കേരളത്തെ സമ്പൂര്‍ണ ഹോമിയോ ഗ്രാമമാക്കി മാറ്റുമെന്ന ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഡോക്ടര്‍മാര്‍ രംഗത്ത്. സമ്പൂര്‍ണ ഹോമിയോ ഗ്രാമമാക്കി മാറ്റാനുള്ള പദ്ധതിയിലെ ആദ്യ ഘട്ടത്തില്‍ ചികിത്സാ സൗകര്യം ഇല്ലാത്ത എല്ലാ പഞ്ചായത്തുകളിലും ഘട്ടംഘട്ടമായി ഡിസ്പെന്‍സറികള്‍ ആരംഭിക്കുമെന്നും മന്ത്രി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.ഇതിനെതിരെയാണ് യുവ ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഹോമിയോപതി കപട ചികിത്സയാണെന്നും അശാസ്ത്രീയമായ ഈ ചികിത്സാ രീതിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മിക്ക രാജ്യങ്ങളിലും ഹോമിയോ നിരോധിച്ചെന്നും വ്യക്തമാക്കിയുള്ള കമന്റുകളാണ് മിക്കതും.എന്നാല്‍ മന്ത്രിയെ സപ്പോര്‍ട്ട് ചെയ്തും ഡോക്ടര്‍മാരെ വിമര്‍ശിച്ചും ഹോമിയോ വിശ്വാസികളുടെ കമന്റുകളും സജീവമായുണ്ടായിരുന്നു.
ഹോമിയോപ്പതി ശാസ്ത്രീയമല്ലാത്ത ചികിത്സാരീതിയാണെന്ന് പല പഠനങ്ങളിലൂടെയും കണ്ടെത്തിയിട്ടുണെണ്ടന്നും ആരോഗ്യ വിഷയങ്ങളില്‍ ശാസ്ത്രീയത ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണെന്നും ഫോറന്‍സിക് സര്‍ജനും ആരോഗ്യ പ്രവര്‍ത്തകനുമായ ജിനേഷ് പി.എസ് പ്രതികരിച്ചു.
ജര്‍മ്മന്‍ ഭിഷഗ്വരനായ സാമുവല്‍ ഹാനിമാന് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം രൂപപ്പെടുത്തിയ ഒരു ചികില്‍സാസമ്പ്രദായമാണ് ഹോമിയോപ്പതി. എല്ലാ രോഗങ്ങള്‍ക്കും കാരണം ‘ജീവശക്തി’യുടെ അസന്തുലിതാവസ്ഥയാണെന്നാണ് ഹോമിയോ വാദം. നേര്‍പ്പിക്കും തോറും വീര്യം കൂടും എന്ന ഹോമിയോ സിദ്ധാന്തം സാമാന്യ യുക്തിക്കും ശാസ്ത്രത്തിനും വിരുദ്ധമാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. സ്വാഭാവിക വിടുതല്‍, പത്ഥ്യം കാക്കുന്നതിലൂടെയുള്ള രോഗശമനം, പ്ലാസിബോ പ്രതിഭാസം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് ഹോമിയോ രോഗം മാറ്റുന്നു എന്ന ധാരണയുണ്ടാക്കുന്നതെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.