വിദഗ്ധ ചികിത്സതേടി സ്വകാര്യ ആശുപത്രിയില്‍ സ്പെഷ്യലിസ്റ്റുകളെ തേടി പോകുന്നവരെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് മഹാരാഷ്ട്രയില്‍ നിന്നു പുറത്തു വരുന്നത്. വിവിധ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്തിരുന്ന 20 സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഡിഗ്രി വ്യാജമാണെന്ന് സര്‍ക്കാര്‍ കണ്ടെത്തി. ഇവരില്‍ പലരും അഞ്ചിലധികം വര്‍ഷങ്ങളായി ആശുപത്രിയില്‍ രോഗികളെ ചികിത്സക്കുന്നവരായിരുന്നു. ശസ്ത്രക്രിയാവിദഗ്ധര്‍, റേഡിയോളജിസ്റ്റ്, ഗൈനക്കോളജിസ്റ്റുകള്‍ തുടങ്ങിയവരാണ് സെപഷ്യലിസ്റ്റുകള് എന്ന വ്യാജേന വിലസി നടന്നിരുന്നത്. അഞ്ച് മുതല്‍ 10 ലക്ഷം രൂപ വരെ നല്‍കിയാണ് ഇവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നേടിയത്. 80 ഓളം ഡോക്ടര്‍മാര്‍ ഇപ്പോള്‍ സര്‍ക്കാര്‍ നീരക്ഷണത്തിലാണ്.
സംഭവത്തില്‍ കഴിഞ്ഞ ആറുമാസമായി സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തുകയാണ്. കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് (സി.പി.എസ്) ല്‍ നിന്ന് ഫെലോഷിപ്പ്, ഡിപ്ലോമ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയതായി അവകാശപ്പെടുന്ന വ്യാജ മാര്‍ക്ക് ഷീറ്റുകളും സര്‍ട്ടിഫിക്കറ്റുമാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്. ഇവരില്‍ പലരും പിജിക്ക് പരാജയപ്പെട്ടതാണെന്നും സര്‍ക്കാര്‍ കണ്ടെത്തി.എംബിബിഎസ് ബിരുദധാരികളാണ് സംഭവത്തില്‍ ഉള്‍പ്പെട്ടതെന്ന് എംഎംസി പ്രസിഡന്റ് ശിവകുമാര്‍ ഉത്തൂര്‍ പറഞ്ഞു.