ആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പിടിയിലായ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തെളിവെടുപ്പിനടക്കമായി ഏഴ് ദിവസം കസ്റ്റഡിയിൽ വെയ്ക്കാനാണ് കോടതി അനുവദിച്ചത്. പ്രോസ്ക്യൂഷൻ 14 ദിവസത്തേയ്ക്കും ഇതിനെ എതിർത്ത് പ്രതിഭാഗം രണ്ട് ദിവസത്തെ കസ്റ്റഡിയ്ക്കുമാണ് കോടതിയിൽ വാദിച്ചത്. ജൂൺ- 27ന് കോടതി നിഖിൽ തോമസിന്റെ ജാമ്യാപേക്ഷ പരിഗണിക്കും. ഇതിന് മുന്നോടിയായി 26-ന് പൊലീസിനോട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വിദേശത്തുള്ള സുഹൃത്ത് തന്നെ ചതിച്ചതായാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ നിഖിൽ വെളിപ്പെടുത്തിയത്. സുഹൃത്തിന്റെ സഹായത്തോടെ രണ്ട് ലക്ഷം രൂപ നല്കി വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയെന്നാണ് നിഖിൽ നൽകിയ മൊഴി. കലിംഗ യൂണിവേഴ്സിറ്റിയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുന്നതെന്ന് സുഹൃത്ത് പറഞ്ഞിരുന്നതായും നിഖിലിന്റെ മൊഴിയിലുണ്ട്. ഈ സര്‍ട്ടിഫിക്കറ്റ് കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ചാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് സുഹൃത്ത് പറഞ്ഞു. അതിനാലാണ് എം.കോം പ്രവേശനത്തിന് ഇതേ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതെന്നും നിഖിൽ വ്യക്തമാക്കി. മൊഴിയുടെ അടിസ്ഥാനത്തിൽ നിഖിലിന്റെ സുഹൃത്തും എസ്എഫ്ഐ മുൻ ഏരിയാ നേതാവുമായ അബിൻ സി രാജിനെ പൊലീസ് പ്രതി ചേർത്തേക്കും. ഇയാളെ മാലദ്വീപിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
അതേസമയം കഴിഞ്ഞ അഞ്ച് ദിവസങ്ങളായി തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി മാറിമാറി ഒളിവിൽ കഴിയുകയായിരുന്ന നിഖിലിനെ ഇന്ന് പുലർച്ചെ 12.30-യോടെയാണ് പൊലീസ് പിടികൂടിയത്. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വച്ചാണ് നിഖിൽ തോമസിനെ കായംകുളം സി ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ പിടികൂടിയത്. രാത്രി തന്നെ നിഖിലിനെ പൊലീസ് പ്രാഥമികമായി ചോദ്യംചെയ്തിരുന്നു.


