Sun. Nov 22nd, 2026

✍️ സി.ആർ.സുരേഷ്

”എന്നേക്കാൾ മികച്ച നടന്മാർ ഒരുപാടുണ്ട്. കിട്ടിയ വേഷങ്ങൾ ഞാൻ നോക്കാറില്ല. അടുർ സാറിന്റെ അടക്കം ചിത്രങ്ങളിൽ അഭിനയിക്കാനായത് വലിയ ഭാഗ്യം തന്നെയാണ്. എന്റെ കഥാപാത്രത്തെയല്ല ആ സിനിമയെയാണ് നിങ്ങൾ വിലയിരുത്തേണ്ടത്”-

മലയാള സിനിമയിലും ടെലിവിഷൻ പരമ്പരകളിലും സ്വഭാവ നടന്മാരിൽ എന്നും മുന്നിൽ നിന്ന താരമായിരുന്നു രവി വള്ളത്തോൾ (1952 – 2020). ഭവാത്മകമായ ആവിഷ്കാരങ്ങളോടെ കഥാപാത്രങ്ങളെ മനസ്സിൽ പതിപ്പിക്കുന്നതിന് അസാധാരണമായ പാടവം പുലർത്തിയ നടനായിരുന്നു. എവിടെയും സൗമ്യസാന്നിധ്യമായിരുന്ന അദ്ദേഹം അവസരങ്ങൾക്കുവേണ്ടി ആരുടെ മുന്നിലും കൈനീട്ടിയിരുന്നില്ല.

മലപ്പുറത്ത് ജനനം. ശിശുവിഹാർ മോഡൽ ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. മാർ ഇവാനിയോസ് കോളേജിൽ നിന്നും ബിരുദവും കാര്യവട്ടം കേരള യൂനിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി. 1976-ൽ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി “താഴ്‌വരയിൽ മഞ്ഞുപെയ്തു” എന്ന ഗാനം എഴുതി സിനിമാ ബന്ധം തുടങ്ങി.

1986-ൽ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവിവള്ളത്തോളിന്റേതായിരുന്നു. 1986-ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത “വൈതരണി” എന്ന സീരിയലിലൂടെയാണ് അഭിനേതാവാകുന്നത്. അദ്ദേഹത്തിന്റെ അച്ഛൻ ടി.എൻ. ഗോപിനാഥൻ നായരുടെയായിരുന്നു സീരിയലിന്റെ തിരക്കഥ. തുടർന്ന് ഏതാണ്ട് നൂറോളം സീരിയലുകളിൽ അഭിനയിച്ചു.

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 1987-ൽ ഇറങ്ങിയ സ്വാതിതിരുനാൾ ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടർന്ന് മതിലുകൾ, കോട്ടയം കഞ്ഞച്ചൻ, ഗോഡ്ഫാദർ, വിഷ്ണുലോകം, സർഗം, കമ്മീഷണർ എന്നിങ്ങനെ അൻപതോളം സിനിമകളിൽ അഭിനയിച്ചു.

കാവാലം നാരായണപ്പണിക്കരുടേതടക്കം നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. രവിവള്ളത്തോളും ഭാര്യയും ചേർന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി “തണൽ” എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്നുണ്ടായിരുന്നു.

എഴുത്തുകാരൻ കൂടിയായിരുന്ന രവി വള്ളത്തോൾ ഇരുപത്തി അഞ്ചോളം ചെറുകഥകളും എഴുതിയിട്ടുണ്ട്. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്. മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ മരുമകനും ജസ്റ്റിസ് പി.കെ നാരായണ പിള്ളയുടെയും കുറ്റിപ്പുറത്ത്​ കേശവൻ നായരുടെയും ചെറുമകനുമാണ്.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908