Tue. Nov 24th, 2026

✍️  സുരേഷ്. സി ആർ

സാധാരണ മനുഷ്യന്റെയും മണ്ണും മനുഷ്യനും തമ്മിലുള്ള ഗാഢബന്ധത്തിന്റെയും കഥകൾ പറഞ്ഞ് മലയാള സാഹിത്യത്തിൽ ഒരു സാമ്രാജ്യം സ്ഥാപിച്ച എഴുത്തുകാരനാണ് തകഴി (1912 – 1999). കേരള മോപ്പസാങ്ങ് എന്നും ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.

വയലുകളും കൃഷിപണിയും സാമൂഹിക പ്രശ്നങ്ങളും നാടൻ കലാരൂപങ്ങളായ തുള്ളലും പടയണിയുമെല്ലാം തകഴിയുടെ ഭാവനയെ പ്രചോദിപ്പിച്ചു. തിരുവതാംകൂറിൽ ഉത്തരവാദ ഭരണ പ്രക്ഷോഭവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും തൊഴിലാളി സമരങ്ങളും വ്യാപിച്ച 1940കളിൽ തകഴിയുടെ കഥകളും നോവലുകളും രാഷ്ട്രീയബോധംകൊണ്ട് ജ്വലിക്കുന്നവയായിരുന്നു.

ചരിത്രം വലിയൊരു മുന്നേറ്റം നടത്തിയ നൂറ്റാണ്ടിന്റെ ഭാഗമാണ് അദ്ദേഹത്തിന്റെ ജീവിതകാലഘട്ടം. ഫ്യൂഡലിസത്തിൽനിന്ന് മുതലാളിത്ത കാലഘട്ടത്തിലേക്കുള്ള മുന്നേറ്റം. അതിന്റെ ഭാഗമായി ലിബറലിസത്തി‌ന്‍റെ പുതുവെളിച്ചം; അവകാശ സമരങ്ങളുടെ തള്ളിക്കയറ്റം; അധഃസ്ഥിതന്റെ മുന്നേറ്റം എന്നിങ്ങനെ ഒരു പുത്ത‌ൻ കാലാവസ്ഥയുടെ ഉണർവിൽ കുട്ടനാടും ആലപ്പുഴ ജില്ലയുമടങ്ങുന്ന ജീവിതപരിസരങ്ങളെ കേന്ദ്രമാക്കിയാണ് അദ്ദേഹത്തിന്റെ കഥകളും നോവലുകളും പുറത്തു വന്നത്.

കുലീന കഥാപാത്രങ്ങൾ വിഹരിച്ചിരുന്ന സാഹിത്യത്തിൽ അധഃസ്ഥിതരെയും കർഷകത്തൊഴിലാളികളെയും കൃഷീവലന്മാരെയും മുക്കുവരെയും തോട്ടികളെയും കൂട്ടിക്കൊണ്ടുവന്ന് സമൂഹത്തിലെ ചുട്ടുനീറുന്ന യാഥാർത്ഥ്യങ്ങൾ കണ്ണാടിയിലെന്നപോലെ അദ്ദേഹം പകർത്തി.
വൈക്കം മുഹമ്മദ് ബഷീർ, പൊൻകുന്നം വർക്കി, പി.കേശവദേവ് എന്നിവർക്കൊപ്പം യഥാതഥ്യം അഥവാ റിയലിസം എന്ന പുതിയതരംഗം സൃഷ്ടിച്ച് മലയാള സാഹിത്യത്തിൽ ബലിഷ്ഠമായ അടിമണ്ണൊരുക്കിയവരിൽ ഒരാളുമാണ് തകഴി.

ആലപ്പുഴ ജില്ലയിലെ തകഴിയിൽ ജനിച്ചു. അമ്പലപ്പുഴ മുൻസിഫ് കോടതിയിലും മജിസ്ട്രേറ്റ് കോടതിയിലും ഇരുപത് വർഷത്തോളം പ്ലീഡറായിരുന്നു. തിരുവനന്തപുരം ലോ കോളേജിൽ പഠിക്കുമ്പോൾ, ലോകസാഹിത്യത്തിലെ പരിവർത്തനങ്ങൾ മലയാളിക്കു പരിചയപ്പെടുത്തിയ കേസരി ബാലകൃഷ്ണപിള്ളയാണ് തകഴിയുടെ സാഹിത്യജീവിതം പുതിയൊരു വഴിത്തിരിവിലേക്ക് പ്രവേശിപ്പിച്ചത്.

1929-ൽ ഹൈസ്കൂൾ വിദ്യാർത്ഥിയായിരിയ്ക്കെ സർവ്വീസ് മാസികയിൽ പ്രസിദ്ധീകരിച്ച ‘സാധുക്കൾ’ ആണ് ആദ്യ കഥ. 1934-ൽ പ്രസിദ്ധീകരിച്ച ‘ത്യാഗത്തിന്റെ പ്രതിഫലം’ ആണ് ആദ്യ നോവൽ. 1990-ൽ പുറത്തിറങ്ങിയ ‘ഒരു എരിഞ്ഞടങ്ങൽ’ ആണ് അവസാന നോവൽ.

തീവ്രപ്രണയകഥ പറഞ്ഞ ‘ചെമ്മീൻ’ എന്ന നോവലിന് 1957-ൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡും 1965-ൽ ‘ഏണിപ്പടികൾ’ ന് കേരള സാഹിത്യ അവാർഡും കുട്ടനാടിന്റെ പശ്ചാത്തലത്തിൽ രണ്ട് നൂറ്റാണ്ടിന്റെ കഥ പറഞ്ഞ ‘കയർ’ ന് 1980 ൽ വയലാർ അവാർഡും ലഭിച്ചു. 1984-ൽ പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠവും 1985-ൽ പത്മഭൂഷണും ലഭിച്ചു.

‘ചെമ്മീൻ’ നിരവധി വിദേശഭാഷകളിലേക്കും ഇന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു. രാമു കാര്യാട്ട് ചലച്ചിത്രാവിഷ്കാരം നൽകിയ ചെമ്മീൻ ദേശീയതലത്തിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യമലയാള ചിത്രമായി.

തോട്ടിയുടെ മകൻ, രണ്ടിടങ്ങഴി, തെണ്ടിവർഗം, തലയോട് എന്നീ കൃതികൾ എഴുതിയത് മാർക്സിസത്തിന്റെ സ്വാധീനത്തിലാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിലൊന്നായ ‘വെള്ളപ്പൊക്കത്തിൽ’ അടങ്ങിയ പുതുമലർ, ചങ്ങാതികൾ, അടിയൊഴുക്കുകൾ, നിത്യകന്യക, പതിവ്രത, തുടങ്ങിയ കഥാസമാഹാരങ്ങളും, ‘തോറ്റില്ല’ എന്ന നാടകവും അമേരിക്കൻ തിരശ്ശീല എന്ന യാത്രാവിവരണവുമാണ് മറ്റു പ്രധാന കൃതികൾ. കേരളീയ ജീവിതത്തിന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ പരിവർത്തനങ്ങളുടെ ഒരു പരിച്ഛേദമാണ് ‘ആത്മകഥ തകഴി’.

കേരള സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായും, കേന്ദ്ര സാഹിത്യ അക്കാദമി നിർവ്വാഹകസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
പ്രസിദ്ധ കഥകളി നടൻ ഗുരു കുഞ്ചുക്കുറുപ്പ് പിതൃ സഹോദരനാണ്.