Sun. Nov 22nd, 2026

കൊച്ചി: കൃഷി പഠിക്കാൻ കേരളത്തിൽനിന്നും പോയ സംഘത്തിൽ നിന്ന് മുങ്ങിയ ബിജു കുര്യൻ നാളെ സംസ്ഥാനത്ത് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. ബിജു ഇന്ന് ഉച്ചയ്ക്ക് ടെൽ അവീവ് വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് വിമാനം കയറുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഇക്കഴിഞ്ഞ പതിനേഴിനാണ് ബിജുവിനെ കാണാതായത്. ഇസ്രയേലിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനായിരുന്നു കർഷക സംഘത്തിൽ നിന്ന് ബിജു മുങ്ങിയത്. ആദ്യ ദിവസം ജറുസലേം പര്യടനം നടത്തി. പിറ്റേന്ന് ബെത്‌ലഹേമിലേക്ക് പോയി. ബെത്‌ലഹേമിൽ ഒരു ദിവസം ചെലവഴിച്ച ശേഷം സംഘത്തിനൊപ്പം ചേ‍ര്‍ന്ന് കേരളത്തിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. അതിനിടയിൽ പ്രതിനിധി സംഘം തിരികെ കൊച്ചിയിലേക്ക് തിരിച്ചിരുന്നു എന്നും ബിജു പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.


താനുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്ന വിവാദങ്ങളിൽ ബിജു ഖേദം പ്രകടിപ്പിച്ചു. സംസ്ഥാന സർക്കാരിനുണ്ടായ മാനക്കേടിൽ കൃഷിമന്ത്രി പി പ്രസാദ് ഉൾപ്പെടെയുള്ളവരോട് മാപ്പ് ചോദിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതിനിടെ ബിജു കുര്യന്റെ വിസ റദ്ദാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കാനിരിക്കെയാണ് തിരികെ വരുന്നു എന്നുള്ള വാർത്ത പുറത്തുവന്നത്. വിസ റദ്ദാക്കി തിരികെ അയയ്ക്കാൻ ഇസ്രയേലിലെ ഇന്ത്യൻ എംബസിക്ക് കത്തുനൽകാനായിരുന്നു സർക്കാർ തീരുമാനം.