Tue. Nov 24th, 2026

ചേർത്തല: അഖില ലോക മായാവിസ്റ്റ് തിരുസഭ മദ്യകേരള മഹാ ഇടവകയുടെ അംഗീകൃത നിത്യാരാധനാ കേന്ദ്രവും വിശുദ്ധ ബാലരമ റിസർച്ച് സെന്ററുമായ ചേർത്തല ‘ഡാകിനി ആസന’ത്തിൻറെ അത്ഭുത രോഗശാന്തി പത്രത്തിന്റെ ഔപചാരികമായ പ്രകാശന കർമ്മം ‘രാവണ മാസാചരണ’ത്തിൻറെ സമാപന ദിവസമായ ഞായറാഴ്‌ച നടന്ന മേശമേൽ ശുസ്രൂഷയ്ക്ക് ശേഷം മായാവിസ്റ്റ്‌ തിരുസഭയുടെ മേജർ ആർച്ച് ബിഷപ്പും സഹായ മെത്രാന്മാരായ അപ്രേം ഇപ്രേം തിരുമേനിമാരും ചേർന്ന് നിർവഹിച്ചു. പത്രം പുറത്തിറങ്ങി മൂന്ന് ദിവസം പിന്നിടുമ്പോൾ തന്നെ മഹാ മാന്ത്രിക ഡാകിനി മാതാവിന്റെ അത്ഭുത ശക്തികൾ ആക്റ്റിവേറ്റ് ചെയ്ത അത്ഭുത ന്യൂസ്‌പ്രിന്റ് പണിതുടങ്ങി. നിരവധി പേരാണ് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ തങ്ങളുടെ അനുഭവ സാക്ഷ്യങ്ങളുമായി എത്തുന്നത്. ഈ അനുഭവ സാക്ഷ്യങ്ങൾ എല്ലാം ഉൾപ്പെടുത്തി ഡാകിന്യാസനം സ്‌പെഷ്യൽ പതിപ്പ് ഇറക്കുമെന്ന് മാനേജിങ് എഡിറ്റർ മാർ ഗൊണോറിയസ് തൃതീയൻ തിരുമേനി പറഞ്ഞു.

200 രൂപയുടെ സ്റ്റാമ്പ് പേപ്പറിലാണ് സ്മാർട്ട് വച്ചും കെട്ടിനിൽക്കുന്ന ഡാകിനി മാതാവിനോട് ഉടമ്പടി വെക്കേണ്ടത്, 500 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. നേരിട്ടും ഓൺലൈനായും ഉടമ്പടി വെക്കാവുന്നതാണ്. ഒരു ഉടമ്പടിയിൽ 5 ആവശ്യങ്ങൾ ഉന്നയിക്കാം. അതിൽ രണ്ട് ആവശ്യങ്ങൾ മുട്ടിപ്പായി പ്രാർത്ഥിച്ചാൽ ഉറപ്പായും മഹാ മാന്ത്രിക ആയ ഡാകിനി മാതാവ് നിറവേറ്റിത്തരും, പ്രാർത്ഥനയ്ക്ക് ആവശ്യമായ വിവിധ തരത്തിലുള്ള മണ്ണെണ്ണ വിളക്കുകൾ ഡാകിന്യസനം കൗണ്ടറിൽ ലഭ്യമാണ്. കൂടാതെ വിളക്ക് കാറ്റടിച്ച് കെട്ടുപോകാതിരിക്കാനുള്ള ചില്ലുകൂടും ലഭ്യമാണ്. ഇതിനെല്ലാം പ്രത്യേകം പണം അടച്ചാൽ നേരിട്ടും ഓൺലൈനിലും വാങ്ങാവുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

കുഴിനഖവും വളംകടിയും മുതൽ ക്യാൻസർ വരെയും വിവാഹ തടസം മുതൽ അനപത്യ ദുഃഖം വരെയും ഭേദപ്പെടുത്തുന്ന അത്ഭുത രോഗശാന്തി പത്രം ആണ് “ഡാകിന്യാസനം”. ഒറ്റപ്രതി 10/ രൂപ മാത്രം.പക്ഷെ കുറഞ്ഞത് 1000 കോപ്പിയെങ്കിലും വാങ്ങി വിതരണം ചെയ്ത് അതിൽ നിന്നും ഒരു ആത്മാവിനെയെങ്കിലും നിങ്ങൾക്ക് രക്ഷിക്കാനായാൽ ഡാകിനി അമൂമ്മ പ്രസാദിക്കും എന്നും വരിസംഖ്യയുടെ പൈസ ഒരുമിച്ച് അടക്കാൻ നിർവ്വാഹമില്ലാത്തവർക്ക് ഇ എം ഐ സൗകര്യം ലഭ്യമാണ്. 4 ഗഡുക്കളായും പണം അടക്കാവുന്നതാണ് എന്നും തിരുമേനി പറഞ്ഞു.

ഉടമ്പടി വെക്കുന്നവർ “ഡാകിന്യസനം” പത്രത്തിൻറെ കുറഞ്ഞത് 1000 കോപ്പികൾ എന്കിലും ഓരോ ഉടമ്പടിയോടൊപ്പവും വാങ്ങി വിതരണം ചെയ്യണം, അതിനുള്ള വരിസംഖ്യയും ഉടമ്പടി വെക്കുമ്പോൾ അടച്ചു രസീത് കൈപ്പറ്റേണ്ടതാണ്. ‘ഡാകിന്യാസനത്തിന്റെ മലയാളം പ്രിന്റഡ് എഡീഷനും ഓൺലൈൻ ഭക്തജനങ്ങൾക്ക് ലഭ്യമാണ്. മറ്റുഭാഷകളിലും ഉടൻ പ്രസിദ്ധീകരിച്ചു തുടങ്ങുന്നതാണ്. ഇതിൽ പ്രിന്റഡ് എഡീഷനിൽ ലഭിക്കുന്ന പത്രത്തിൽ മാത്രമാണ് അഭുത സിദ്ധികൾ ആക്ടിവേറ്റ് ചെയ്തിരിക്കുന്നത്. ഇതുകൂടാതെ അത്ഭുത സിദ്ധിയുള്ള ഉപ്പ്, മുളക്, ഉള്ളി, വെളിച്ചെണ്ണ, പാമോയിൽ, പപ്പടം തുടങ്ങിയവയിലും ലഭ്യമാണെന്നും കുട്ടൂസൻ തോറ്റാലും ഡാകിനി ജയിക്കും സകല രോഗങ്ങളും പമ്പകടക്കുമെന്നും അദ്ദേഹം പറഞ്ഞു.