ചുരുങ്ങിയകാലം അത് നീട്ടിക്കൊണ്ടുപോയി പാരതന്ത്ര്യം അടിച്ചേൽപ്പിച്ച് ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ രാജഭരണത്തിൽ നിന്നും പിന്മാറിയ ചരിത്രമാണ് തിരുവിതാംകൂർ രാജകുടുംബത്തിൻ്റെതെന്ന്  ചരിത്രവിദ്യാർത്ഥികൾക്കെല്ലാം അറിവുള്ളതാണ്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും പഴയപടി കപ്പവും കരവും പിരിച്ച് ഒരു ചുരുങ്ങിയ കാലം കൂടി തങ്ങളുടെ മുഷ്ക്കും, തനിനിറവും പുറത്തെടുത്തവരാണ് ഇവർ.

ഇത്തരം അശേഷിപ്പുകളെ ആഘോഷിക്കാനും,ഇല്ലാത്ത പ്രിവിലേജുകൾ അവർക്ക് ചാർത്തി ആനയിച്ച് നടത്താനും, അവർ ഇപ്പോഴും നമ്മെ ഭരിക്കുന്നതിന് സമാനമാക്കി, പഴമുറ തമ്പുരാക്കന്മാരുടേതിന് തുല്യമായ വിശേഷണങ്ങൾ ചാർത്തി അവരെ കൊണ്ടുനടക്കാനും കുറെ രാജഭക്ത അടിമകൾ ഇന്നും ഇവിടെയുണ്ട്. ഇത് കാണുമ്പോൾ സാധാരണ ജനങ്ങൾക്ക് അവജ്ഞയാണ് തോന്നുക. ഇത്തരക്കാരെ എഴുന്നള്ളിക്കാൻ പഴയകാലത്തെ പോലെ ആനയും, അമ്പാരിയും, ആലവട്ടവും, വെൺചാമരവും, താലപ്പൊലിയുമൊക്കെ പുനർജനിക്കുന്നത് രാജകാലത്തെ ജാതിതിരുവിതാംകൂറിലേക്ക് കേരളത്തെ എത്തിക്കാനും,
തിരിച്ചുനടത്താനും മാത്രമേ ഉപകരിക്കൂ.

സ്വാതന്ത്ര്യസമരം കൊടുംമ്പിരികൊണ്ടിരിക്കുന്ന കാലത്ത്, ബ്രിട്ടീഷ് ഒത്താശയോടെ സ്വാതന്ത്യസമര സേനാനികളെ അടിച്ചമർത്താൻ രാജാവിൻ്റെ പിന്തുണയോടെ സർ സി പി മുൻകൈയെടുത്ത് തിരുവിതാംകൂറിൽ ഒരു കൂലിപ്പട്ടാളം സൃഷ്ടിച്ചു. ഏകാധിപതികൾ ഭരണം കയ്യാളിയിട്ടുള്ള ലോകത്തിലെ വിവിധ സാമ്രാജ്യങ്ങളിലും, രാജ്യങ്ങളിലും അവർക്ക് കൂലിപ്പട്ടാളമുണ്ടായിരുന്നു എന്നത് ചരിത്രമാണ്.രാജ്യത്തെ പട്ടാളത്തിനും പോലീസിനും പുറമേയാണ് ഇത്തരം കൂലിസേനകൾ. മുഗൾ ഭരണാധികാരികൾ മുതൽ ഇദി അമിനും, ഗദ്ദാഫിയ്ക്കും, സദ്ദാം ഹുസൈനും, മറ്റ് നിരവധി ഏകാധിപതികൾക്കും കൂലിപ്പട്ടാളമുണ്ടായിരുന്നു. വർത്തമാനകാലത്തെ കൂലിപ്പടയാളികളാണ് റഷ്യയിലെ വാഗ്നർ സേന. പാക്കിസ്ഥാൻ ആര് ഭരിച്ചാലും രാജ്യത്തെ പട്ടാളത്തിന് പുറമേ കൂലിപ്പട്ടാളവും രംഗത്തുണ്ടാകും.


ഇതേ മാതൃകയിൽ ചിത്തിരതിരുനാൾ,അമ്മ മഹാറാണി സർ സിപി ത്രയം ചേർന്ന് രൂപീകരിച്ച തിരുവിതാംകൂറിലെ കൂലിപ്പട്ടാളമാണ് സിംസൺ പട്ടാളം അഥവാ സിംസൺ സേന അല്ലെങ്കിൽ സിംസൺ പട. രാജാവിൻ്റെ ആജ്ഞാനുവർത്തിയായ സർ സി പിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഈ കുപ്രസിദ്ധ സേന. തിരുവിതാംകൂറിലെ നായർ ആർമിയ്ക്ക് പുറമേയായിരുന്നു ഈ ക്വട്ടേഷൻ പട.സ്വാതന്ത്ര്യ സമരം ഉച്ഛസ്ഥായിലായ ഘട്ടത്തിൽ രാജാവിൻ്റെ ഭീകര ഗൂണ്ടാസംഘമായിരുന്നു ഇവർ.

ഹൈദ്രാബാദ് നിസാം ഉണ്ടാക്കിയ ഭീകര സംഘടനയായ റസാർക്കറിൻ്റെ അതേ മാതൃകയിൽ പ്രവർത്തിച്ച ലോകത്തെ എണ്ണപ്പെട്ട ഭീകരസംഘടനകളിൽ ഒന്നായിരുന്നു തിരുവിതാംകൂറിലെ സിംസൺ പട്ടാളം. കൊല്ലിനും കൊലയ്ക്കും പേരുകേട്ട,ചോര കണ്ട് അറപ്പുമാറി,എന്തിനും പോന്ന വിവിധ ജാതിമതസ്ഥർ ഉൾപ്പെട്ടതായിരുന്നു ഈ പട.

ആർതർ സിംസൺ എന്ന ആംഗ്ലോ ഇന്ത്യാക്കാരനായ ഒരു നാഞ്ചിനാട്ടുകാരനായിരുന്നു സംഘ തലവൻ. അതിനാലാണ് ഇവരെ സിംസൺ പട എന്ന് വിളിച്ചിരുന്നത്. ഇവർക്ക് യൂണിഫോം ഉണ്ടായിരുന്നു. വെള്ളമുണ്ട്, കാക്കി ഷർട്ട്, ഇരുമ്പിൽ തീർത്ത ഒരു പ്രഹരദണ്ഡ് എന്നിവയായിരുന്നു സ്റ്റേറ്റ് സ്പോൺസേർഡ് ചട്ടമ്പിമാരായ ഇവരുടെ ഔദ്യോഗിക വേഷം. അഞ്ചു രൂപയായിരുന്നു ഇവരുടെ വേതനം. അതുകൊണ്ട് അഞ്ച് രൂപ പട്ടാളം എന്നും ഇവർ അറിയപ്പെട്ടു. ത്രിവർണ്ണ പതാക കത്തിക്കുക, നാട്ടിൽ മനപൂർവം അക്രമങ്ങൾ അഴിച്ചുവിട്ട് പ്രജകളെ പരിഭ്രാന്തരാക്കുക, കൊള്ളയും, കൊലയും, കൊള്ളിവയ്പ്പും നടത്തുക എന്നിവയായിരുന്നു ഇവരുടെ പ്രധാനം ജോലി.


തിരുവിതാംകൂർ കൊട്ടാരത്തിൽ രൂപപ്പെട്ട ഏറ്റവും മ്ലേച്ഛമായ ഗൂഢാലോചനയായിരുന്നു സ്വതന്ത്ര തിരുവിതാംകൂർ രാജ്യം. തിരുവിതാംകൂറിനെ ഒരു സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ച് റേഡിയോ സന്ദേശം നൽകാൻ വരെ സർ സി പി ധൈര്യപ്പെട്ടു. ഇതിലേക്കായി കുപ്രസിദ്ധമായ ‘അമേരിക്കൻ മോഡൽ’ ഭരണപരിഷ്ക്കാരങ്ങൾ കൊണ്ടുവരാൻ സി പി തയ്യാറായി. ഇതിനെതിരെ ‘മോഡൽ’ എന്ന പേരിൽ കഥയെഴുതിയ പൊൻകുന്നം വർക്കിയെ ജയിലിലടച്ചു.

സ്വതന്ത്ര തിരുവിതാംകൂറിനേയും, അമേരിക്കൻ മോഡലിനേയും എതിർത്ത സംഘടനകളും അതിൻ്റെ ഭാരവാഹികളുടെ കുടുംബങ്ങളുമായിരുന്നു സിംസൺ പട്ടാളത്തിൻ്റെ പ്രമുഖ ശത്രുക്കൾ. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് നേതാക്കൾ, തിരുവിതാംകൂർ യൂത്ത് ലീഗിലെ കമ്മ്യൂണിസ്റ്റുകാർ തുടങ്ങിയവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുക, അവരുടെ വീട് ആക്രമിക്കുക, സ്ത്രീകളടക്കം കുട്ടികൾക്ക് നേരെവരെ ആക്രമണം അഴിച്ചുവിടുക തുടങ്ങിയവയായിരുന്നു സിംസൺ പട്ടാളത്തിൻ്റെ മുഖ്യ അജണ്ടയും ലക്ഷ്യവും.

ആനി മസ്ക്രിൻ സിംസൺ പട്ടാളത്തിൻ്റെ ആക്രമണത്തിന് പലവട്ടം ഇരയായി. തുടർന്ന് യൂത്ത് ലീഗ്കാരാണ് ആനി മസ്ക്രിന് സംരക്ഷണം ഒരുക്കിയത്. സ്റ്റേറ്റ് കോൺഗ്രസിൻ്റേയും,യൂത്ത് ലീഗിൻ്റേയും പ്രധാന നേതാക്കളുടെ വീട്ടിലെത്തി ഭീഷണി മുഴക്കുക എന്നതാണ് പട്ടാളത്തിൻ്റെ ആദ്യരീതി. അനുസരിക്കുന്നവരെ വെറുതെവിട്ട് നിരീക്ഷിക്കും. അതിനുവേണ്ട രഹസ്യ സന്നാഹങ്ങൾ സർ സി പിയുടെ കീഴിൽ ഉണ്ടായിരുന്നു. അഴ്ചയിൽ ഒരു ദിവസം ഇത് വിലയിരുത്തും.പട്ടാളം ഭീക്ഷണിപ്പെടുത്തിയിട്ടും അനുസരിക്കാത്തവരെയും, എതിർപ്പ് പ്രകടിപ്പിക്കുന്നവരേയും, വഴങ്ങാത്തവരേയും അതിക്രൂരമായി ആക്രമിക്കും. യൂണിഫോമിൻ്റെ ഭാഗമായ ദണ്ഡ് ഉപയോഗിച്ച് നിഷ്ക്കരുണം തലയോ കൈകാലുകളോ അടിച്ച് പൊട്ടിക്കും. സ്വതന്ത്രതിരൂവിതാംകൂറിനെ എതിർക്കുന്ന വീടുകളിലെ സ്ത്രീകളെ തെരഞ്ഞുപിടിച്ച് അവരുടെ വസ്ത്രം വലിച്ചുകീറുക, അസഭ്യം പറയുക തുടങ്ങിയവ സിംസൺ സൈന്യത്തിൻ്റെ വിനോദമായിരുന്നു.


1947 ജൂൺ 13ന് രാജാവിൻ്റെയും, സി പിയുടേയും പ്രേരണയിലും ഒത്താശയിലും നടന്ന പേട്ട വെടിവെയ്പ്പിൽ രാജേന്ദ്രനെന്ന ഒരു ബാലനടക്കം 3 പേർ കൊല്ലപ്പെട്ട സംഭവം സിംസൺ പട്ടാളത്തിന് കൂടുതൽ കരുത്ത് പകർന്നു. ഇതോടെ സിംസൺ പട്ടാളം തെക്കൻ തിരുവിതാംകൂർ മേഖലയിൽ ആക്രമണങ്ങളും അഴിഞ്ഞാട്ടവും വ്യാപിപ്പിച്ചു. അതിലൂടെ ജനങ്ങളുടെ ഇടയിൽ കൂടുതൽ ഭീതി പരത്താൻ സിംസൺ പടയ്ക്ക് കഴിഞ്ഞു.

നാഗർകോവിലിലെ പ്രമുഖ കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ അഡ്വ.എ ശങ്കരപ്പിള്ളയുടെ വീട് തീവയ്ക്കാൻ വന്ന സിംസൺ പടയുടെ താണ്ഡവം അദ്ദേഹത്തിൻ്റെ മകൾ ബി.ശാന്തകുമാരി വെളിപ്പെടുത്തിയിട്ടുണ്ട്. ശങ്കരപ്പിള്ളയുടെ വീട്ടിൽ ഉയർത്തിയിരുന്ന കോൺഗ്രസ് പതാക സിംസൺ പട കത്തിച്ചു. അവശേഷിച്ച കൊടിമരം ഇന്നും ആ കുടുംബം ഒരു സ്മാരകം പോലെ നിലനിർത്തിയിട്ടുണ്ട്.

പൊന്നറ ശ്രീധർ, എൻ സി ശേഖർ, പന്തളം മാധവ വാര്യർ, കെ പി നീലകണ്ഠപ്പിള്ള, കെ.കുമാർ തുടങ്ങിയ പ്രമുഖർ സിംസൺ പടയുടെ ആക്രമണത്തിന് ഇരയായവരാണ്. 1946 ഡിസം 21 ന് സ്വാതന്ത്ര്യസമര സേനാനി എൻ പി കുരുക്കളെ സിംസൺ പട തല്ലിക്കൊന്ന് തിരുവനന്തപുരത്ത് ചിറ്റല്ലൂർ കുളത്തിലിട്ടു. മാദ്ധ്യമസ്ഥാപനങ്ങളായ കേരളകൗമുദിയ്ക്കും, മലയാള മനോരമയ്ക്കും എതിരെ വരെ സിംസൺ പട ആക്രമണം അഴിച്ചുവിട്ട സംഭവങ്ങളുണ്ടായി.സി പി യെ എതിർത്ത പത്രങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി.


ഇന്ത്യൻ യൂണിയനിൽ ചേരാതെ സ്വതന്ത്ര തിരുവിതാംകൂറിൻ്റെ രൂപവൽക്കരണത്തിനുവേണ്ടി ചിത്തിരയും, സി പി യും പാക്കിസ്ഥാനുമായി രഹസ്യ ചർച്ചകൾ നടത്തി. പാക്കിസ്ഥാൻ മുസ്ലീം രാജ്യമായെങ്കിൽ തിരുവിതാംകൂറിൽ ഒരു ഹിന്ദുരാജ്യം ആകാമെന്ന ചിന്ത രാജാവിനും പിണിയാളുകൾക്കും ഊർജ്ജമേകി. സർ സിപിയ്ക്ക് മുൻപ് തിരുവിതാംകൂറിലെ ദിവാനായിരുന്ന ഹബീബുള്ളയെ ഇതിലേക്കായി കറാച്ചിയിലേക്കയച്ചു. ഹിന്ദുരാജ്യം ഉടലെടുത്താൽ ഇന്ത്യൻ യൂണിയനിൽ നിന്നും ഭക്ഷ്യവസ്തുക്കൾ ലഭ്യമായേക്കില്ല എന്ന ചിന്ത രാജാവിനെ വല്ലാതെ അലട്ടി. അങ്ങനെയൊരു ഘട്ടം വന്നാൽ കറാച്ചിയിൽ നിന്നും ഭക്ഷ്യവസ്തുക്കൾ തിരുവിതാംകൂറിലേക്ക് ഇറക്കുമതി ചെയ്യുന്നതിലേക്കു വരെ ചർച്ചകൾ എത്തി. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിൽ പാക്കിസ്ഥാൻ്റെ പടയെ ഇറക്കി സ്വതന്ത്ര തിരുവിതാംകൂർ വാദത്തെ എതിർക്കുന്നവരെയും, വേണ്ടി വന്നാൽ ഇന്ത്യൻ യൂണിയനെ വരെ കരുത്തോടെ നേരിടാം എന്ന തലത്തിൽ വരെ ചർച്ചകളുണ്ടായി.

സ്വാതന്ത്ര്യത്തിൻ്റെ പൂർണ്ണ കാഹളം രാജ്യത്ത് മുഴങ്ങി. രാജാവിനും, സർ സി പിയ്ക്കും, സിംസണും അടിതെറ്റി. സ്വതന്ത്ര തിരുവിതാംകൂറിനെ എതിർക്കുന്ന ജനങ്ങളുടെ ഇച്ഛാശക്തിയും, പണ്ഡിറ്റ് നെഹ്റുവിൻ്റെയും, പട്ടേലിൻ്റെയും എതിർപ്പും, മറ്റ് ഒട്ടനവധി പ്രതികൂല ഘടകങ്ങളും നേരിട്ട രാജാവും സി പി യും ക്രമേണ സ്വതന്ത്രതിരുവിതാംകൂർ എന്ന വാദത്തിൽ നിന്നും ഉൾവലിഞ്ഞു. അത് മാത്രമായിരുന്നു അവരുടെ മുന്നിലുള്ള ഏക പോംവഴി.

ഇതോടെ സർ സി പി കളം വിട്ടു. സിംസൺ പടയുടെ തലവൻ ആർതർ സിംസനെ നാട്ടുകാർ തന്നെ കൈവയ്ക്കും എന്ന നിലവന്നൂ. ഒടുവിൽ നാഞ്ചിനാട്ടിൽ പശ്ചിമഘട്ടത്തിന് താഴെ ബൈസൺവാലിയിൽ 3000 ഏക്കർ ഭൂമി രാജാവ് പതിച്ചു നൽകി സിംസനെ ഒഴിവാക്കി. ഈ ഭൂമിയാണ് ബ്ലാക്ക് റോക്ക് എസ്റ്റേറ്റ്. വാർദ്ധക്യകാലത്ത് ആർതർ സിംസൺ ഒരു കൊലക്കേസിലും പെട്ടു. ഈ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായി.

തിരുവിതാംകൂറിൻ്റെ വികസന ശില്പിയായി സർ സിപിയെ ഉയർത്തിക്കാട്ടുമ്പോൾ, സി പി കൊണ്ടുവന്ന വികസനം തിരുവിതാംകൂറിലെ ബഹുഭൂരിപക്ഷം വരുന്ന കീഴാള-അയിത്ത ജനവിഭാഗങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ പ്രയോജനം ചെയ്തോ? അതുകൂടി പരിശോധിച്ചുവേണം കാര്യങ്ങളെ വിലയിരുത്താൻ.