Sun. Jul 26th, 2026

ഇടുക്കി: പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമത്തില്‍ ദേശവിരുദ്ധമായ രീതിയില്‍ കമന്റിട്ട യുവാവിനെ മുട്ടം പോലീസ് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. നോര്‍ത്ത് പറവൂര്‍ സ്വദേശിയായ മുഹമ്മദ് സനൂപ് (26) ആണ് റിമാന്‍ഡിലായത്. സഊദിയില്‍ ജോലി ചെയ്യുന്ന യുവാവ് കരിപ്പൂരില്‍ വിമാനമിറങ്ങിയപ്പോള്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കരിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അദീന ഭാരതിയുടെ പരാതിയിലാണ് പോലീസ് നടപടി.

ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ രാമചന്ദ്രന്റെ മകള്‍ മലയാള മാധ്യമങ്ങളോട് വിവരിക്കുന്ന സംഭവം സംപ്രേഷണം ചെയ്തതിന്റെ അടിയിലിട്ട കമന്റാണ് പരാതിക്ക് അടിസ്ഥാനം. കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം ഒരു വര്‍ഷം മുമ്പാണ് അദീന മുട്ടം പോലീസില്‍ പരാതി നല്‍കിയത്. വിദേശത്തുനിന്നും രാഷ്ട്രവിരുദ്ധമായ കമന്റ് സമൂഹമാധ്യമങ്ങള്‍ വഴി പോസ്റ്റ് ചെയ്തതായിട്ടായിരുന്നു പരാതി.

വിശദമായ അന്വേഷണം നടത്തിയ പോലീസ് ഇയാള്‍ ചെയ്തത് ഗുരുതര കുറ്റമാണ് എന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മുട്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.