ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ ബ്രഹ്മാണ്ഡ ചിത്രമായ ‘രാമായണത്തിന്റെ’ ട്രെയിലർ പുറത്തുവന്നതിനു പിന്നാലെ ആരാധകർക്കിടയിൽ വലിയ ചർച്ചയാകുന്നത് ചിത്രത്തിന്റെ റെക്കോർഡ് തുകയായ 4,000 കോടി രൂപയുടെ ബജറ്റാണ്. നിതീഷ് തിവാരി സംവിധാനം ചെയ്യുകയും നമിത് മൽഹോത്ര നിർമ്മിക്കുകയും ചെയ്യുന്ന ഈ ഇതിഹാസ ചിത്രം രണ്ട് ഭാഗങ്ങളായാണ് തിയേറ്ററുകളിൽ എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമാ സംരംഭമായി വിലയിരുത്തപ്പെടുന്ന ഈ ചിത്രത്തിന്റെ റിപ്പോർട്ട് ചെയ്യപ്പെട്ട 4,000 കോടി രൂപയുടെ ബജറ്റ് ‘രാമായണം പാർട്ട് ഒന്നിനും’ (2026 ദീപാവലി), ‘രാമായണം പാർട്ട് രണ്ടിനും’ (2027 ദീപാവലി) വേണ്ടിയുള്ളതാണ്.

ചിത്രത്തിൽ ശ്രീരാമനായി രൺബീർ കപൂറും, രാവണനായി യശും, സീതയായി സായി പല്ലവിയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. വമ്പൻ താരനിരയ്ക്കൊപ്പം തന്നെ സിനിമയുടെ സംഗീത സംവിധാനത്തിനായി ഇതിഹാസ സംഗീതജ്ഞരായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ഒന്നിക്കുന്നു എന്നത് ചിത്രത്തിന്റെ മാറ്റം വർദ്ധിപ്പിക്കുന്നു. ഓസ്കർ ജേതാക്കളായ വി.എഫ്.എക്സ് കമ്പനി ഡി.എൻ.ഇ.ജിയും (DNEG) പ്രൈം ഫോക്കസും നേതൃത്വം നൽകുന്ന ഈ ദൃശ്യവിസ്മയത്തിനായി ഇന്ത്യ, യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള 10,000-ത്തിലധികം കലാകാരന്മാരും ടെക്നീഷ്യന്മാരുമാണ് ലോകമെമ്പാടുമുള്ള ഗ്ലോബൽ ടീമിൽ പ്രവർത്തിക്കുന്നത്.
ഇന്ത്യൻ ചലച്ചിത്ര ലോകത്ത് ഇതുവരെ കാണാത്ത തരത്തിലുള്ള വലിയ സാങ്കേതിക മുന്നേറ്റങ്ങളും വിഷ്വൽ എഫക്റ്റുകളുമാണ് ഈ രണ്ട് ഭാഗങ്ങളിലായി അണിയിച്ചൊരുക്കുന്നത്. സിനിമയുടെ ദൃശ്യങ്ങളും അണിയറയിലെ കൂറ്റൻ പണികളും പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ വലിയ ആവേശത്തിലാണ്.
ഇന്ത്യൻ സിനിമയുടെ നിലവാരം ലോകോത്തര നിലയിലേക്ക് ഉയർത്തുന്ന ‘രാമായണം’ ബോക്സ് ഓഫീസിൽ എക്കാലത്തെയും വലിയ റെക്കോർഡുകൾ തകർക്കുമെന്നാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തൽ. വരും ദിവസങ്ങളിൽ കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


