സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകൾക്കെതിരെ രൂക്ഷവിമർശനവുമായിക സുപ്രീം കോടതി രംഗത്ത്. തലവരിപ്പണം വാങ്ങിയ ശേഷം തോന്നിയതു പോലെ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നതാണ് സ്വാശ്രയ മാനേജുമെന്റുകളുടെ രീതിയെന്ന് കോടതി പറഞ്ഞു. മാനേജ്മെന്റുകളുടെ ഈ നടപടിയിലൂടെ അർഹരായ നിരവധി വിദ്യാർത്ഥികൾക്ക് പഠനാവസരം നിഷേധിക്കപ്പെടുകയാണെന്നും ജസ്റ്റിസുമാരായ എ.കെ.സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. നിരവധി കേസുകളിൽ ഇക്കാര്യം ബോദ്ധ്യപ്പെട്ടതാണെന്നും കോടതി പറഞ്ഞു. ഹർജിക്കാരായ ഒന്പത് വിദ്യാർത്ഥികളിൽ അഞ്ച് പേരും ഒന്നാം വർഷ പരീക്ഷയിൽ പരാജയപ്പെട്ടതായും കോടതി ചൂണ്ടിക്കാട്ടി.
മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പ്രവേശനം നേടിയ 150 വിദ്യാർത്ഥികളിൽ പത്ത് വിദ്യാർത്ഥികളുടെ പ്രവേശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവേശന മേൽനോട്ട സമിതി സുപ്രീം കോടതിയിൽ സത്യവാങ്മൂലം പരിഗണിക്കുന്പോഴായിരുന്നു കോടതിയുടെ വിമർശനം. വിദ്യാർത്ഥികൾ ചട്ടങ്ങൾ ലംഘിച്ചാണ് പ്രവേശനം നേടിയതെന്നും മേൽനോട്ട സമിതി ചൂണ്ടിക്കാട്ടി.
2016- 17 അദ്ധ്യയന വർഷം സ്പോട്ട് അഡ്മിഷനിലൂടെ കോഴക്കോട് മലബാർ മെഡിക്കൽ കോളെജിൽ പ്രവേശനം ലഭിച്ച 10 വിദ്യാർത്ഥികളാണ് അഡിമിഷൻ സാധുവായി കിട്ടാൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ പത്ത് വിദ്യാർത്ഥികളുടെ പ്രവേശനം ആരോഗ്യ സർവകലാശാല അംഗീകരിച്ചിരുന്നില്ല. തുടർന്ന് പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചു. പരീക്ഷ എഴുതിക്കാൻ ഹൈക്കോടതി അനുമതി നൽകി. പിന്നീട്, പ്രവേശനം അംഗീകരിക്കണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ മറ്റൊരു ഹർജി നൽകിയെങ്കിലും സർക്കാരും സർവകലാശാലയും മേൽനോട്ട സമിതിയും കോടതിയിൽ അതിനെ എതിർത്തതിനാൽ അനുകൂല വിധി ഉണ്ടായായില്ല. തുടർന്നാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്.