Sat. Nov 7th, 2026

നെടുമ്പാശ്ശേരി: അങ്കമാലി – ആലുവ എയർപോർട്ട് റോഡിൽ അത്താണി വാളേപ്പുറം ഭാഗത്തുണ്ടായ മിനി കൂപ്പർ അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ കാറോടിച്ചിരുന്ന സുഹൈലിനെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന് മരിച്ച ദേവികയുടെ കുടുംബം. പണത്തിന്റെ സ്വാധീനവും മദ്യപാനവും അമിതവേഗതയുമാണ് അപകടത്തിന് കാരണമായതെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ച് നീതി ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ഞായറാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെയാണ് അപകടമുണ്ടായത്. കൽപറ്റ മടക്കിമല സന്തോഷ് കുമാറിന്റെ മകൾ ദേവിക (21), മണ്ണാർക്കാട് എടക്കുറിശ്ശി പ്രദീപ്കുമാറിന്റെ മകൾ എം.പി. ഗോപിക (21), സുള്ള്യ കനകമഞ്ചൽ ഇബ്രാഹിമിന്റെ മകൻ ഇയ്യാസ് (21) എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ബിരുദധാരികളായ ഇവർ തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് ഭക്ഷണത്തിന് ശേഷം മടങ്ങുമ്പോഴാണ് പിന്നിൽ നിന്നെത്തിയ കാർ ഇവരുടെ സ്കൂട്ടറിലിടിച്ചത്.

സംഭവത്തിൽ കാറോടിച്ച ആലപ്പുഴ ആലിശ്ശേരി സ്വദേശി സുഹൈലിനെ (19) പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ ഭാരതീയ ന്യായ സംഹിത 105-ാം വകുപ്പ് പ്രകാരം മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്. എന്നാൽ പ്രതി അപകടത്തിന് മുൻപ് മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൂടാതെ കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശി നിനവിനെ (22) പ്രേരണാക്കുറ്റത്തിനും അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തിന് പിന്നാലെ പ്രതി നാട്ടുകാരോട് തട്ടിക്കയറുകയും കേസ് കുടുംബം നോക്കിക്കൊള്ളുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Content Highlights:The family of the deceased Devika has demanded that a murder case be registered against Suhail, who was driving the Mini Cooper involved in the accident at Athani-Valepuram on the Angamaly-Aluva Airport Road, which claimed the lives of three students.