ചേർത്തല: സുമനൻ സാർ മനുഷ്യനെ മാത്രമല്ല സ്നേഹിച്ചത് ദൈവത്തെ ഒഴിച്ച് പ്രകൃതിയിലെ സകല ജീവജാലങ്ങളേയും സ്നേഹിച്ച ഒരു മനുഷ്യനാണ്. തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കുന്നത് കൂടാതെ സുമനൻ സാറിന് വീട്ടിൽ സി. എസ് അപ്പു എന്നു പേരുള്ള ഒരു വളർത്ത് നായയും ഉണ്ടായിരുന്നു. (ചിത്രാലയത്തിൽ സുമനൻ അപ്പു എന്നാണ് മുഴുവൻ പേര്) അതിനെ ഇനിഷ്യൽ ചേർത്തു തന്നെയാണ് അദ്ദേഹം വിളിച്ചിരുന്നത്. അത് സുമനൻ സാർ മരിക്കുന്നതിനൊക്കെ മുൻപേ മരിച്ചുപോയി. സി. എസ് സാവിത്രി എന്ന് പേരുള്ള ഒരു പൂച്ചയുമുണ്ടായിരുന്നു. അതിൽ സി. എസ് അപ്പുവിന് സുമനൻ സാറിനോട് അദ്ദേഹത്തിൻറെ പ്രസ്ഥാനത്തിൻറെ നേതാക്കളെക്കാൾ കൂറും സ്നേഹവും ഒപ്പം അന്തസും ഉണ്ടായിരുന്നെന്ന് ലിബി. സി എസ്. ചേർത്തല ലാഫിയാലു പബ്ലിക്ക് സ്കൂളിൽ ‘അഖിലലോക മായാവിസ്റ്റ് തിരുസഭ മദ്യകേരള മഹാ ഇടവക’ സംഘടിപ്പിച്ച യുക്തിവാദി നേതാക്കൾ ആയിരുന്ന പവനൻ- സുമനൻ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു ലിബി.
സുമനൻ സാർ ശബ്ദമലിനീകരണത്തിനെതിരെ സുപ്രീംകോടതിയിൽ പോയി വിധി സമ്പാദിച്ച ശേഷം കളർകോട് ക്ഷേത്രത്തിലെ മൈക്ക് അഴിപ്പിച്ചപ്പോൾ. കളർകോടത്തെ ശിവന് ചെവി കേൾക്കില്ലാത്തതുകൊണ്ടാണോ എന്തോ മൈക്ക് വേണമെന്നും പറഞ്ഞു എൻഎസ്എസ് വനിതാ സംഘക്കാർ സുമനൻ സാറിൻറെ വീട്ടുപടിക്കൽ സത്യാഗ്രഹം ഇരുന്നു. എന്നാൽ സമരം പുരോഗമിച്ചപ്പോൾ അതിനെ തുരത്തിയത് പോലീസ് ലാത്തിച്ചാർജ്ജ് ചെയ്തോ ജല പീരങ്കി പ്രയോഗിച്ചോ യുക്തിവാദികൾ സംഘടിച്ചെത്തി പ്രതിരോധിച്ചോ അല്ല. ഉച്ചവരെ അതൊക്കെ ആസ്വദിച്ചു നിന്ന സുമനൻ സാർ ‘നിങ്ങൾ വെറുതെ ഇവിടിരുന്നു വെയിലുകൊണ്ട് കരുവാളിച്ചു പോകേണ്ട വാ വീട്ടിൽ കയറി ഇരുന്നു മുദ്രാവാക്യം വിളിച്ചോ’ എന്ന് പറഞ്ഞെങ്കിലും അവർ പിന്മാറാതിരുന്നപ്പോൾ സാർ അപ്പുവിനെ അഴിച്ചുവിട്ടു. അപ്പു സമരപ്പന്തലിലേക്ക് ചാടിവീണ് ഒറ്റയ്ക്ക് പ്രതിരോധിച്ച് സകല പെണ്ണുങ്ങളെയും ഓടിച്ചു. അന്ന് രാത്രി സാറിൻറെ വീടിന് നേരെ കല്ലേറ് ഉണ്ടായി.

എന്നാൽ പവനനെയും പിപി സുമനൻ സാറിനേയും അവരുടെ ജീവിത പങ്കാളികളെയും അപമാനിക്കാൻ അവരുടെ പ്രസ്ഥാനം തന്നെ രണ്ടുതവണ സ്റ്റേജ് കെട്ടിക്കൊടുക്കുകയാണ് ഉണ്ടായതെന്നും, ലോകത്തുതന്നെ സ്വന്തം നേതാക്കളെ അപമാനിക്കാൻ ആദ്യമായി സ്റ്റേജ് കെട്ടിക്കൊടുത്തവർ എന്ന റിക്കോഡിന് അർഹരാണ് പവനന്റെയും സുമനൻ സാറിന്റെയും പ്രസ്ഥാനമെന്നും അത്തരക്കാരേക്കാൾ സ്നേഹവും കൂറും അന്തസും ഉള്ളവനായിരുന്നല്ലോ അപ്പു? എന്നും അതുകൊണ്ടാണ് താൻ അങ്ങിനെ പറഞ്ഞതെന്നു ലിബി പറഞ്ഞു.
ആദ്യം സുമനൻ സാറിന് ആ കലാപരിപാടിയിലെ സ്ത്രീവിരുദ്ധതയൊന്നും മനസിലായില്ല. പിന്നീട് യുക്തിവാദി സ്ത്രീകൾ തന്നെ പ്രതിഷേധിക്കുകയും ആ സിനിമാറ്റിക്ക് കഥാപ്രസംഗ കലാപരിപാടി തടസപ്പെടുത്തുകയുമൊക്കെ ചെയ്തത് അറിഞ്ഞപ്പോഴാണ് സുമനൻ സാറിന് കാര്യം പിടികിട്ടിയത് അതിന് ശേഷം ‘രവിചന്ദ്രൻ പൊക്കം കൂട്ടാൻ നോക്കുന്നത് എൻറെ നെഞ്ചിൽകയറിനിന്നാണെ’ന്ന് വരെ സുമനൻ സാർ പ്രതികരിച്ചിട്ടും ഇതിന് മറുപടിപറയാൻ അദ്ദേഹത്തിൻറെ പ്രസ്ഥാനത്തിൽ ഒരുത്തനും നട്ടെല്ല് ഇല്ലായിരുന്നു എന്ന് മാത്രമല്ല സാമാന്യ മര്യാദ പോലും കാണിക്കാതിരിക്കുകയും ആറു പതിറ്റാണ്ട് കാലത്തോളം യുക്തിവാദമേഖലയിലും സമരമുഖത്തും കോടതികളിലും പോരാടിയ ഒരു മുതിർന്ന പ്രവർത്തകനെ അവഹേളിക്കാൻ വേദികളുണ്ടാക്കിക്കൊടുക്കുകയും ചെയ്തവർ മരണ ശേഷം സുമനൻ സാർ മഹാൻ ആണെന്നൊക്കെ വാഴ്ത്തുന്നതിനെ സുമനൻ സാറിൻറെ പദസമ്പത്തുകളിൽ നിന്ന് കടമെടുത്ത് പറഞ്ഞാൽ ‘ഉത്ഭവദോഷം’ എന്നല്ലാതെ എന്ത് പറയണമെന്ന് ലിബി ചോദിച്ചു.
ഒറ്റയാൾ പോരാട്ടങ്ങളിലൂടേയും നിയമ നടപടികളിലൂടെയും മുഖം നോക്കാതെയുള്ള തുറന്നു പറച്ചിലുകളിലൂടെയുമെല്ലാം ഒരുപാട് ശത്രുക്കളെ നേടിയെടുത്തിട്ടുള്ള സുമനൻ സാറിനോട് ചെയ്തത് ആർക്കൊക്കെ വൈരാഗ്യം തോന്നിയാലും താനല്ലാതെ ആരും തുറന്നു പറയില്ലെന്ന ബോധ്യത്തിൽ നിന്നാണ് ഇത്രയെങ്കിലും പറയണമെന്നു തോന്നിയതെന്നു പറഞ്ഞ ലിബി സ്നേഹ സംവാദത്തിൽ കൂടുതൽ കാര്യങ്ങൾ പറയാമെന്നു പറഞ്ഞെങ്കിലും പരിപാടി വൈകിയാണ് തുടങ്ങിയത് എന്നതിനാൽ സമയം അതിക്രമിച്ചതിനെത്തുടർന്നു അതിന് മറ്റൊരു അവസരം ഉണ്ടാക്കാമെന്ന് തീരുമാനിച്ച് സഹപ്രവർത്തകരുടെ അനുസ്മരണങ്ങൾ മാത്രം നടത്തി അവസാനിപ്പിക്കുകയായിരുന്നു.
ജീവിച്ചിരിക്കുമ്പോൾ അപമാനിക്കുകയും ഉപദ്രവിക്കുകയും മതതീവ്രവാദികൾ പോലും ചെയ്യാത്ത തരത്തിൽ പൊതുവേദിയിൽ പറയാൻപോലും കൊള്ളാത്ത നികൃഷ്ടമായ കാര്യങ്ങൾ വരെ ചെയ്ത ശേഷം അദ്ദേഹം മരിക്കുമ്പോൾ സുമനൻ മഹാനായിരുന്നു പവനൻ മഹാനായിരുന്നു എന്നൊക്കെ പറയുന്നവരേക്കാൾ അന്തസുള്ള സുമനൻ സാറിൻറെ അപ്പുവിനും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് ലിബി തൻറെ അനുസ്മരണം അവസാനിപ്പിച്ചത്.
പിപി സുമനൻ സാറിൻറെ സ്മരണാർത്ഥം ആരംഭിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനം പ്രൊഫ: ഫ്രാൻസിസ് സേവ്യർ നിർവഹിച്ചു, ചേർത്തല ലാഫിയാലു പബ്ലിക്ക് സ്കൂളിന് നിലവിൽ ഉള്ള ലൈബ്രറി ഇപ്പോൾ സംഭാവനയായി കിട്ടിയ പുസ്തകങ്ങൾ കൂടി ഉൾപ്പെടുത്തി ഇന്ന് മുതൽ പിപി സുമനൻ മെമ്മോറിയൽ ലൈബ്രറി ആയി പ്രവർത്തിക്കുമെന്നും, സ്കൂളിന് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൽ പിപി സുമനൻ മെമ്മോറിയൽ ലൈബ്രറിക്ക് സ്ഥിരം സംവിധാനം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.


