ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം ഉറപ്പിച്ചതോടെ പരാജയം അംഗീകരിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെെ. തിരഞ്ഞെടുപ്പിലെ പരാജയം ബി ജെ പി വിശദമായി വിശകലനം ചെയ്യുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘ഞങ്ങൾക്ക് തിരഞ്ഞെടുപ്പിൽ നേട്ടം കെെവരിക്കാൻ കഴിഞ്ഞില്ല. വിശദമായ ഒരു വിശകലനം ഇതിനെക്കുറിച്ച് നടത്തും. കൂടാതെ വിവിധ തലങ്ങളിലുള്ള വിടവുകളും പോരായ്മകളും നികത്തി പാർട്ടിയെ പുഃനസംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും ബസവരാജ് ബൊമ്മെെ കൂട്ടിച്ചേർത്തു.
അതേസമയം, ഓപ്പറേഷൻ താമര തടയാൻ എം എൽ എമാരോട് ബംഗളൂരുവിൽ എത്താൻ നിർദേശം നൽകിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ഇവർക്കായി ഹെലികോപ്ടർ ബുക്ക് ചെയ്തു. വിജയികൾക്ക് വിമാന ടിക്കറ്റും എടുത്തു. മല്ലികാർജുൻ ഖാർഗെയുടെ ബംഗളൂരുവിലെ വസതിയിൽ എ ഐ സി സി ജനറൽ സെക്രട്ടറിയും കർണാടക ചുമതലയുമുള്ള രൺദീപ് സിംഗ് സുർജേവാല, ഡി കെ ശിവകുമാർ, മുൻ ഉപമുഖ്യമന്ത്രി ജി പരമേശ്വര ഉൾപ്പെടെയുള്ളവർ ചർച്ച നടത്തിയിരുന്നു.


