കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കി കാലടി സംസ്‌കൃത സര്‍വകലാശാല താല്‍ക്കാലിക വി സി ഡോ. സിസ തോമസ്. വി സി യുടെ പരാതിയില്‍ നാല് എസ് എഫ ്‌ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. മെവിന്‍, യദുകൃഷ്ണല്‍, ബേസില്‍, വിജീഷ് എന്നിവരാണ് കസ്റ്റഡിയിലായത്. രണ്ട് കേസുകളിലുമായാണ് നാല് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തത്.
കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നും കൈയേറ്റം ചെയ്തുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും ആരോപിച്ചാണ് ഡോ. സിസ തോമസ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കിയത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നിര്‍ദേശപ്രകാരമാണ് സിസ തോമസ് പരാതി നല്‍കിയത്.

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, ഗസ്റ്റ് അധ്യാപക നിയമനം ഉടനടി നടത്തുക, വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം പൂര്‍ത്തിയാക്കുക തുടങ്ങി 18 ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയില്‍ എസ് എഫ് ഐ സമരം നടത്തിയത്. 25 ദിവസമായി തുടരുന്ന സമരത്തിന്റെ ഭാഗമായി സിന്‍ഡിക്കേറ്റ് യോഗത്തിന് എത്തിയ താത്കാലിക വി സി സിസ തോമസിനെതിരെയും വിദ്യാര്‍ഥികള്‍ പ്രതിഷേധം നടത്തിയിരുന്നു. ഔദ്യോഗിക വാഹനത്തിന് കേടുപാടു പറ്റി , വിദ്യാര്‍ഥികള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചു,
കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. അതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വി സിക്ക് പ്രതീകാത്മക ശവമഞ്ചം ഒരുക്കി എന്ന് വാര്‍ത്തകള്‍ പരന്നു. പ്രതിഷേധത്തില്‍ തന്നെ കയ്യേറ്റം ചെയ്‌തെന്നും മുറിയില്‍ പൂട്ടിയിട്ടന്നും വി സി സിസ തോമസ് ആരോപിച്ചിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ച് വിദ്യാര്‍ഥികള്‍ രംഗത്തെത്തി. വിസിക്ക് പ്രതീകാത്മക റീത്ത് വയ്ക്കുകയോ ശവമഞ്ചം ഒരുക്കുകയോ ചെയ്തിട്ടില്ല എന്ന് എസ് എഫ് ഐ നേതാക്കള്‍ പറഞ്ഞു. കോളജിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് നാടകം അവതരിപ്പിച്ചത് പലരും വളച്ചൊടിച്ചു. ലൈറ്റിനും സൗണ്ടിനുമാണ് റീത്ത് വെച്ചതെന്നും വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.
ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയെന്നും ഔദ്യോഗിക വാഹനത്തിന് കേടുപാട് വരുത്തിയെന്നും തന്നോടൊപ്പം ഉണ്ടായിരുന്ന സിന്‍ഡിക്കേറ്റ് അംഗങ്ങളും പേഴ്‌സണല്‍ സ്റ്റാഫും ആക്രമിക്കപ്പെട്ടുവെന്നും ഡോ. സിസ തോമസ് പരാതിയില്‍ പറയുന്നു.
സാങ്കേതിക സര്‍വകലാശാല വിസിയായ സിസ തോമസ്, കാലടി സര്‍വകാലാശാലയുടെ വിസിയെന്ന അധിക ചുമതലയും താല്‍ക്കാലികമായി വഹിക്കുന്നു. ഗവര്‍ണറെയും വി സി വിവരങ്ങള്‍ ധരിപ്പിച്ചു. പോലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും തന്നെയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും സംരക്ഷിക്കുന്നതിന് മുന്‍ കരുതലുകള്‍ പോലീസിന്റെ ഭാഗത്തുണ്ടായില്ലെന്ന് വി സി ഗവര്‍ണറെ അറിയിച്ചു. സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ കൂടാതെ പുറമേ നിന്നുള്ള വിദ്യാര്‍ഥികളും ആക്രമിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടെന്നും വി സി പരാതിയില്‍ ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവര്‍ക്കും പരാതി നല്‍കി.


